Breaking News :

നീലേശ്വരത്ത് സമാന്തര ബാർ; എക്സൈസ് ഒത്താശ

സ്വന്തം ലേഖകൻ

നീലേശ്വരം : നീലേശ്വരം കോൺവെന്റ് ജംഗ്ഷന് സമീപത്തെ വീട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സമാന്തര ബാറിന് നീലേശ്വരം പോലീസിന്റെയും എക്സൈസിന്റെയും ഒത്താശ. ഇരുപത്തിനാല് മണിക്കൂറും മദ്യം ലഭിക്കുന്ന സമാന്തര ബാർ വർഷങ്ങളായി നീലേശ്വരം ടൗണിന് നടുവിൽ പ്രവർത്തിക്കുമ്പോഴും നിയമ പാലകർ കണ്ണും പൂട്ടിയിരിപ്പാണ്.

കോൺവെന്റ് ജംഗ്ഷൻ-ചാളക്കടവ് റോഡിന് സമീപം സിപിഎം നീലേശ്വരം ഏരിയാ കമ്മിറ്റി ഓഫീസിന് തൊട്ടടുത്താണ് സമാന്തര മദ്യവിൽപ്പന കേന്ദ്രം. പുലർച്ചെ മുതൽ പ്രവർത്തനമാരംഭിക്കുന്ന സമാന്തര ബാറിൽ ഏത് സമയത്ത് ചെന്നാലും മദ്യം ലഭ്യമാകും. സ്ഥിര മദ്യപാനികളായവർ പുലർച്ചെ വിറയൽ മാറ്റാൻ മദ്യം കഴിക്കാനെത്തുന്നത് വീട് കേന്ദ്രീകരിച്ച് നടത്തുന്ന ഇൗ സമാന്തര ബാറിലേക്കാണ്.

ഇൗ സമാന്തര ബാറിന് നീലേശ്വരം പോലീസിന്റെയും എക്സൈസിന്റെയും അനുഗ്രഹാശിസുകളുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. വർഷങ്ങളായി നടന്നുവരുന്ന സമാന്തര മദ്യവിൽപ്പന കേന്ദ്രത്തിൽ കാര്യമായ പോലീസ് പരിശോധനയൊന്നും ഉണ്ടാകാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. സമാന്തര മദ്യ മാഫിയയിൽ നിന്നും പോലീസും എക്സൈസും മാസപ്പടി പറ്റുന്നതായും നാട്ടുകാർ സംശയിക്കുന്നു. നീലേശ്വരത്തെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലൊന്നാണ് കോൺവെന്റ് ജംഗ്ഷനും പരിസര പ്രദേശങ്ങളും.

കോൺവെന്റ് ജംഗ്ഷനിൽ നിന്നും ചാളക്കടവ് ഭാഗത്തേക്ക് പോകുന്ന തിരക്കേറിയ റോഡിനരികിലെ വീട്ടിൽ നടക്കുന്ന സമാന്തര മദ്യക്കച്ചവടം പോലീസിന്റെ മൗനാനുവാദത്തോടെയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഏതുസമയത്തും മദ്യം ലഭിക്കുമെന്നതിനാൽ ടൗണിന് നടുവിലെ സമാന്തര ബാറിനെ നാട്ടുകാർ ഏ.ടി.എം എന്നാണ് ഓമനപ്പേരിട്ട് വിളിക്കുന്നത്. എനി ടൈം മദ്യം എന്നതാണ് ടൗണിന് നടുവിൽ പ്രവർത്തിക്കുന്ന സമാന്തര ബാറിന്റെ പ്രത്യേകത.

Read Previous

ഓസ്ട്രേലിയൻ വിസ വാഗ്ദാനം ചെയ്ത് വൻതട്ടിപ്പ്

Read Next

ജയശങ്കറിന് പിന്നാലെ ഡോവലും; പുടിനുമായി കൂട്ടിക്കാഴ്ച നടത്തി