നീലേശ്വരത്ത് ഇങ്ങനെയൊക്കെയാണ്  ഭായ്..

സ്വന്തം ലേഖകൻ

നീലേശ്വരം : നീലേശ്വരം നഗരസഭാ ബസ് സ്റ്റാന്റിലെ തിരക്കേറിയ സ്ഥലത്ത് മത്സ്യക്കച്ചവടം പൊടിപൊടിക്കുമ്പോഴും നഗരസഭാധികൃതരും പോലീസും അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്ന് പൊതുജനങ്ങളുടെ പരാതി. ബസ് സ്റ്റാന്റിനകത്ത് ബസ് നിർത്തിയിടുന്നിടത്ത് തന്നെയാണ് വൈകുന്നേരങ്ങളിലെ മീൻകച്ചവടം.

കാലപ്പഴക്കത്തിന്റെ േപരിൽ നീലേശ്വരം നഗരസഭ പൊളിച്ചുകളഞ്ഞ ബസ് സ്റ്റാന്റിന് പകരം നിർമ്മിച്ച തകരപ്പാട്ട ബസ് സ്റ്റാന്റിൽ നിന്നുതിരിയാൻ സ്ഥലമില്ലാത്തിടത്താണ് വൈകുന്നേരങ്ങളിൽ മീൻ കച്ചവടം നടക്കുന്നത്. നാഥനില്ലാക്കളരിയായ നീലേശ്വരം നഗരസഭയിൽ മീൻ കച്ചവടത്തിന് മാർക്കറ്റുണ്ടെങ്കിലും നഗരസഭയെ പേടിക്കേണ്ടാത്തതിനാൽ ആർക്കും എന്തും ചെയ്യാമെന്ന അവസ്ഥയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

നീലേശ്വരം സ്വദേശികൾ കോഴിക്കൂടെന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന നഗരസഭാ ബസ് സ്റ്റാന്റിൽ രാവിലെയും വൈകുന്നേരങ്ങളിലും കാൽ കുത്താൻ പോലും  ഇടമുണ്ടാകാറില്ല. ബസ് സ്റ്റാന്റിനകത്തെ തിരക്കിനിടയിൽ നടക്കുന്ന മത്സ്യക്കച്ചവടം നിയന്ത്രിക്കാൻ നഗരസഭാധികൃതർ നടപടിയൊന്നുമെടുത്തിട്ടുമില്ല. നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിലും, ടൗണിലെ മേൽപ്പാലത്തിന് കീഴിലും മത്സ്യ വിൽപ്പന നടത്താൻ നഗരസഭ അനുവാദം നൽകിയിട്ടുണ്ടെങ്കിലും പലയിടത്തും അനധികൃത മത്സ്യ വിൽപ്പന പൊടിപൊടിക്കുന്നുണ്ട്.

അടിക്കടി ഗതാഗതക്കുരുക്കുണ്ടാകുന്ന ജില്ലയിലെ ഏക ടൗണാണ് നീലേശ്വരം. രാജാറോഡിലുണ്ടാകുന്ന ഗതാഗത സ്തംഭനങ്ങൾ പരിഹരിക്കാൻ നീലേശ്വരം നഗരസഭ ഇന്നേവരെ ശ്രമങ്ങളൊന്നും നടത്തിയിട്ടുമില്ല. രാജാറോഡ് വികസനത്തെക്കുറിച്ചുള്ള പരാതികൾക്ക് പതിറ്റാണ്ടുകളുടെ പഴക്കം തന്നെയുണ്ട്. കത്താത്ത തെരുവിളക്കുകളും പൊട്ടിപ്പൊളിഞ്ഞ റോഡുകളും ഫുട്പാത്തുകളുമുള്ള നീലേശ്വരത്ത് പ്രാണ ഭയമില്ലാതെ ആർക്കും ജീവിക്കാനാകില്ലെന്ന അവസ്ഥയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

LatestDaily

Read Previous

ബസിൽ നിന്നും തെറിച്ചു വീണയാൾ മരിച്ചു

Read Next

യുവാവിനെതിരെ നരഹത്യാശ്രമക്കേസ്