പെരിയ ഇരട്ടക്കൊലക്കേസ് വിചാരണ ഫെബ്രുവരിയിൽ

കാഞ്ഞങ്ങാട് : യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്യോട്ടെ ശരത്‌ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ എറണാകുളം സി.ബി. ഐ. കോടതിയിൽ ഫെബ്രുവരി രണ്ടിന് തുടങ്ങും. ഒരുമാസത്തിലധികം വിചാരണ നീളും. കൊലപാതകം നടന്നിട്ട് ഫെബ്രുവരി 17-ന് നാലുവർഷം തികയുന്ന വേളയിലാണ് വിചാരണ തുടങ്ങുന്നത്.

കഴിഞ്ഞ ദിവസം സി.ബി.ഐ. പബ്ലിക് പ്രോസിക്യൂട്ടർ ബോബി ജോസഫ് കാഞ്ഞങ്ങാട്ടും കല്യോട്ടുമെത്തി സാക്ഷികളെ കണ്ടു.  കൊലനടന്ന സ്ഥലവും സന്ദർശിച്ചു. കെ.പി.സി.സി. മുൻ വൈസ് പ്രസിഡന്റും അടുത്തകാലത്ത് സി.പി.എമ്മിലേക്കു മാറുകയും ചെയ്ത അഡ്വ. സി.കെ. ശ്രീധരനാണ് പ്രതികൾക്കുവേണ്ടി ഹാജരാകുന്നത്. ആദ്യ ദിവസം ഒന്നാം സാക്ഷി ശ്രീകുമാർ കല്യോട്ടിനെയും 104-ാം സാക്ഷി ബാബുരാജ് കല്യോട്ടിനെയും വിസ്തരിക്കും. തുടർവിചാരണ ഫെബ്രുവരി ഏഴിനാണ്.

അന്നുതൊട്ട് മൂന്നുദിവസം വിസ്തരിക്കുക ഇരകളുടെ ബന്ധുക്കളെയാണ്. ആദ്യം ശരത്‌ലാലിന്റെ മാതാപിതാക്കളായ പി.കെ. സത്യനാരായണനെയും ലതയെയും സഹോദരി അമൃതയെയും പിന്നാലെ കൃപേഷിന്റെ മാതാപിതാക്കളായ പി.വി. കൃഷ്ണനെയും ബാലാമണിയെയും സഹോദരി കൃഷ്ണപ്രിയയെയും വിസ്തരിക്കും. 2019 ഫെബ്രുവരി 17-നാണ് ഇരട്ടക്കൊലപാതകം നടന്നത്.

Read Previous

നുണകൾ പ്രചരിപ്പിച്ച് തന്നെ ഭയപ്പെടുത്താൻ സാധിക്കില്ല: ബിജെപിക്കെതിരെ സ്വാതി മാലിവാൾ

Read Next

ജി.ബി.ജി.നിക്ഷേപത്തട്ടിപ്പ്; പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു