മനോഹരന്റെ ആത്മഹത്യ; കാരണക്കാരായവർക്കെതിരെ നടപടി വേണമെന്ന് കുടുംബം

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ഉപ്പിലിക്കൈ മേനിക്കോട്ടെ മനോഹരന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്ന്  ബന്ധുക്കൾ. ലൈംഗികാരോപണമുന്നയിച്ച്  ഒരു  സംഘമാൾക്കാർ മനോഹരനെ വീട്ടിൽക്കയറി മർദ്ദിച്ചതിന് പിന്നാലെയാണ് ഇദ്ദേഹം ജീവനൊടുക്കിയത്.

വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ടാണ് ഒരു സംഘം യുവാക്കൾ മനോഹരനെ മർദ്ദിച്ചത്. ഇതേത്തുടർന്നുണ്ടായ അപമാന ഭാരത്തിലാണ് മനോഹരൻ ജീവനൊടുക്കിയത്. തയ്യൽ തൊഴിലാളിയായിരുന്ന മനോഹരന്റെ,  മകളോടൊപ്പം പഠിക്കുന്ന പെൺകുട്ടിയെ ഉടുമുണ്ട് പൊക്കി കാണിച്ചുവെന്നാരോപിച്ചായിരുന്നു ക്രൂര മർദ്ദനം.

2022 ഡിസംബർ 31-ന് നടന്നുവെന്ന് പറയപ്പെടുന്ന സംഭവത്തിൽ ജനുവരി 24-ന് രാത്രിയാണ് ജയൻ, ജിജീന്ദ്രൻ, പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മനോഹരനെ വീട്ടിൽ അതിക്രമിച്ചു കയറി മർദ്ദിച്ചത്. മർദ്ദനം തടയാനെത്തിയ മനോഹരന്റെ ഭാര്യയേയും സംഘം മർദ്ദിച്ചു. മനോഹരന്റെ വീടിന് സമീപം താമസിക്കുന്ന സഹോദരൻ ലക്ഷ്മണൻ ബഹളം കേട്ട് ഓടിയെത്തുമ്പോഴും സംഘം മനോഹരനെ മർദ്ദിക്കുകയായിരുന്നു.

കാഴ്ചശക്തി തീരെ കുറവായ മനോഹരൻ ശബ്ദം കേട്ടാണ് ആളുകളെ തിരിച്ചറിഞ്ഞിരുന്നത്. കാഴ്ച കുറവായതിനാൽ അക്രമികളിൽ നിന്നും രക്ഷപ്പെടാൻ  പോലും കഴിയാതെ മനോഹരന് മർദ്ദനം ഏറ്റുവാങ്ങേണ്ടി വന്നു. മർദ്ദനത്തിന് ശേഷം വീടുവിട്ട അക്രമി സംഘം മനോഹരനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സഹോദരൻ ലക്ഷ്മണൻ  ലേറ്റസ്റ്റിനോട് പറഞ്ഞു.

മനോഹരന്റെ ആത്മഹത്യയോടെ എട്ടാംതരത്തിൽ പഠിക്കുന്ന മകളും അഞ്ചാം തരത്തിൽ പഠിക്കുന്ന മകനും ഭാര്യയുമടങ്ങുന്ന കുടുംബം അനാഥരായി. സാമ്പത്തിക ബാധ്യതകളൊന്നുമില്ലാത്ത മനോഹരന് ആത്മഹത്യ ചെയ്യാൻ മറ്റ് കാരണങ്ങളൊന്നുമില്ലെന്നാണ് സഹോദരന്റെ വെളിപ്പെടുത്തൽ. സഹോദരന്റെ കുടുംബം അനാഥമാക്കിയവർക്കെതിരെ ശക്തമായ നിയമ നടപടി വേണമെന്നാണ് ഇദ്ദേഹത്തിന്റെയും മനോഹരന്റെ കുടുംബത്തിന്റെയും ആവശ്യം.

LatestDaily

Read Previous

നീലേശ്വരം കോൺഗ്രസ്സിൽ ബാങ്ക് നിയമനത്തർക്കം

Read Next

ഗ്യാസ് സിലിൻഡർ  പൊട്ടിത്തെറിച്ചു