നീതുവിന്റെ ഘാതകൻ അറസ്റ്റിൽ, മൃതദേഹത്തോടൊപ്പം 2 ദിവസം കിടന്നുറങ്ങി

സ്വന്തം ലേഖകൻ

ബദിയഡുക്ക: ബദിയഡുക്ക എൽക്കാനയിൽ നടന്ന കൊലപാതകത്തിൽ പോലീസ് പിടിയിലായ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയാണ് അറസ്റ്റ് വിവരം മാധ്യമങ്ങളെ അറിയിച്ചത്.

കൊല്ലം കൊട്ടിയം സ്വദേശിനിയായ നീതുകൃഷ്ണയെ 30, കൊലപ്പെടുത്തി ഒളിവിൽപ്പോയ കൂട്ടാളി ആന്റോ സെബാസ്റ്റ്യനെ 40, കഴിഞ്ഞ ദിവസമാണ് ബദിയഡുക്ക പോലീസ് തിരുവനന്തപുരം തമ്പാനൂരിലെ  ലോഡ്ജിൽ നിന്നും പിടികൂടിയത്. ബദിയഡുക്ക പോലീസ് റജിസ്റ്റർ ചെയ്ത കൊലക്കേസ്സിൽ പ്രതിയായ ആന്റോയെ ഇന്ന് രാവിലെ ജില്ലാ പോലീസ് ആസ്ഥാനത്തെത്തിച്ചു.

ബദിയഡുക്ക പോലീസ് ഇൻസ്പെക്ടറുടെ ചുമതലയുള്ള പി. പ്രേംസദൻ, എസ്ഐ, കെ.പി. വിനോദ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം പ്രതിയെ തിരുവനന്തപുരത്ത് പിടികൂടിയത്. ബദിയഡുക്കയിലെ എൽക്കാനയിൽ റബ്ബർ തോട്ടത്തിൽ ടാപ്പിംഗ് ജോലിക്കായി 2022 നവംബർ മാസത്തിലാണ് ആന്റോ സെബാസ്റ്റ്യൻ നീതുവിനൊപ്പമെത്തിയത്.

ഫെബ്രുവരി 1-ന് ഉച്ചയോടെയാണ് നീതുകൃഷ്ണയെ എൽക്കാനയിലെ റബ്ബർ തോട്ടത്തിന് നടുവിലുള്ള വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. നീതുവിനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തിൽ കുരുക്കിട്ട് മുറുക്കി ശ്വാസം മുട്ടിച്ചാണ് ആന്റോ കൊന്നത്. മൃതദേഹത്തിനൊപ്പം ഇയാൾ രണ്ടു ദിവസം കിടന്നുറങ്ങിയതായും പോലീസ് അന്വേഷണത്തിൽ വ്യക്തമായി. നീതു തന്നോട് വഴക്കിട്ട് കൊല്ലത്തേക്ക് പോയെന്നാണ് ആന്റോ എസ്റ്റേറ്റ് മാനേജരെ അറിയിച്ചത്.

മൃതദേഹം വീട്ടിൽ നിന്നും പുറത്തേക്ക് കൊണ്ടുപോയി മറവ് ചെയ്യാനും ആന്റോ ശ്രമിച്ചിരുന്നതായി പോലീസിന് സൂചന ലഭിച്ചു. മൃതദേഹം ഒറ്റയ്ക്ക് കെട്ടിത്തൂക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. ഇരുവരും വർഷങ്ങളായി ഒരുമിച്ച് കഴിഞ്ഞിരുന്നവരാണെന്ന് ബദിയഡുക്ക  പോലീസ് കണ്ടെത്തിയിട്ടുണ്ട്.

LatestDaily

Read Previous

തമിഴ്‌നാട്ടില്‍ സൗജന്യ സാരി വിതരണം; തിക്കിലും തിരക്കിലും പെട്ട് 4 മരണം, 10 പേർക്ക് പരിക്ക്

Read Next

നീലേശ്വരം സഹകരണ ബാങ്ക് നിയമനത്തിൽ മുസ്ലീം ലീഗ് ഉടക്കി