അമ്മ മകളെ കൊന്നത് കഴുത്ത് ഞെരിച്ച്

സ്വന്തം ലേഖകൻ

ബേഡകം: കുണ്ടംകുഴി നീർക്കയം കൊച്ചിയിൽ അമ്മ മകളെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചാണെന്ന് കണ്ടെത്തൽ. ഇന്നലെ നടന്ന പോസ്റ്റ്മോർട്ടത്തിലാണ് പതിനൊന്നുകാരിയുടെ മരണം കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചത് മൂലമാണെന്ന്  കണ്ടെത്തിയത്.

നീർക്കയം കൊച്ചിയിലെ ടൂറിസ്റ്റ് ബസ് ഡ്രൈവർ ചന്ദ്രന്റെ ഭാര്യ നാരായണിയാണ് 40, മകൾ ശ്രീനന്ദയെ 11, കഴുത്ത് ഞെരിച്ച് കൊന്ന ശേഷം തൂങ്ങിമരിച്ചത്. ഇവർ ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം വ്യക്തമായിട്ടില്ല. മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ബേഡകം പോലീസ് ഇൻസ്പെക്ടർ ടി. ദാമോദരൻ പറഞ്ഞു.

മൃതദേഹത്തിന്റെ ആന്തരികാവയവങ്ങൾ  ഫോറൻസിക് പരിശോധനയ്ക്കായി കോഴിക്കോട് ഫോറൻസിക് ലാബിലേക്കയച്ചിട്ടുണ്ട്. മരണകാരണത്തെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ, പരിശോധനാഫലം കിട്ടിയാൽ മാത്രമേ വ്യക്തമാകുകയുള്ളു. ജനുവരി 22-ന് ഞായറാഴ്ച വൈകുന്നേരമാണ്  നാരായണിയെ വീടിന് പുറത്ത് ജനലിൽ തൂങ്ങിമരിച്ച നിലയിലും, മകൾ ശ്രീനന്ദയെ കട്ടിലിൽ മരിച്ച നിലയിലും കണ്ടെത്തിയത്.

മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. ഏകമകളെ കൊലപ്പെടുത്തി നാരായണി ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം അജ്ഞാതമാണ്. ഇവരുടെ കുടുംബത്തിൽ അസ്വാരസ്യങ്ങളൊന്നുമില്ലെന്നാണ് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നത്.

Read Previous

മേൽനോട്ട സമിതി രൂപീകരിക്കുന്നതിന് കൂടിയാലോചിക്കാതിരുന്നത് സങ്കടകരമെന്ന് പൂനിയയും മാലിക്കും

Read Next

പോക്സോ കേസിൽ കേരള കോൺഗ്രസ് നേതാവ് റിമാന്റിൽ