വിനോദ്കുമാറിന്റെ ജാമ്യഹർജി തള്ളി

ബേഡകം: ജിബിജി പണമിടപാട്‌ കേസിൽ അറസ്‌റ്റിലായ ചെയർമാൻ ഡി വിനോദ്‌ കുമാറിനെയും ഡയറക്ടർ പെരിയ നെടുവോട്ടുപാറയിലെ ഗംഗാധരൻ നായരെയും കൂടുതൽ തെളിവെടുപ്പിനായി ബേഡകം പോലീസ്‌ കസ്‌റ്റഡിയിൽ വാങ്ങും. ഇതിനുള്ള അപേക്ഷ ഇന്ന് ബേഡകം പോലീസ്‌ കോടതിയിൽ നൽകും. അതിനിടെ, ഇവരുടെ ജാമ്യഹർജി കാസർകോട്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതി ബുധനാഴ്‌ച തള്ളി. വിനോദ്‌ അറസ്‌റ്റിലായതോടെ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തി.

പ്രതീഷ്‌ വേളാഴി (രണ്ടരലക്ഷം), കുഞ്ഞിരാമൻ കുണ്ടംകുഴി (അരലക്ഷം), സുജാത കുണ്ടംകുഴി  (അരലക്ഷം), അജിത കളരിയടുക്കവും മകനും ചേർന്ന്‌ രണ്ടരലക്ഷം എന്നിങ്ങനെയാണ് പുതിയ പരാതികൾ.   വിനോദ്കുമാർ ഹൈക്കോടതിയിൽ കൊടുത്ത മുൻകൂർ ജാമ്യഹർജി ജനുവരി 27-നാണ് പരിഗണിക്കുന്നത്.

തട്ടിപ്പിന്റെ സൂത്രധാരൻമാർ അകത്തായതോടെ ജിബിജി നിധിയുടെ ഇടനിലക്കാരും ഏജന്റുമാരും ഒളിവിലാണ്. ഇവർക്കായി പോലീസ് വ്യാപകമായി വലവിരിച്ചിട്ടുണ്ട്. ജിബിജി നിക്ഷേപത്തട്ടിപ്പിന്റെ ഇടനിലക്കാർ സംഗമിച്ചിരുന്ന നിലേശ്വരത്തെ സ്റ്റുഡിയോയും പോലീസ് നിരീക്ഷണത്തിലാണ്. നീലേശ്വരം റെയിൽവെ മേൽപ്പാലത്തിന് സമീപം രാജാറോഡിൽ പ്രവർത്തിക്കുന്ന സ്റ്റൂഡിയോയിലാണ് ഏജന്റുമാർ ആഴ്ചതോറും സംഗമിച്ചിരുന്നത്.

ജിബിജി നിധിയുടെ നീലേശ്വരത്തെപ്രധാന ഏജന്റായ ഇന്റീരിയൽ സ്ഥാപന ഉടമയടക്കം രാജാറോഡിലെ സ്റ്റുഡിയോയിൽ സ്ഥിരമായി ഏത്താറുണ്ടായിരുന്നു. ഒളിവിലായ ഡയറക്ടർമാർക്ക് വേണ്ടിയും പോലീസ് വ്യാപകമായി വല വീശിയിട്ടുണ്ട്. കുണ്ടംകുഴിയിലെ ജിബിജി നിധി ഓഫീസ് ഇന്നലെ ബേഡകം പോലീസ് പൂട്ടിച്ചിരുന്നു.

LatestDaily

Read Previous

ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയില്‍

Read Next

വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം: പ്രതിയ്ക്ക് 4 മാസം യാത്രാവിലക്ക്