ഓപ്പറേഷൻ ആഗിൽ കുടുങ്ങിയത് 113 പേർ , ചന്തേരയിൽ പിടിയിലായത് 25 പേർ

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ: സാമൂഹ്യ  വിരുദ്ധർക്കും ഗുണ്ടാ സംഘങ്ങൾക്കുമെതിരെ ഡിജിപി അനിൽകാന്ത് പ്രഖ്യാപിച്ച ആഗ് ഓപ്പറേഷനിൽ ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും പിടികൂടിയത് 25 പേരെ. ഇതിൽ 5 പേർ പിടികിട്ടാപ്പുള്ളികളാണ്. പിടിയിലായവരിൽ കാപ്പ പ്രകാരം ജയിലിൽക്കിടന്നവരുമുണ്ട്.

തൃക്കരിപ്പൂർ, ഉടുമ്പുന്തല, പൊറോപ്പാട്, ഉദിനൂർ, മുതിരക്കൊവ്വൽ, കുളങ്ങാട്ട്മല, കൈതക്കാട്, ചെറുവത്തൂർ എന്നിവിടങ്ങളിൽ ശനിയാഴ്ച രാത്രി മുതൽ ഇന്നലെ വൈകുന്നേരം വരെ നടന്ന റെയ്ഡിലാണ് ഗുണ്ടാലിസ്റ്റിൽപ്പെട്ടവർ അറസ്റ്റിലായത്. ചന്തേര ഐ.പി, പി. നാരായണന്റെ നേതൃത്വത്തിലാണ്  പോലീസ് സ്റ്റേഷൻ പരിധിയിൽ റെയ്ഡ് നടന്നത്.

ഡിജിപിയുടെ നിർദ്ദേശ പ്രകാരം കാസർകോട്ട് പോലീസ് ചീഫ്. ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ഡിവൈഎസ്പിമാരായ പി. ബാലകൃഷ്ണൻ നായർ, സി.കെ. സുനിൽകുമാർ, അബ്ദുൽ റഹീം എന്നിവരടങ്ങുന്ന സംഘം ഇന്നലെ ജില്ലയിൽ നടത്തിയ പരിശോധനയിൽ 113  പേരെയാണ്  പിടികൂടിയത്. പിടിയിലാവരിലേറെയും നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതികളാണ്.

സാമൂഹ്യ വിരുദ്ധരും ഗുണ്ടകളുമടങ്ങുന്ന 422 പേരുടെ ലിസ്റ്റാണ് ജില്ലാ പോലീസ് തയ്യാറാക്കിയിരിക്കുന്നത്. മയക്കുമരുന്ന് കടത്ത് കേസ്സിലടക്കം പ്രതികളായവരും ലിസ്റ്റിലുണ്ട്. ക്രിമിനൽ ഗുണ്ടാ സംഘങ്ങൾക്കെതിരായ നടപടി വരും ദിവസങ്ങളിലും തുടരും. കഴിഞ്ഞ വർഷം 1554 പേരെയാണ് മയക്കുമരുന്ന് കേസ്സിൽ പിടികൂടിയത്. ചന്തേര പോലീസ്സിന്റെ റൗഡി ലിസ്റ്റിൽപ്പെട്ട 4 പേർ വിദേശത്താണ്.

Read Previous

ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Read Next

‘ചക്കര’ പ്രയോഗം; മമ്മൂട്ടിയുടെ പരാമർശം സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നു