ചന്ദനത്തൈലം വെള്ളമായ കേസ്സിൽ ഇരയാക്കപ്പെട്ട  മുൻ പോലീസുദ്യോഗസ്ഥന്റെ നിയമ പോരാട്ടത്തിന് കാൽനൂറ്റാണ്ട് 

സ്വന്തം ലേഖകൻ

നീലേശ്വരം: കാൽ നൂറ്റാണ്ടിലധികമായി നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് നീലേശ്വരം പള്ളിക്കരയിലെ വാഴവളപ്പിൽ കുമാരൻ. മേലുദ്യോഗസ്ഥന്റെ ചതിയിൽ ജീവിതം തന്നെ തുലഞ്ഞ കഥയാണ് കുമാരന്റേത്. പോലീസ് സേനയിൽ ജോലി ചെയ്തിരുന്ന വി.വി. കുമാരനെ ചതിച്ചത് മേലുദ്യോഗസ്ഥനായ സർക്കിൾ ഇൻസ്പെക്ടർ എം.എം. ജോസഫാണ്.

1985-ൽ പോലീസ് സേനയിലെത്തിയ വി.വി. കുമാരൻ കാസർകോട് പോലീസ് സ്റ്റേഷനിൽ ജോലിയിൽ പ്രവേശിച്ചതോടെയാണ് അദ്ദേഹത്തിന്റെ ജീവിതം തന്നെ തകിടം മറിഞ്ഞത്. 1993-ൽ നായന്മാർ മൂലയിലെ ചന്ദന ഫാക്ടറിയുടമ അബ്ദുള്ള ഹാജിയുടെ വീട്ടിൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്തിയ പോലീസ് വീട്ടിൽ നിന്നും 125 കിലോ ചന്ദനത്തൈലം പിടിച്ചെടുത്തതോടെയാണ് കുമാരന്റെ ജീവിതം തുലച്ച ചതിയുടെ ഒന്നാം ഘട്ടം.

പോലീസ് പിടിച്ചെടുത്ത 5 ബാരൽ ചന്ദനത്തൈലം അന്നത്തെ കാസർകോട് സർക്കിൾ ഇൻസ്പെക്ടർ എം.എം. ജോസഫിന്റെ നിർദ്ദേശത്തെ തുടർന്ന് സ്റ്റേഷനിലെത്തിയ സംഘത്തിന് കുമാരൻ കൈമാറിയിരുന്നു. സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടിയിലായിരുന്ന കുമാരൻ സിഐ പറഞ്ഞ പ്രകാരം സ്റ്റേഷനിലെത്തിയവർക്ക് ഒന്നാന്തരം ചന്ദനത്തൈലമടങ്ങിയ ബാരലുകൾ കൈമാറുകയും പകരം അവർ കൊണ്ടുവന്ന ബാരലുകൾ വാങ്ങി സ്റ്റേഷനിൽ സൂക്ഷിക്കുകയുമായിരുന്നു.

ചന്ദനത്തൈലത്തിന്റെ സാമ്പിളെടുക്കാൻ പിറ്റേദിവസം ബാരലുകൾ തുറന്നപ്പോഴാണ് ബാരലുകളിൽ ചന്ദനത്തൈലത്തിന് പകരം പച്ചവെള്ളമാണെന്ന് കണ്ടെത്തിയത്. ചന്ദനത്തൈലം പച്ചവെള്ളമായ ജാലവിദ്യയിൽ വി.വി. കുമാരനെ സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്തതാണ് കഥയുടെ രണ്ടാം ഘട്ടം. തന്റേതല്ലാത്ത കുറ്റത്തിന് ജോലി നഷ്ടപ്പെട്ട കുമാരൻ അന്ന് തുടങ്ങിയ നിയമ പോരാട്ടം 26 വർഷം പിന്നിട്ടു. 2018-ൽ എസ്ഐ റാങ്കിൽ സേവനത്തിൽ നിന്ന് വിരമിക്കേണ്ട കുമാരൻ ജീവിക്കാൻ മാർഗ്ഗമില്ലാതെ ഇപ്പോഴും ബുദ്ധിമുട്ടുകയാണ്.

