സർക്കാർ മദ്യം ജവാന് വീര്യം കുറഞ്ഞതിന് ബാറുടമയുടെ പേരിൽ കേസ്സെടുത്ത മറിമായം

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട് : കേരള സർക്കാരിന്റെ സ്വന്തം മദ്യനിർമ്മാണ ശാലയിൽ നിർമ്മിക്കുകയും, ബാറിൽ വിതരണത്തിന് നൽകുകയും ചെയ്ത മദ്യത്തിന് വീര്യം കുറഞ്ഞുപോയെന്ന കാരണത്താൽ, ബാറുടമയുടെയും ബാർ ജീവനക്കാരന്റെയും പേരിൽ കേസ്സ് റജിസ്റ്റർ ചെയ്ത മറിമായം.

കാഞ്ഞങ്ങാട്ടെ രാജ് റസിഡൻസി ചതുർ നക്ഷത്ര ബാർ ഹോട്ടലുടമ എം. നാഗ്്രാജിന്റെയും, ബാർ തൊഴിലാളി എണ്ണപ്പാറ സ്വദേശി പ്രദീപിന്റേയും പേരിൽ ഹൊസ്ദുർഗ്ഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ക്രിമിനൽ കേസ്സ് റജിസ്റ്റർ ചെയ്തത് രണ്ടാഴ്ച മുമ്പാണ്. ഇൗ കേസ്സിന് അടിസ്ഥാനമായ വിവരങ്ങൾ ഇനി ശ്രദ്ധിച്ചുവായിക്കുക :

മൂന്ന് വർഷം മുമ്പ് 2019 ഡിസംബർ 31-ന് പകൽ 1-15 മണിക്ക് രാജ് റസിഡൻസി ബാറിലെത്തിയ റേഞ്ച് എക്സൈസ് സംഘം ബാർ കൗണ്ടറിൽ  വിൽപ്പന നടത്തിക്കൊണ്ടിരിക്കുകയായിരുന്ന ജവാൻ ത്രീ എക്സ് റമ്മിന്റെ കുപ്പിയിൽ നിന്ന് ആവശ്യത്തിന് സാമ്പിൾ മദ്യം ശേഖരിക്കുകയും, അവിടെ വെച്ചുതന്നെ ഇൗ സാമ്പിൾ മദ്യം പ്രത്യേക കുപ്പിയിലാക്കി അരക്കുരുക്കിയൊഴിച്ച് സീൽ ചെയ്ത ശേഷം സാക്ഷികളെക്കൂടി ബോധ്യപ്പെടുത്തി കൊണ്ടുപോവുകയായിരുന്നു.

മദ്യപാനികൾ ഇപ്പോൾ ഏറ്റവുമധികം ഇഷ്ടപ്പെട്ട് കുടിക്കുന്ന ജവാൻ മദ്യം കേരള സർക്കാരിന്റെ ട്രാവൻകൂർ ഷുഗേർസ് ആന്റ് കെമിക്കൽസ് എന്ന മദ്യശാലയിൽ നിന്നാണ് ഉൽപ്പാദിപ്പിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ പുളിക്കീഴ്് എന്ന സ്ഥലത്താണ് ഇൗ സർക്കാർ മദ്യനിർമ്മാണ ശാല പ്രവർത്തിക്കുന്നത്. മൂന്നുവർഷം മുമ്പ് 2019 ഡിസംബർ 31-ന് രാജ് റസിഡൻസി ബാറിൽ നിന്ന് എക്സൈസ് അധികൃതർ ശേഖരിച്ച ജവാൻ ത്രീ എക്സ് റം മദ്യ സാമ്പിൾ എക്സൈസ് രാസ പരിശോധനയ്ക്കയച്ചത് കോഴിക്കോട് റിജ്്യണൽ ലബോറട്ടറിയിലേക്കാണ്.

