യുവതിയെ കയറിപ്പിടിച്ച പോലീസുദ്യോഗസ്ഥന് സസ്പെൻഷൻ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് സൗത്തിൽ യുവതിയെ വീട്ടിൽക്കയറി മാനഭംഗപ്പെടുത്താൻ ശ്രമിച്ച പോലീസുദ്യോഗസ്ഥനെ കണ്ണൂർ റൂറൽ എസ്പി, എം. ഹേമലത അന്വേഷണ വിധേയമായി സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്തു. ജനുവരി 27-ന് വൈകുന്നേരം 5 മണിക്കാണ് കണ്ണൂർ ജില്ലാ ഹെഡ് ക്വാർട്ടേഴ്സിൽ സിവിൽ പോലീസുദ്യോഗസ്ഥനായ പി.വി. പ്രദീപൻ 48, കാഞ്ഞങ്ങാട് സൗത്തിലുള്ള സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറി യുവതിയുടെ മകളെ കയറിപ്പിടിച്ചത്.

സംഭവത്തിൽ പ്രദീപനെ ഹോസ്ദുർഗ്ഗ് പോലീസ് ഇൻസ്പെക്ടർ കെ.പി. ഷൈൻ അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. യുവതിയെ കയറിപ്പിടിച്ചതിന് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുക്കപ്പെട്ട പി.വി. പ്രദീപനെ കോടതി റിമാന്റ് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ഇദ്ദേഹത്തെ റൂറൽ എസ്പി, സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്തത്. പീഡന ശ്രമക്കേസ്സടക്കം 3 കേസുകളിൽ പ്രതിയായ പി.വി. പ്രദീപനെതിരെയുള്ള നാലാമത്തെ കേസ്സാണ് ഹോസ്ദുർഗ്ഗിലേത്.

2020, 21 വർഷങ്ങളിൽ സമാനമായ പരാതികളിൽ ഇദ്ദേഹത്തിനെതിരെ 3 കേസ്സുകൾ നിലവിലുണ്ട്. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ രണ്ടും, ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷനിൽ ഒന്നും കേസ്സുകളാണ് ഇദ്ദേഹത്തിനെതിരെ നിലവിലുള്ളത്.

2021-ൽ പരിയാരം പോലീസ് സ്റ്റേഷനിൽ മദ്യപിച്ചെത്തി പോലീസ് ഉദ്യോഗസ്ഥരെ തെറി വിളിച്ച സംഭവവുമുണ്ടായിരുന്നു. ശിക്ഷാ നടപടികളുടെ ഭാഗമായി കാഞ്ഞങ്ങാട് പോലീസ് കൺട്രോൾ റൂമിലേക്ക് സ്ഥലം മാറ്റപ്പെട്ട സമയത്താണ് പി.വി. പ്രദീപൻ കാഞ്ഞങ്ങാട് സൗത്തിലെ യുവതിയുമായി പരിചയപ്പെട്ടത്.

LatestDaily

Read Previous

പാറപ്പള്ളിയിൽ വാഹനാപകടം; ഒരാൾ മരിച്ചു

Read Next

വാടക 3.5 ലക്ഷം കുടിശ്ശിക കുടുംബം കുത്തിയിരിപ്പിൽ