കെ. സുധാകരനെതിരായ പരാതി കോൺഗ്രസിൽ പുകയുന്നു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : കെ.പി.സി.സി ട്രഷറർ പ്രതാപ ചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മക്കൾ കെ. സുധാകരനെതിരെ മുഖ്യമന്ത്രിക്ക്  കൊടുത്ത പരാതി കോൺഗ്രസിൽ രാഷ്ട്രീയ ബോംബായി പുകയാൻ തുടങ്ങി. പ്രതാപചന്ദ്രന്റെ മരണത്തെത്തുടർന്ന് കെ.പി.സി.സി. പ്രസിഡണ്ട് കെ. സുധാകരന് നൽകിയ പരാതിയിൽ തീരുമാനമാകാത്തതിനെത്തുടർന്നാണ് പ്രതാപചന്ദ്രന്റെ  മക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

കെ. സുധാകരന്റെ അടുത്ത അനുയായികൾ പ്രതാപചന്ദ്രനെതിരെ നടത്തിയ ആരോപണങ്ങളിൽ മനംനൊന്താണ് കെപിസിസി ട്രഷററായ പ്രതാപചന്ദ്രൻ ജീവൻ വെടിഞ്ഞത്. പാർട്ടിക്കുള്ളിൽ തനിക്ക് നേരിട്ട അപമാനത്തെക്കുറിച്ച് പ്രതാപചന്ദ്രൻ മക്കളോട് തുറന്നുപറഞ്ഞിരുന്നു. പിതാവിന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് അദ്ദേഹത്തിന്റെ മക്കൾ കെ.പി.സി.സി. പ്രസിഡണ്ടിനെ സമീപിച്ചത്.

അച്ഛന്റെ മരണത്തിൽ അന്വേഷണമാവശ്യപ്പെട്ട് മക്കൾ ഡിജിപിക്കും പരാതി നൽകിയിരുന്നു. കെ. സുധാകരന്റെ സമ്മർദ്ദത്തെത്തുടർന്ന് പ്രതാപചന്ദ്രന്റെ മകനായ പ്രിജിത്തും സഹോദരനും ഡിജിപിക്ക് നൽകിയ പരാതി പിൻവലിച്ചിരുന്നു. സംഭവത്തെക്കുറിച്ച് പാർട്ടിതലത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന കെ. സുധാകരന്റെ ഉറപ്പിലാണ് ഇവർ പരാതി പിൻവലിച്ചതെങ്കിലും, കെ. സുധാകരൻ നിലപാട് മാറ്റി.

ഇതേത്തുടർന്നാണ് പ്രതാപ ചന്ദ്രന്റെ മക്കൾ മുഖ്യമന്ത്രിയെ നേരിൽക്കണ്ട് പരാതി കൊടുത്തത്. പോലീസിൽ പരാതി കൊടുത്താൽ അതുതന്നെ ബാധിക്കുമെന്നും പരാതി പിൻവലിക്കണമെന്നും കെ. സുധാകരൻ ആവശ്യപ്പെട്ടതായി മകൾ പ്രിജിത്ത് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. അപമാന ഭാരത്താൽ ജീവൻ വെടിഞ്ഞ കെപിസിസി ട്രഷറർ പ്രതാപചന്ദ്രന്റെ മരണത്തിനുത്തരവാദികൾ കെ. സുധാകരന്റെ വലംകൈയായ രണ്ട് പേരാണെന്നാണ് പ്രതാപചന്ദ്രന്റെമക്കളുടെ ആരോപണം.

പ്രതാപചന്ദ്രന്റെ  മക്കൾ മുഖ്യമന്ത്രിക്ക് പരാതി കൊടുത്തതോടെ അവരെ തള്ളിപ്പറഞ്ഞ് കെ. സുധാകരൻ ഇന്നലെ രംഗത്തെത്തിയിരുന്നു. കെ. സുധാകരനെ പിന്തുണച്ച് രമേശ് ചെന്നിത്തലയും കെ. മുരളീധരനും രംഗത്തുണ്ട്. കെ.പി.സി.സി.യുടെ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടർന്നാണ് കെ.പി.സി.സി. ട്രഷറർ പ്രതാപചന്ദ്രൻ ജീവൻ വെടിഞ്ഞത്.

പുനഃസംഘടനയെച്ചൊല്ലിയുള്ള അന്തഃഛിദ്രങ്ങൾ മൂത്തുനിൽക്കുന്ന കോൺഗ്രസിൽ കെ. സുധാകരനെതിരെയുള്ള പരാതി ഇരട്ട പ്രഹരമാണ്. കെ.പി.സി.സി. അധ്യക്ഷനെതിരെ ട്രഷററുടെ മക്കൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതി കെ. സുധാകരനുമായി മാനസികമായി അകന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുതലെടുക്കുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

LatestDaily

Read Previous

വാഹന ഗതാഗതം തടസപ്പെടുത്തിയതിന് ജ്വല്ലറി മാനേജർക്കെതിരെ കേസ്

Read Next

ബീഹാറിലെ ജാതി സെൻസസിനെതിരായ ഹർജികൾ തള്ളി സുപ്രീം കോടതി