ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പയ്യന്നൂർ : കുഞ്ഞിമംഗലം മല്ലിയോട്ട് ക്ഷേത്രവളപ്പില്‍ ഉത്സവകാലങ്ങളില്‍ സ്ഥാപിച്ച ബോർഡ് ഇനി വേണ്ടെന്ന് തീരുമാനം. ഇന്നലെ ക്ഷേത്രത്തിലെ കുംഭമാസ സംക്രമ പൂജകൾക്ക് ശേഷമാണ് തീരുമാനം ക്ഷേത്ര സ്ഥാനികൻ നാട്ടുകാരെ അറിയിച്ചത്. ഉത്സവകാലങ്ങളിൽ മുസ്ലീങ്ങള്‍ക്ക് അമ്പലപ്പറമ്പില്‍ പ്രവേശനമില്ല എന്നെഴുതി സ്ഥാപിച്ചിരുന്ന ബോര്‍ഡ് ഈ വര്‍ഷം മുതല്‍ സ്ഥാപിക്കേണ്ടതില്ലെന്നാണ് തീരുമാനം.
നാല് ഊരുകളിലേയും വാല്യക്കാര്‍ ചേര്‍ന്നെടുത്ത തീരുമാനം ക്ഷേത്ര മുഖ്യകര്‍മ്മി ഷിജു മല്ലിയോടനാണ് പ്രഖ്യാപിച്ചത്. മുന്‍കാലങ്ങളിൽ ക്ഷേത്ര പ്രവേശനത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി സ്ഥാപിച്ചിരുന്ന ബോര്‍ഡ് ഇന്നത്തെ കാലഘട്ടത്തിന് യോജിച്ചതല്ലയെന്ന ബോധ്യത്തില്‍ എടുത്തു മാറ്റിയിരുന്നു. എന്നാല്‍ പിന്നീട് ഇതേ വാക്കുകള്‍ രേഖപ്പെടുത്തിയ ബോര്‍ഡ് സ്ഥാപിച്ചത് കുറേ നാളുകളായി വാദപ്രതിവാദങ്ങള്‍ക്കും പ്രദേശത്ത് സംഘർഷത്തിനും ഇടയാക്കിയിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് നടന്ന കാഴ്ചക്കമ്മിറ്റിയുടെ യോഗത്തില്‍ ഇതേ വിഷയമുയര്‍ന്നത് സംഘര്‍ഷത്തില്‍ കലാശിക്കുകയും പരാതിയിൽ 19 പേർക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്ത സംഭവവുമുണ്ടായിരുന്നു. സംഘര്‍ഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇന്നലെ നടന്ന സംക്രമ പൂജക്ക് പയ്യന്നൂർ പോലീസ് ഡിവിഷനിലെ സ്‌റ്റേഷനുകളിൽ നിന്ന് പോലീസുകാരെ സ്ഥലത്തെത്തിച്ച് കനത്ത സുരക്ഷയേര്‍പ്പെടുത്തുകയുമുണ്ടായി.
ഇന്നലെ സംക്രമ പൂജക്ക് ശേഷം ചേര്‍ന്ന വാല്യക്കാരുള്‍പ്പെടുന്ന ക്ഷേത്രക്കമ്മിറ്റി യാണ് ബോർഡ് മാറ്റാൻ ഐക്യകണ്ഠേന തീരുമാനമെടുത്തത്.മല്ലിയോട്ടച്ചന്‍ ഈ തീരുമാനം പ്രഖ്യാപിച്ചതോടെ കുറെനാളുകളായി പുകഞ്ഞുകൊണ്ടിരുന്ന പ്രശ്‌നങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിരാമമായി.
അതേസമയം മതസ്പർദ്ധ യുണ്ടാക്കുന്ന രീതിയിലും നാട്ടിൽ കലാപമുണ്ടാക്കുന്നതിനും സമൂഹ മാധ്യമങ്ങളില്‍ പ്രചരണം നടത്തിയതായുള്ള കുഞ്ഞിമംഗലത്തെ എം. ലിഗേഷിന്റെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്ത കുഞ്ഞിമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ ആർ.എസ്.എസ്. പ്രവർത്തകൻ കാളിയാടന്‍ പ്രകാശനെ 45, കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.