രാജാസ് എൽ.പി. സ്കൂൾ ശതാബ്ദി; പുത്തരിയിൽ കല്ലുകടി

സ്വന്തം ലേഖകൻ

നീലേശ്വരം: നഗരസഭയുടെ കീഴിലുള്ള സ്വകാര്യ മാനേജ്മെന്റ് എൽപി സ്കൂൾ ശതാബ്ദിയാഘോഷത്തിന്റെ സംഘാടക സമിതി ചെയർമാൻ സ്ഥാനത്ത് മുൻ നഗരസഭാധ്യക്ഷനെ തെരഞ്ഞെടുത്തത് പ്രോട്ടോക്കോൾ ലംഘനം. നീലേശ്വരം നഗരസഭാ പരിധിയിൽ നഗരസഭാ കാര്യാലയത്തിന്റെ സമീപത്തുള്ള സ്വകാര്യ മാനേജ്മെന്റ് സ്കൂളായ  രാജാസ് എൽപി സ്കൂളിന്റെ സുവർണ്ണ ജൂബിലിയാഘോഷത്തിന്റെ സംഘാടക സമിതി ചെയർമാൻ സ്ഥാനമാണ് മുൻ നഗരസഭാധ്യക്ഷന് നൽകിയത്.

നീലേശ്വരം നഗരസഭാ ഭരണ സമിതിയുടെ ചെയർപേഴ്സൺ ടി.വി. ശാന്തയാണെങ്കിലും, മുൻ നഗരസഭാധ്യക്ഷൻ കെ.പി. ജയരാജനെയാണ് എൽ.പി. സ്കൂൾ സുവർണ്ണ ജൂബിലിയാഘോഷങ്ങളുടെ ചെയർമാനായി തെരഞ്ഞെടുത്തത്. നഗരസഭാധ്യക്ഷയെ രക്ഷാധികാരിയെന്ന ഓമനപ്പേരിട്ട് ഒതുക്കുകയും ചെയ്തു. നൂറ് വർഷം പിന്നിടുന്ന രാജാസ് എൽപി സ്ക്കൂളിന്റെ ശതാബ്ദിയാഘോഷങ്ങളുടെ സംഘാടക സമിതി രൂപീകരണം ജനുവരി 15 നാണ് എംഎൽഏ രാജഗോപാലൻ ഉദ്ഘാടനം ചെയ്തത്.

നഗരസഭാധ്യക്ഷ  ചടങ്ങിൽ പങ്കെടുത്തിരുന്നുവെങ്കിലും, പ്രോട്ടോക്കോൾ ലംഘിച്ചുള്ള സംഘാടക സമിതി രൂപീകരണത്തിന് അവർക്ക് നിശ്ശബ്ദ സാക്ഷിയാകേണ്ടി വന്നു. നഗരസഭാ പരിധിയിൽ നീലേശ്വരം ടൗണിന് മധ്യത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സുവർണ്ണ ജൂബിലിയാഘോഷത്തിന്റെ സംഘാടക സമിതി ചെയർപേഴ്സൺ പദവി നഗരസഭാധ്യക്ഷ ടി.വി. ശാന്തയ്ക്ക് നൽകാതെ മുൻ ചെയർമാന് നൽകിയത് അധ്യക്ഷയെ വിളിച്ചു വരുത്തി അപമാനിക്കുന്നതിന് തുല്യമായെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.

1918-ൽ സ്ഥാപിതമായ രാജാസ് സ്ക്കൂൾ നീലേശ്വരം കോവിലകത്തിന്റെ മാനേജ്മെന്റിന് കീഴിലാണ് പ്രവർത്തിക്കുന്നത്. രാജാസ് ഹൈസ്ക്കൂളിന്റെ ശതാബ്ദിയാഘോഷങ്ങൾക്കായി നാല് വർഷങ്ങൾക്ക് മുമ്പ് സംഘാടക സമിതി രൂപീകരിച്ചിരുന്നുവെങ്കിലും, ആഘോഷങ്ങൾ പാതിവഴിയിൽ അവസാനിക്കുകയായിരുന്നു.

പിടിഏയുടെ പക്കലുള്ള പണത്തിൽ കണ്ണുവെച്ചാണ് വർഷങ്ങൾക്ക് മുമ്പ് ശതാബ്ദിയാഘോഷങ്ങൾക്ക് സംഘാടക സമിതി രൂപീകരിച്ചതെങ്കിലും, പിടിഏ ഫണ്ട് നൂറാം വാർഷികത്തിന് ചെലവഴിക്കാൻ സ്ക്കൂളധികൃതർ സമ്മതിക്കാത്തതിനെ തുടർന്നാണ് ശതാബ്ദിയാഘോഷം അന്ന് ചീറ്റിപ്പോയത്.

നിലവിൽ നഗരസഭാധ്യക്ഷയെ മാറ്റി നിർത്തി മുൻ നഗരസഭാധ്യക്ഷനെ സംഘാടക സമിതി ചെയർമാനാക്കിയത് പുത്തരിയിൽ തന്നെ കല്ലുകടിച്ച അവസ്ഥയുണ്ടാക്കിയെന്ന് നാട്ടുകാർ ആരോപിച്ചു. നീലേശ്വരം നഗരസഭാ മുൻ അധ്യക്ഷൻ കെ.പി. ജയരാജൻ ചെയർമാനായും കോൺഗ്രസ് പ്രാദേശിക നേതാവ് എറുവാട്ട് മോഹനൻ വർക്കിംഗ് ചെയർമാനും, പ്രധാനാധ്യാപിക എം.വി. വനജ ജനറൽ കൺവീനറും, പി.കെ. ഫൈസൽ ട്രഷററുമായ സംഘാടക സമിതിയാണ് നൂറാം വാർഷികാഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

LatestDaily

Read Previous

മുൻകൂർ ജാമ്യാപേക്ഷയുടെ ബലത്തിൽ വിനോദ് അറസ്റ്റ് പ്രതീക്ഷിച്ചില്ല

Read Next

‘ദാവൂദിന്റെ പുതിയ ഭാര്യ പാക് യുവതി’; പുതിയ വെളിപ്പെടുത്തലുമായി സഹോദരീ പുത്രൻ