സ്വന്തം ലേഖകൻ
പെരിയ : പാറപ്പള്ളി വാഹനാപകടത്തിന്റെ നടുക്കം വിട്ടുമാറും മുമ്പ് ജില്ലയിൽ വീണ്ടും വാഹനാപകടം. ഇന്നലെ വൈകുന്നേരം 6-45-നാണ് പെരിയ ദേശീയപാതയിൽ കാർ ബസ്സിലിടിച്ച് യുവാവ് മരിച്ചത്. ദിവസങ്ങൾക്ക് മുമ്പാണ് അമ്പലത്തറ പാറപ്പള്ളിയിൽ പിക്കപ്പ് വാഹനം ബസ്സിലിടിച്ച് പനത്തടി യുവാവ് മരിച്ചത്.
ഇതിന്റെ െഞട്ടലിൽ നിന്നും ജില്ല മുക്തമാകുന്നതിന് മുമ്പാണ് ദേശീയ പാതയിൽ ഇന്നലെ വീണ്ടും വാഹനാപകടമുണ്ടായത്. പെരിയ നെടുവോട്ടു പാറയിലെ വൈശാഖാണ് 23, ഇന്നലെ നടന്ന വാഹനാപകടത്തിൽ മരിച്ചത്. കാറിലുണ്ടായിരുന്ന കോളജ് വിദ്യാര്‍ത്ഥിനി പുല്ലൂര്‍ തടത്തിലെ ആരതി 18, ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വ്യാഴാഴ്ച വൈകീട്ട് 6.45 മണിയോടെ പെരിയ ദേശീയ പാതയിലാണ് അപകടം. ബസിലുണ്ടായിരുന്ന ഏതാനും യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കാഞ്ഞങ്ങാട് നിന്നും കാസര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും, കെ.എൽ 14 എക്സ് 9345 നമ്പർ ആള്‍ടോ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
കാസര്‍കോട് ഗവ. കോളജ് വിദ്യര്‍ത്ഥിനിയാണ് ആരതി. പെരിയ ടൗണിന് സമീപം ശ്രീശൈലം ക്ഷേത്രത്തിനടുത്താണ് അപകടം. ബസിലുണ്ടായിരുന്ന 10 ഓളം പേർക്കാണ് പരുക്കേറ്റത്. കെ പി കുഞ്ഞിക്കണ്ണൻ 65 , ഐശ്വര്യ 19, വിജിന 25, ശ്രീവിദ്യ 37, മാധവി 60, ജിതിൻ 21, എന്നിവരെ പരുക്കുകളോടെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരിയ മൂന്നാം കടവിലേക്ക് പോകുകയായിരുന്നു ബസ്.
മരിച്ച വൈശാഖിന് പെരിയയിൽ ഇൻറർലോക്ക് സ്ഥാപനമുണ്ട്. വൈശാഖ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. നെടുവോട്ട് പാറയിലെ പരേതരായ സദാനന്ദൻ – അമ്മിണി ദമ്പതികളുടെ മകനാണ് വൈശാഖ്. സഹോദരങ്ങൾ: മധു, ശാലിനി, സുധീഷ്, അശ്വതി, കാർത്തിക്.