പോലീസിനെ തോക്കുചൂണ്ടിയ വാഹനമോഷ്ടാക്കളെ പിടികൂടി

സ്വന്തം ലേഖകൻ

മഞ്ചേശ്വരം : പോലീസിനെ തോക്കുചൂണ്ടി മുൾമുനയിൽ നിർത്തിയ വാഹനമോഷണ സംഘത്തെ മഞ്ചേശ്വരം പോലീസ് സാഹസികമായി കീഴ്്പ്പെടുത്തി. ഇന്നലെ വൈകുന്നേരം 5-45-ന് മഞ്ചേശ്വരം കടമ്പാർ ഭജ്ജയിൽ തോക്കുചൂണ്ടി രണ്ട് ലോറികൾ തട്ടിയെടുത്ത സംഘമാണ് പോലീസിന് നേരെ വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ചത്.

അന്തർ സംസ്ഥാന വാഹന മോഷ്ടാവും, കുപ്രസിദ്ധ ഗുണ്ടയുമായ മഹാരാഷ്ട്ര പാണ്ഡ്യ മുകുന്ദ നഗറിലെ രാഗേഷ് കിഷോർ ഭവിഷ്ക്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ രണ്ട് ലോറികൾ തോക്കുചൂണ്ടി തട്ടിയെടുത്തത്. മഞ്ചേശ്വരം അടുക്കപ്പദവ് കുഞ്ചത്തൂരിലെ രവിയുടെ മകൻ നിഖിൽ 25, ഓടിച്ചിരുന്ന കെ.എൽ 59, 6070 ലോറിയും പിന്നാലെ വന്ന കെ.എൽ 13 എക്സ് 5118 ലോറിയുമാണ് വാഹന മോഷ്ടാക്കൾ ഡ്രൈവർമാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി അടിച്ച് വീഴ്്ത്തിയ ശേഷം മോഷ്ടിച്ചത്.

ലോറികളിലുണ്ടായിരുന്ന 4 മൊബൈൽ ഫോണുകളും സംഘം കവർച്ച ചെയ്തു. വാഹന മോഷണസംഘത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് ഇവരെ പിന്തുടർന്ന് പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് മോഷണ സംഘം മഞ്ചേശ്വരം പോലീസ് ഇൻസ്പെക്ടർ ഏ. സന്തോഷ് കുമാറിനെ തോക്കു ചൂണ്ടി വെടിവെച്ച് കൊല്ലാൻ ശ്രമിച്ചത്.

സംഘത്തെ പോലീസ് അതിസാഹസികമായി കീഴടക്കുകയായിരുന്നു. പ്രതികളിൽ നിന്നും തോക്കുകളും പിടികൂടി. ലോറി തട്ടിക്കൊണ്ടുപോയതിനും മഞ്ചേശ്വരം പോലീസ് ഇൻസ്പെക്ടറെ വെടി വെച്ച് കൊല്ലാൻ ശ്രമിച്ചതിനും പ്രതികൾക്കെതിരെ മഞ്ചേശ്വരം പോലീസ് 2 കേസ്സുകൾ റജിസ്റ്റർ ചെയ്തു.

ഇൻസ്പെക്ടർ ഏ. സന്തോഷ്കുമാറിനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചുവെന്ന പരാതിയിൽ റഹീം മിയാപ്പദവ് 25, രാഗേഷ് കിഷോർ ഭവിഷ്ക്കർ 30, ചികൂർപ്പദവിലെ അബ്ബാസിന്റെ മകൻ മുഹമ്മദ് സഫ്്വാൻ, ഉപ്പള റെയിൽവേ ഗേറ്റിന് സമീപത്തെ കാലായി ഹൗസിൽ ഹനീഫിന്റെ മകൻ സയാഫ് എന്നിവർക്കെതിരെയാണ് മഞ്ചേശ്വരം പോലീസ് വധശ്രമത്തിന് കേസെടുത്തത്.

വാഹന മോഷണ സംഘത്തിൽപ്പെട്ട ഹൈദരലി രാഗേഷ് കിഷോർ ഭവിഷ്ക്കർ, ഇബ്രാഹിം സയാഫ്, മുഹമ്മദ് സഫ്്വാൻ എന്നിവരെ  മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. അന്തർ സംസ്ഥാന ഗുണ്ടാ സംഘത്തിൽപ്പെട്ട രാഗേഷ് കിഷോർ ആയുധക്കടത്ത് സംഘത്തിൽപ്പെട്ടയാളാണെന്നും മഞ്ചേശ്വരം പോലീസ് അറിയിച്ചു. ഇയാൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിലായി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. പൈവളിഗെ കൊമ്മഗള കുര്യയിൽ നിന്നാണ് വാഹന മോഷണത്തെ പോലീസ് പിടികൂടിയത്.

LatestDaily

Read Previous

മുത്തച്ഛനെ തനിച്ചാക്കി പവിത്ര വിട പറഞ്ഞു

Read Next

കല്ലട്ര മാഹിൻഹാജി; പാരമ്പര്യത്തിന്റെ തിളക്കം പിതാവിന്റെ പാരമ്പര്യ തിളക്കത്തിൽ മുസ്്ലീം ലീഗിന് കരുത്തനായ സാരഥി