പോലീസിനെ കല്ലെറിഞ്ഞ പ്രതികൾക്ക് റെയ്ഡ്

സ്വന്തം ലേഖകൻ

ബേക്കൽ : ഉദുമ പള്ളത്ത് നടക്കുന്ന മെട്രോ കപ്പ് ഫുട്ബോൾ ടൂർണ്ണമെന്റിനിടെ നടന്ന സംഘർഷത്തിൽ പോലീസിനെ ആക്രമിച്ച സംഘത്തിൽപ്പെട്ടവർക്കായി വ്യാപകമായ തെരച്ചിൽ തുടരുന്നു. പോലീസിനെ കല്ലെറിയുകയും,  കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ബേക്കൽ പോലീസ് റജിസ്റ്റർ ചെയ്ത കേസ്സിൽ 51 പ്രതികളെയാണ് ഇനി അറസ്റ്റ് ചെയ്യാനുള്ളത്.

ജനുവരി 22-ന് ഞായറാഴ്ച രാത്രി 11 മണിക്കാണ്  മെട്രോ കപ്പ് ഫുട്ബോൾ ടൂർണ്ണമെന്റ് നടക്കുന്ന ഗ്രൗണ്ടിന് പുറത്ത് കളിക്കാരും കാണികളും തമ്മിൽ ഏറ്റുമുട്ടിയത്. ബാവാനഗർ കാഞ്ഞങ്ങാടിന്റെ ഫുട്ബോൾ ടീമും, കളി കാണാനെത്തിയവരും തമ്മിലുണ്ടായ സംഘർഷം നിയന്ത്രിക്കാനെത്തിയ ബേക്കൽ പോലീസ് ഇൻസ്പെക്ടർ യു.പി. വിപിനിനും സംഘത്തിനുമെതിരെയാണ് കല്ലേറുണ്ടായത്. കല്ലേറിൽ ബേക്കൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പ്രശോഭിന്റെ 26, പല്ല് നഷ്ടപ്പെട്ടു.

സംഭവത്തിൽ 53 പേർക്കെതിരെയാണ് ബേക്കൽ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്. േകസ്സിൽ പ്രതികളായ കല്ലൂരാവി ബാവാനഗർ അമീറലി മൻസിലിൽ അഹമ്മദിന്റെ മകൻ അമീറലി 21, ബാവാനഗർ കെ.സി. ഹൗസിൽ ഉമ്മറിന്റെ മകൻ ഇംതിയാസ് 24, എന്നിവരെ ബേക്കൽ പോലീസ് ഇൻസ്പെക്ടർ കയ്യോടെ പിടികൂടിയിരുന്നു. ഇവർ റിമാന്റിലാണ്. ബാക്കി പ്രതികൾക്കായി പോലീസ് റെയ്ഡ് തുടരുകയാണ്.

Read Previous

അമ്മയും കുഞ്ഞും ആശുപത്രിയിൽ പട്ടാപ്പകൽ ലക്ഷം രൂപയുടെ കവർച്ച

Read Next

മുക്കുപണ്ടത്തട്ടിപ്പ് പ്രതി വിദേശത്തേക്ക് കടന്നു