മടിക്കൈ നാടിന്റെ വാഴകൃഷി പെരുമയെ തള്ളിപ്പറഞ്ഞ് കൃഷിമന്ത്രി പ്രസാദ്

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : മടിക്കൈ വാഴകൃഷിക്ക് അനുയോജ്യമല്ലെന്ന കൃഷിമന്ത്രിയുടെ പ്രസ്താവനയോടെ വെട്ടിലായത് കാഞ്ഞങ്ങാട് എംഎൽഏ ഇ. ചന്ദ്രശേഖരൻ. മടിക്കൈയിൽ വാഴകൃഷി നശിച്ചവർക്ക് നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് മടിക്കൈ വാഴകൃഷിക്ക് അനുയോജ്യമല്ലെന്ന് കൃഷിമന്ത്രി പി. പ്രസാദ് മറുപടി നൽകിയത്.

ജില്ലയിൽ ഏറ്റവും കൂടുതൽ വാഴകൃഷി നടക്കുന്ന പ്രദേശമാണ് മടിക്കൈ. പതിറ്റാണ്ടുകളിലായി മടിക്കൈയിലെ കർഷകർ വാഴകൃഷി നടത്തുന്നുണ്ട്. അയൽ സംസ്ഥാനങ്ങളിലേക്കടക്കം വാഴക്കുല കയറ്റിയയക്കുന്ന മടിക്കൈയുടെ പെരുമയെ ഇടിച്ചു താഴ്ത്തുന്ന വിധത്തിലാണ് കൃഷിമന്ത്രിയുടെ പ്രസ്താവന. കനത്ത മഴയിൽ തുടർച്ചയായി കൃഷി നാശമുണ്ടായതോടെ മടിക്കൈയിലെ വാഴ കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. വാഴ മടിക്കൈയുടെ ദേശീയ കൃഷിയാണെന്ന് തന്നെ വിശേഷിപ്പിക്കാം.

സ്വന്തമായി പത്ത് നേന്ത്ര വാഴകളെങ്കിലുമില്ലാത്തവർ മടിക്കൈയിലുണ്ടാകില്ല. സിപിഎം ശക്തികേന്ദ്രമായ മടിക്കൈയിലെ കർഷകർ വാഴയ്ക്ക് നൽകുന്ന ജൈവ രാസവളങ്ങൾക്കും വെള്ളത്തിനും പുറമെ സ്വൽപ്പം വിപ്ലവം കൂടി മേമ്പൊടിയായി ചേർക്കുന്നുണ്ട്. സംസ്ഥാനത്ത് തുടർച്ചയായുണ്ടാകുന്ന അതി വർഷത്തിൽ എല്ലായിടത്തും സംഭവിച്ച കൃഷിനാശം തന്നെയാണ് മടിക്കൈയിലും ഉണ്ടാകാറുള്ളത്.

മടിക്കൈ വാഴകൃഷിക്ക് അനുയോജ്യമല്ലെന്ന  കൃഷി മന്ത്രിയുടെ പ്രസ്താവന പ്രദേശം സന്ദർശിക്കുക കൂടി ചെയ്യാതെയാണ്. മന്ത്രിയുടെ പ്രസ്താവനക്കെതിരെ മടിക്കൈയിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. ഇൗ പ്രതിഷേധങ്ങൾക്കെല്ലാം കാഞ്ഞങ്ങാട് എംഎൽഏ ഇ. ചന്ദ്രശേഖരൻ മറുപടി പറയേണ്ടി വരും. സിപിഐയ്ക്ക് ശക്തിയില്ലാത്ത കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ മടിക്കൈ പോലുള്ള സിപിഎം ശക്തി കേന്ദ്രങ്ങളിലെ പാർട്ടി പ്രവർത്തകരുടെ വിയർപ്പാണ് ഇ. ചന്ദ്രശേഖരന്റെ എംഎൽഏ സ്ഥാനം.

ബാങ്ക് വായ്പയെടുത്തും സ്വർണ്ണം പണയം വെച്ചും പണം പലിശയ്ക്ക് വാങ്ങിയുമൊക്കെയാണ് മടിക്കൈയിലെ കർഷകർ വാഴകൃഷി നടത്തുന്നത്. തുടർച്ചയായ കൃഷിനാശം മൂലം ദുരിതത്തിലായ മടിക്കൈയിലെ കർഷകർക്ക് സർക്കാരിന്റെ നഷ്ടപരിഹാരത്തിലായിരുന്നു പ്രതീക്ഷയെങ്കിലും കൃഷി മന്ത്രിയുടെ നിലപാട് അവരെ നിരാശയിലാഴ്ത്തിയിട്ടുണ്ട്. മടിക്കൈയിലെ വാഴകർഷകരുടെ ചോദ്യങ്ങൾക്ക് ഇ. ചന്ദ്രശേഖരൻ എംഎൽഏ മറുപടി പറയേണ്ടിവരും

LatestDaily

Read Previous

പതിമൂന്നുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി റിമാന്റിൽ

Read Next

ഒറ്റനമ്പർ വിലാസിനി വിലസുന്നു