മാനഭംഗ ശ്രമം; പോലീസുദ്യോഗസ്ഥനെ ഇന്ന് കോടതിയിൽ ഹാജരാക്കും

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : തട്ടുകട നടത്തുന്ന യുവതിയുടെ മകളെ കയറിപ്പിടിച്ച് മാനഭംഗപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായ സിവിൽ പോലീസുദ്യോഗസ്ഥനെ ഇന്ന്  കോടതിയിൽ ഹാജരാക്കും. ഇന്നലെ വൈകുന്നേരം 5 മണിക്കാണ് ഹോസ്ദുർഗ്ഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ തട്ടുകട നടത്തുന്ന യുവതിയുടെ മകളെ കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശിയായ പോലീസുദ്യോഗസ്ഥൻ വീട്ടിനകത്ത് കയറിപ്പിടിച്ചത്.

കണ്ണൂർ റൂറൽ പോലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്സിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ പി.വി. പ്രദീപനാണ് 48, ഇന്നലെ തട്ടുകടക്കാരിയുടെ മകളെ കയറിപ്പിടിച്ചത്. യുവതിയുടെ പരാതിയിൽ ഹോസ്ദുർഗ്ഗ് പോലീസ് റജിസ്റ്റർ ചെയ്ത കേസ്സിൽ ഹോസ്ദുർഗ്ഗ് പോലീസ് ഇൻസ്പെക്ടർ കെ.പി. ഷൈനാണ് പി.വി. പ്രദീപനെ അറസ്റ്റ് ചെയ്തത്.

കാഞ്ഞങ്ങാട് പോലീസ് കൺട്രോൾ റൂമിൽ സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് പ്രദീപന് യുവതിയുമായി മുൻപരിചയമുണ്ടായിരുന്നു. ഇൗ പരിചയം മുതലെടുത്താണ് ഇദ്ദേഹം ഇന്നലെ കാഞ്ഞങ്ങാട്ടെത്തി യുവതിയെ അപമാനിക്കാൻ  ശ്രമിച്ചത്. വകുപ്പുതല ശിക്ഷാ നടപടിയുടെ ഭാഗമായാണ് പി.വി. പ്രദീപനെ കണ്ണൂർ റൂറലിൽ നിന്ന് കാഞ്ഞങ്ങാട് പോലീസ് കൺട്രോൾ റൂമിലേക്ക് സ്ഥലം മാറ്റിയത്. ഇക്കാലത്താണ് ഇദ്ദേഹം യുവതിയുമായി പരിചയപ്പെട്ടത്.

വീട്ടിൽ അതിക്രമിച്ചുകയറി സ്ത്രീകളോട് മോശമായി പെരുമാറിയതിന് പി.വി. പ്രദീപനെതിരെ രണ്ട് കേസ്സുകൾ വേറെ നിലവിലുണ്ട്. പ്രസ്തുത കേസുകളിൽ റിമാന്റിൽ കഴിഞ്ഞിട്ടുള്ള പോലീസുദ്യോഗസ്ഥൻ കൂടിയാണ് പ്രദീപൻ. സ്ത്രീക്ക് കടമായി നൽകിയ 80,000 രൂപ തിരിച്ചു ചോദിക്കാനാണ് സ്ത്രീയുടെ വീട്ടിൽ ചെന്നതെന്ന് പ്രദീപൻ പറയുന്നു.

LatestDaily

Read Previous

ത്രിപുര സ്ഥാനാർത്ഥി പ്രഖ്യാപനം; കോൺഗ്രസ്സിലും ബിജെപിയിലും സംഘർഷം

Read Next

നീലേശ്വരം കോൺഗ്രസ്സിൽ ബാങ്ക് നിയമനത്തർക്കം