കുണ്ടംകുഴി നിക്ഷേപത്തട്ടിപ്പ് വിനോദ്കുമാർ അറസ്റ്റിൽ

സ്റ്റാഫ് ലേഖകൻ

കാസർകോട്: പ്രമാദമായ കുണ്ടംകുഴി ജിബിജി നിക്ഷേപത്തട്ടിപ്പിന്റെ സൂത്രധാരൻ ഡി. വിനോദ്കുമാർ 43, അറസ്റ്റിൽ. ഇന്ന് പുലർച്ചെ കാസർകോട് നഗരത്തിലെ ഹോട്ടൽ മുറിയിൽ നിന്നാണ് വിനോദിനെ കാസർകോട് ഡിസിആർബി ഡിവൈഎസ്പി,  അബ്ദുൾ  റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. കാസർകോട് പ്രസ്സ് ക്ലബ്ബിൽ ഇന്ന് രാവിലെ 11 മണിക്ക് പത്രസമ്മേളനം നടത്തി ജിബിജി കമ്പനിയുടെ നിക്ഷേപകരുമായി  സംസാരിക്കുമെന്ന് വിനോദ്കുമാർ ഇന്നലെ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

ഇതനുസരിച്ച് ഇന്നലെ രാത്രിയിൽ രഹസ്യമായി കാസർകോട്ടെത്തിയ തട്ടിപ്പുകേസ്സിലെ ഒന്നാം പ്രതി വിനോദിനെ ഇന്ന് പുലർച്ചെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ജില്ലാ പോലീസ് ആസ്ഥാനത്ത് എത്തിച്ച പ്രതിയെ പിന്നീട് പതിനൊന്ന് മണിയോടെ ബേഡകം പോലീസ് സ്റ്റേഷനിലേക്ക് പോലീസ് വാഹനത്തിൽ കൊണ്ടുപോയി.

വിനോദ്കുമാർ ഇന്ന് രാവിലെ പ്രസ്സ് ക്ലബ്ബിൽ പത്ര സമ്മേളനം നടത്താൻ എത്തുമെന്നറിഞ്ഞ്  നൂറോളം നിക്ഷേപകർ കാലത്ത് 9 മണിക്ക് തന്നെ പ്രസ്സ് ക്ലബ്ബ് പരിസരത്ത് എത്തിയിരുന്നുവെങ്കിലും, അപ്പോഴേയ്ക്കും വിനോദിനെ ഹോട്ടൽ മുറിയിൽ നിന്ന് പുലർകാലം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒരു അംഗ രക്ഷകനും കാർ ഡ്രൈവറുമാണ് കസ്റ്റഡിയിലെടുക്കുമ്പോൾ പ്രതിക്കൊപ്പമുണ്ടായിരുന്നതെങ്കിലും,  ഇവരെ പോലീസ് പോകാൻ അനുവദിച്ചു.

വിനോദ്കുമാർ പ്രസ്സ് ക്ലബ്ബിലെത്തുമെന്ന് പ്രതീക്ഷിച്ച് കുണ്ടംകുഴിയിൽ നിന്നും കരിവെള്ളൂർ,  നീലേശ്വരം, ആണൂർ ഭാഗത്തുനിന്നും നിക്ഷേപകരായ സ്ത്രീകളും പുരുഷൻമാരും പ്രസ്സ് ക്ലബ്ബിന് മുന്നിൽ  കാത്തിരുന്നുവെങ്കിലും,  പോലീസ് തന്ത്രപരമായി രാത്രിയിൽ തന്നെ ഹോട്ടൽ പരിസരത്ത് പ്രതിക്ക് വേണ്ടി കൊണിയെരുക്കിയിരുന്നു.

LatestDaily

Read Previous

തേനീച്ചയുടെ കുത്തേറ്റ് മരിച്ചു

Read Next

സ്‌കൂള്‍ യൂണിഫോം ലിംഗനിഷ്പക്ഷമാക്കാൻ എൻസിഇആർടി നിർദ്ദേശം