കസ്റ്റഡിയിലെടുത്ത പ്രതി എസ്ഐയുടെ ചെവി കടിച്ചു മുറിച്ചു

സ്വന്തം ലേഖകൻ

കാസർകോട് : ബൈക്ക് വാനിലിടിച്ചുണ്ടായ തർക്കത്തിൽ ഗതാഗത തടസ്സമുണ്ടാക്കിയ സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത നാൽപ്പത്തിയെട്ടുകാരൻ എസ്ഐയുടെ ചെവി കടിച്ച് പറിച്ചു.

ഇന്നലെ വൈകുന്നേരം 5-35-ന് ഉളിയത്തടുക്ക ഐഏഡി ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ ഗതാഗത തടസ്സമുണ്ടായതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം നടത്തിയ പ്രതിയെയാണ് കാസർകോട് എസ്ഐ, എം.വി  വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.

ഗതാഗത തടസ്സമുണ്ടാക്കിയ ബൈക്കോടിച്ചിരുന്ന മുട്ടത്തൊടി അറന്തോട് ഹൗസിൽ ഡാനിയൽ റോഡ്രിഗ്സിന്റെ മകൻ സ്റ്റെനി റോഡ്രിഗ്സിനെയാണ് 48, പോലീസിനെ കയ്യേറ്റം ചെയ്തതിനെത്തുടർന്ന് കാസർകോട് എസ്ഐ, ബലപ്രയോഗത്തിലൂടെ കീഴ്്പ്പെടുത്തി പോലീസ് ജീപ്പിൽ കയറ്റിയത്.

ഗതാഗത തടസ്സമുണ്ടാക്കിയ ബൈക്ക് റോഡിൽ നിന്നും മാറ്റാനാവശ്യപ്പെട്ടിട്ടും മാറ്റാത്തതിനെത്തുടർന്ന് പോലീസ് ഇടപെട്ടപ്പോൾ ഇദ്ദേഹം എസ്ഐയുടെ യൂണിഫോമിൽ കയറിപ്പിടിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് സ്റ്റെനി റോഡ്രിഗ്സിനെ എസ്ഐ ബലപ്രയോഗത്തിലൂടെ കീഴ്്പ്പെടുത്തിയത്.

പ്രതിയുമായി പോലീസ് വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ കറന്തക്കാടെത്തിയപ്പോഴാണ് സ്റ്റെനി അക്രമാസക്തനായതും,  ഓടിക്കൊണ്ടിരിക്കുന്ന ജീപ്പിൽ നിന്നും എഴുന്നേറ്റ് എസ്ഐയുടെ കഴുത്തിൽ ചുറ്റിപ്പിടിക്കുകയും, വലതു ചെവി കടിച്ച് പറിക്കുകയും ചെയ്തത്.

പോലീസ് വാഹനത്തിലുണ്ടായിരുന്ന വനിതാ പോലീസിന്റെ വയറ്റത്തും സ്റ്റെനി കൈ കൊണ്ട് കുത്തി. സംഭവത്തിൽ പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് സ്റ്റെനി റോഡ്രിഗ്സിനെതിരെ കാസർകോട് പോലീസ് കേസെടുത്തു.

LatestDaily

Read Previous

ജില്ലയെ നടുക്കി വീണ്ടും വാഹനാപകടം

Read Next

അദാനി വിവാദം; ഇന്ത്യൻ വിപണി കൃത്യമായി നിയന്ത്രിക്കപ്പെടുന്നുണ്ടെന്ന് നിര്‍മ്മല സീതാരാമന്‍