എൻഡോസൾഫാൻ പെൺകുട്ടി മരിച്ചു, ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം വൈകിപ്പിച്ചു

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട് : എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടികയിലുൾപ്പെട്ട ആനന്ദാശ്രമം റോട്ടറി സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥിനി മരിച്ചു.  അജാനൂർ മൂലക്കണ്ടത്തെ ഡ്രൈവർ ഉമ്മറിന്റെയും ജമീലയുടെയും മകൾ സസിയയാണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചയോടടുത്താണ് സസിയ രോഗബാധിതയായത്. അസുഖം കൂടിയായതിനാൽ നഗരത്തിലെ സ്വകാര്യാശുപത്രിയിലെത്തിച്ചുവെങ്കിലും പിന്നീട് ജില്ലാ ആശുപത്രിയിലെത്തും മുമ്പേ മരണപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തും മുമ്പേ മരണപ്പെട്ടതിനാൽ പോസ്റ്റ്മോർട്ടം വേണമെന്ന നിർദ്ദേശത്തെത്തുടർന്ന് ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനായി എത്തിച്ചപ്പോഴേയ്ക്കും സമയം വൈകുന്നേരം മൂന്നരയായിരുന്നു.

നാല് മണിക്ക് മുമ്പേ തന്നെ പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചെങ്കിലും സമയം വൈകിയതിനാൽ പോസ്റ്റ്മോർട്ടം ചെയ്യാനാവില്ലെന്ന് ഡോക്ടർ ശഠിച്ചതിനെത്തുടർന്ന് കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ നിന്ന് കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയ രേഖയിൽ ഡോക്ടറുടെ ഒപ്പും സീലുമില്ലാത്തതിനാൽ ജനറൽ  ആശുപത്രിയിലും പോസ്റ്റ്മോർട്ടം വൈകി. തുടർന്ന് എൻഡോസൾഫാൻ സെല്ലിൽ നിന്നുള്ള നിർദ്ദേശ പ്രകാരമാണ് ഇന്നലെ രാത്രി പോസ്റ്റ്മോർട്ടം നടത്തിയത്.

പോസ്റ്റ്മോർട്ടത്തിന് ശേഷം മൂലക്കണ്ടത്തെ വസതിയിലെത്തിച്ച ഭൗതിക ശരീരം അർദ്ധരാത്രിയോടെ മറവുചെയ്തു. മുഹമ്മദ് റിയാസ്, നൗഷിബ എന്നിവർ സഹോദരങ്ങൾ. റോട്ടറി സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ ബീന സുകുവിന്റെ നേതൃത്വത്തിൽ അധ്യാപകരും, വിദ്യാർത്ഥികളും, പെയ്ഡ് ജില്ലാ പ്രസിഡണ്ട് ടി. മുഹമ്മദ് അസ്്ലമും മൂലക്കണ്ടത്തെ വസതിയിലെത്തി സസിയയുടെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി.

Read Previous

പോക്സോ കേസിൽ ആംബുലൻസ്  ഡ്രൈവർ അറസ്റ്റിൽ

Read Next

ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്