വി.വി. കുമാരനെതിരായ കേസിൽ അദ്ദേഹത്തെ കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ത്രേട്ട് കോടതി കുറ്റവിമുക്തനാക്കിയിരുന്നുവെങ്കിലും, അദ്ദേഹത്തെ പിരിച്ചുവിട്ടാണ് ആഭ്യന്തര വകുപ്പ് പക തീർത്തത്. വി.വി. കുമാരന് നഷ്ടപരിഹാരം നൽകണമെന്ന വിധിക്കെതിരെ ആഭ്യന്തര വകുപ്പ് നൽകിയ അപ്പീൽ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. നീതിക്കുവേണ്ടിയുള്ള യുദ്ധത്തിനിടയിൽ വിവാഹം കഴിക്കാൻ പോലും മറന്ന ഇദ്ദേഹം ജീവിതത്തിലും ഒറ്റയ്ക്കായി.

ഇദ്ദേഹത്തോടൊപ്പം ചന്ദനത്തൈലക്കേസ്സിൽ കുറ്റാരോപിതരായ പോലീസുദ്യോഗസ്ഥരെ സേനയിൽ തിരിച്ചെടുത്തിരുന്നുവെങ്കിലും, കുമാരനോട് മാത്രമാണ് ആഭ്യന്തര വകുപ്പ് നീതികേട് കാണിച്ചത്. ഒരു കോടിയിലധികം വരുന്ന  ശമ്പളാനുകൂല്യങ്ങൾക്ക് ഇദ്ദേഹം കോടതി കയറിയിറങ്ങുകയാണ്. ഏറ്റവുമൊടുവിൽ ഇദ്ദേഹം മനുഷ്യാവകാശ കമ്മീഷന് കൊടുത്ത പരാതിയിൽ കേസെടുത്തിട്ടുണ്ട്.

പിടിച്ചെടുത്ത ചന്ദനത്തൈല ബാരലുകൾക്ക് പകരം പച്ചവെള്ളം നിറച്ച ബാരലുകൾ പോലീസ് സ്റ്റേഷനിലെത്തിക്കാൻ ചന്ദന ഫാക്ടറിയുടമയ്ക്ക് നിർദ്ദേശം നൽകിയത് അന്നത്തെ കാസർകോട് സിഐ, എം.എം. ജോസഫാണെങ്കിലും ബലിയാടായത് ഇതൊന്നുമറിയാത്ത വി.വി. കുമാരനാണ്.

വിജിലൻസ് റെയ്ഡിൽ നിന്നും രക്ഷപ്പെടാൻ കൈക്കൂലിപ്പണം വിഴുങ്ങിയ പോലീസുദ്യോഗസ്ഥൻ കൂടിയാണ് എം.എം. ജോസഫ്. അടുത്തകാലം വരെ കൂലിപ്പണിയെടുത്ത് ജീവിച്ചിരുന്ന വി.വി. കുമാരന് ഇപ്പോൾ അനാരോഗ്യം മൂലം  ജോലിക്ക് പോകാനും കഴിയുന്നില്ല. സ്വന്തം സേനയിൽപ്പെട്ട ഒരുദ്യോഗസ്ഥനെ വഴിയാധാരമാക്കിയ ആഭ്യന്തര വകുപ്പിന് ഇനിയെങ്കിലും ഇദ്ദേഹത്തിന് ലഭിക്കേണ്ട നഷ്ടപരിഹാരം നൽകാൻ ബാധ്യതയുണ്ട്.

LatestDaily

Read Previous

ഉദ്യോഗസ്ഥനെ കൊണ്ട് ചെരുപ്പ് പിടിപ്പിച്ചു; ആന്ധ്ര ടൂറിസം മന്ത്രി വിവാദത്തിൽ

Read Next

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു