പാലക്കുന്നിൽ ഹോട്ടൽ വ്യാപാരം റോഡിന് മുകളിൽ

സ്റ്റാഫ് ലേഖകൻ

ഉദുമ: ഉദുമ ഗ്രാമപഞ്ചായത്ത് പരിധിയിൽ മത്സ്യ വ്യാപാരത്തിന് പുറമെ ഹോട്ടൽ വ്യാപാരവും റോഡിന് മുകളിൽ. ഉദുമ ടൗൺ മുതൽ തെക്ക് ബേക്കൽ പുഴ വരെയുള്ള ഗ്രാമപഞ്ചായത്തിൽ കെഎസ്ടിപി റോഡിന് ഇരുവശവും മൊത്തം അനധികൃത ഹോട്ടലുകൾ ഒന്നിനൊന്ന്  മത്സരിച്ച് പ്രവർത്തിക്കുന്നു.

വൈകുന്നേരം നാല് മണിയോടെ പ്രവർത്തന സജ്ജമാകുന്ന ഇത്തരം ഹോട്ടലുകൾക്ക് ഗ്രാമ പഞ്ചായത്തിന്റെ അനുമതിയോ നിയന്ത്രണമോ ഒന്നും തന്നെയില്ല. ഹോട്ടലുകൾ  പ്രവർത്തിപ്പിക്കണമെങ്കിൽ ഗ്രാമപഞ്ചായത്തിൽ നിന്നുള്ള അനുമതിക്ക് പുറമെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അനുമതി കൂടി നിർബന്ധമാണെങ്കിലും, ഉദുമ ഗ്രാമപഞ്ചായത്തിൽ നിലവിൽ  റോഡുവക്കിൽ  പ്രവർത്തിക്കുന്ന   ഹോട്ടലുകൾക്കൊന്നും ഈ നിയമം തൊട്ടു തീണ്ടിയിട്ടില്ല.

ബേക്കൽ പുഴയോരം മുതൽ തെക്കോട്ട് കെഎസ്ടിപി റോഡിൽ കളനാട് റെയിൽ മേൽപ്പാലം വരെ   മുപ്പത്തിയഞ്ചോളം അനധികൃത ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവയെല്ലാം ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണങ്ങൾക്ക് പുറത്താണ്. മാത്രമല്ല, ഇത്തരം ഹോട്ടലുകളുടെ അടുക്കളകൾ  നേരിട്ട് കണ്ടാൽ ഛർദ്ദിക്കാൻ തോന്നും. അത്രയ്ക്ക് വിഷലിപ്തമായ രീതിയിലാണ് ഒട്ടുമുക്കാൽ ഹോട്ടലുകളും പ്രവർത്തിക്കുന്നത്.

ഗ്രാമപഞ്ചായത്തിൽ  ജനപ്രതിനിധികളെ ഉൾക്കൊള്ളിച്ചുള്ള   ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി നിലവിലുണ്ടെങ്കിലും, സിപിഎം ഭരിക്കുന്ന  ഗ്രാമപഞ്ചായത്ത് ഭരണസമിതി ഇന്നുവരെ ഇത്തരം ഹോട്ടലുകളിൽ ഒരിക്കൽ പോലും മിന്നൽ പരിശോധന നടത്താത്തത് അത്ഭുതമാണ്.

ഹോട്ടലുകളിൽ അധികൃതരുടെ പരിശോധന ഇല്ലാത്തതു കൊണ്ടുതന്നെ ഒട്ടുമുക്കാൽ ഹോട്ടലുകളും വൃത്തിഹീനമായ ചുറ്റുപാടുകളിലാണ് പ്രവർത്തിക്കുന്നത്. റോഡരികിൽ പ്രവർത്തിക്കുന്ന  അനധികൃത ഹോട്ടലുകളിലേക്ക് വെള്ളം ശേഖരിക്കുന്നത്  ഹോട്ടൽ പരിസരത്ത് ഉപേക്ഷിച്ചു കിടക്കുന്ന കിണറുകളിൽ നിന്നാണ്. ഇത്തരം കിണറുകൾ മിക്കവാറും മലിനമാക്കപ്പെട്ടു കിടക്കുന്നവയായിരിക്കും. ഇത്തരം ഹോട്ടലുകളിൽ നിന്ന് പച്ചവെള്ളം കുടിച്ചാൽ പോലും അത് കടുത്ത ആരോഗ്യ പ്രശ്നമുണ്ടാക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.

LatestDaily

Read Previous

ഷേത്രത്തിന് മുന്നിലുള്ള മത വിവേചന ബോർഡ് മാറ്റും

Read Next

പരിചരിക്കാനെത്തി സ്വർണ്ണം കവർന്നു; യുവാക്കൾ റിമാൻഡിൽ