ബദിയടുക്ക കൊലപാതകം; പ്രതിക്കായി തെരച്ചിൽ ശക്തം

സ്വന്തം ലേഖകൻ

ബദിയടുക്ക : ബദിയടുക്ക എൽക്കാനയിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂട്ടാളിക്കെതിരെ ബദിയടുക്ക പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 1 മണിക്കാണ് എൽക്കാനയിലെ റബ്ബർ എസ്റ്റേറിനകത്തുള്ള വീട്ടിൽ യുവതിയെ കൊലപ്പെടുത്തി തുണിയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ കണ്ടെത്തിയത്.

കോട്ടയം ജില്ലക്കാരനായ എസ്റ്റേറ്റുടമയുടെ റബ്ബർ തോട്ടത്തിൽ ടാപ്പിംഗ് തൊഴിലിനെത്തിയ ആന്റോ സെബാസ്റ്റ്യനെന്നയാളാണ് കൂട്ടാളിയായ കൊല്ലം സ്വദേശിനി നീതുകൃഷ്ണയെ 30, കൊലപ്പെടുത്തി തുണിയിൽ പൊതിഞ്ഞുകെട്ടി വീടുപൂട്ടിയ ശേഷം നാടുവിട്ടത്. പതിനഞ്ചേക്കർ വിസ്തൃതിയിലുള്ള റബ്ബർ തോട്ടത്തിൽ ഒറ്റപ്പെട്ട് കിടക്കുന്ന വീട്ടിൽ നടന്ന കൊലപാതകം പുറംലോകമറിഞ്ഞത് ഇന്നലെയാണ്.

ജനുവരി 26-ന് ഇരുവരും തമ്മിൽ വീട്ടിനുള്ളിൽ വാക്കേറ്റം നടന്നതായി സൂചനയുണ്ട്. മദ്യലഹരിയിൽ വീട്ടിലെത്തിയ ആന്റോയും ഭാര്യയും തമ്മിൽ വഴക്കുണ്ടായതായും ഭാര്യ പിണങ്ങിപ്പോയെന്നുമാണ് ആന്റോ എസ്റ്റേറ്റ് മാനേജരായ മാലോം മുട്ടോംകടവ് സ്വദേശി ഷാജി മാത്യുവിനെ അറിയിച്ചത്. മദ്യപിച്ച് ബഹളമുണ്ടാക്കിയ ആന്റോയോട് ജോലി മതിയാക്കാൻ എസ്റ്റേറ്റ് മാനേജർ നിർദ്ദേശിച്ചിരുന്നുവെങ്കിലും, ബുക്ക് ചെയ്ത പാഴ്സൽ വരാനുള്ളത് കൊണ്ട് ചൊവ്വാഴ്ച പോകാമെന്നുമാണ് ആന്റോ അറിയിച്ചത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് എസ്റ്റേറ്റ് മാനേജരായ ഷാജി മാത്യു ആന്റോ ജോസഫിനെ അവസാനമായി കാണുന്നത്. പിന്നീട് ആന്റോയുടെ ഫോൺ സ്വിച്ചോഫായ നിലയിലായിരുന്നു. ഇദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതിനെത്തുടർന്നുണ്ടായ സംശയത്തിലാണ് ഷാജി മാത്യുവും കൂട്ടാളിയും ഇന്നലെ ഉച്ചയോടെ ആന്റോയും നീതുവും താമസിച്ചിരുന്ന വീട്ടിലെത്തിയത്.

വീടിനുള്ളിൽ നിന്നും ദുർഗന്ധം വമിച്ചതിനെത്തുടർന്നാണ് ഷാജി മാത്യു ഒപ്പമുള്ളവരുടെ സഹായത്തോടെ വീടിന്റെ ഓട് പൊളിച്ച് പരിശോധന നടത്തിയത്. മുറിക്കുള്ളിൽ നീതുവിന്റെ മൃതദേഹം കണ്ടെത്തിയതോടെ ഇവർ ബദിയടുക്ക പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം ജീർണ്ണിച്ച നിലയിലായിരുന്നതിനാൽ ആന്റോ നീതുവിനെ തിങ്കളാഴ്ച തന്നെ കൊലപ്പെടുത്തിയിരിക്കാമെന്ന് സംശയമുണ്ട്.

കൊല്ലം കൊട്ടിയത്തെ രാധാകൃഷ്ണന്റെ മകളായ നീതുകൃഷ്ണനും, വയനാട് കൽപ്പറ്റ സ്വദേശിയായ ആന്റോ ജോസഫും 2022 നവമ്പർ 24-നാണ് എൽക്കാനയിലെ റബ്ബർ എസ്റ്റേറ്റിൽ ടാപ്പിംഗ് ജോലിക്കെത്തിയത്. എസ്റ്റേറ്റ് മാനേജരുടെ പരാതിയിലാണ് ആന്റോയ്ക്കെതിരെ ബദിയടുക്ക പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തത്.  മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ ഫോറൻസിക് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി.

കൊലയാളിക്ക് വേണ്ടി ബദിയടുക്ക പോലീസ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ആന്റോ 3 തവണയും നീതു രണ്ട് തവണയും വിവാഹിതരായിട്ടുണ്ട്. ഇരുവർക്കും  മക്കളുണ്ട്. ആന്റോയ്ക്കെതിരെ കൊല്ലം കൊട്ടിയം പോലീസ് സ്റ്റേഷനിൽ കവർച്ചാക്കേസുള്ളതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

LatestDaily

Read Previous

ദളപതി 67; പുതിയ പോസ്റ്ററുമായി നിർമ്മാതാക്കൾ, ടൈറ്റിൽ പ്രഖ്യാപനം വെള്ളിയാഴ്ച

Read Next

വ‍ര്‍ഗ്ഗീയ പരാമര്‍ശം; വിഎച്ച്പി നേതാവിനെതിരെ കേസ്