ലാബിൽ നിന്നുള്ള ഇൗ മദ്യത്തിന്റെ രാസ പരിശോധനാ ഫലം ഹൊസ്ദുർഗ്ഗ് എക്സൈസ് അധികൃതർക്ക് ലഭിച്ചത് മൂന്ന് വർഷത്തിന് ശേഷം 2022 ജുലായ് 7-നാണ്. രാസപരിശോധനാ സർട്ടിഫിക്കറ്റ് നമ്പർ (ടിസി .862420 00000 1019(എം) എഫ് 07-07-2022) ലാബിൽ പരിശോധിച്ച മദ്യത്തിന്റെ വീര്യം നിശ്ചിത അളവിൽ കുറഞ്ഞ് 39.02 എന്നാണ്  ലാബ്ല രേഖകളിൽ സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. വീര്യം 39.02 എന്നതാണെങ്കിലും യഥാർത്ഥ ജവാൻ മദ്യത്തിന്റെ വീര്യം വേണ്ടത് 41.02 ആണ്.  വെറും 3 ലവൽ വീര്യമാണ് സാമ്പിളെടുത്ത മദ്യത്തിൽ കുറഞ്ഞുപോയതായി ലാബിലെ പരിശോധനയിൽ കണ്ടെത്തിയത്.

കുറവു കണ്ടെത്തിയ ത്രീലവൽ വീര്യം, മദ്യക്കുപ്പി പൊട്ടിച്ച് അരമണിക്കൂർ വെറുതെ  തുറന്നുവെച്ചാൽ പോലും അന്തരീക്ഷത്തിൽ ആവിയായി ലയിച്ചു പോകുന്ന വീര്യം മാത്രമാണെന്ന് എക്സൈസിലെ വിദഗ്ദർ പോലും സമ്മതിക്കുമ്പോഴാണ്, രാജ് റസിഡൻസി ബാറിൽ വിൽപ്പനയ്ക്ക് സർക്കാർ നൽകിയ മദ്യത്തിൽ വീര്യം കുറഞ്ഞുപോയി എന്ന ഒറ്റക്കാരണത്തിന് ബാറുടമയുടെയും ബാറിൽ മദ്യം ഒഴിച്ചു കൊടുക്കുന്ന പാവം തൊഴിലാളിയേയും പ്രതി ചേർത്ത് ഹൊസ്ദുർഗ്ഗ് എക്സൈസ് ഇൻസ്പെക്ടർ കേരള അബ്്കാരി നിയമം സെക്ഷൻ 56(ബി) ചുമത്തി എഫ്ഐആർ റജിസ്റ്റർ ചെയ്യുകയും, മണിക്കൂറുകൾക്കകം ഇൗ മദ്യശാല പൂട്ടി സീൽ പതിക്കുകയും ചെയ്തത്.

ട്രാവൻകൂർ ഷുഗേഴ്സ് ആന്റ് കെമിക്കൽസ് എന്ന തിരുവല്ലയിലെ മദ്യശാല സ്വകാര്യ വ്യക്തിയുടേതല്ലെന്നതാണ് ഇവിടെ പ്രസക്തം. കേരള സർക്കാർ നേരിട്ട് നിർമ്മിക്കുന്ന ജവാൻ എന്ന മദ്യത്തിന് വീര്യം കുറഞ്ഞുപോയിട്ടുണ്ടെങ്കിൽ, ആ കുറ്റത്തിന് പൂർണ്ണ ഉത്തരവാദി കേരള സർക്കാർ തന്നെയാണ്.

ഇൗ വീര്യം കുറയൽ കുറ്റത്തിന് ഒരു കാരണത്താലും സർക്കാർ മദ്യം ബാർ വഴി വിറ്റഴിച്ച ബാറുടമ ഉത്തരവാദി അല്ലാതിരുന്നിട്ടും, കാഞ്ഞങ്ങാട് എക്സൈസ് എന്തിനാണ് ഏറെ തിരക്കിട്ട് ഇത്തരമൊരു ക്രിമിനൽ കേസ്സിന്റെ പുറത്ത് രാജ് റസിഡൻസി ബാർ അടച്ചുപൂട്ടിയതെന്നത് ചോദ്യ ചിഹ്നമാണ്.

LatestDaily

Read Previous

മുഹമ്മദ് ഫൈസലിന്റെ ശിക്ഷ മരവിപ്പിച്ച സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പിൽ തീരുമാനമെടുക്കണം: കോടതി

Read Next

കാഞ്ഞങ്ങാട് സ്വദേശി റിയാദില്‍ അപകടത്തില്‍ മരിച്ചു