ഫാർമേഴ്സ് ബാങ്ക് പീഡനം ഒതുക്കി

സ്വന്തം ലേഖകൻ

ചെറുവത്തൂർ : ഏറെ കോളിളക്കമുണ്ടാക്കിയ ചെറുവത്തൂർ ഫാർമേഴ്സ് ബാങ്ക് പീഡനക്കേസ്സിൽ നിന്നും പരാതിക്കാരി പിന്മാറി. ചെറുവത്തൂർ ഫാർമേഴ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക് മാനേജിംഗ് ഡയരക്ടർ പി.കെ. വിനയകുമാറിനെതിരെ യുവഭർതൃമതി നൽകിയ പരാതിയിൽ ചന്തേര പോലീസ് റജിസ്റ്റർ ചെയ്ത മാനഭംഗശ്രമക്കേസ്സാണ് 7.8 ലക്ഷം രൂപ നൽകി ഒത്തുതീർന്നത്.

പരാതിക്കാരിയെ ചെറുവത്തൂർ ഫാർമേഴ്സ് ബാങ്ക് എം.ഡി., പി.കെ. വിനയകുമാർ ബാങ്ക് ക്യാബിനിൽ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയാണ് പരാതിക്കാരി 7,80,000 രൂപ നഷ്ടപരിഹാരം  വാങ്ങി ഒത്തുതീർത്തത്.  പയ്യന്നൂരിലെ അഭിഭാഷകൻ മുഖാന്തിരമാണ് കേസ്സ് റദ്ദാക്കുന്നതിന് പരാതിക്കാരിയും, പ്രതിയും ഹൈക്കോടതിയിൽ ഹരജി ഫയൽ ചെയ്തത്.

ഭാരതീയ ദളിത് കോൺഗ്രസ് മണ്ഡലം സിക്രട്ടറി തെക്കേ വളപ്പ് സ്വദേശി കെ. ദീലീപ്കുമാർ, ബാങ്ക് പ്രസിഡണ്ടും, നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് ജനറൽ സിക്രട്ടറിയുമായ വി. കൃഷ്ണൻ. പി.കെ. വിനയകുമാറിന്റെ സഹോദരനും കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ പ്രസിഡണ്ടുമായ പി.കെ. വിനോദ്കുമാർ എന്നിവർ മുൻകൈയ്യെടുത്താണ്  പീഡന പരാതി ഒതുക്കിയത്.

പരാതിയുമായി മുന്നോട്ട് പോയാൽ പി.കെ. വിനയകുമാറിന്റെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ മുഴുവൻ നഷ്ടപ്പെടുമെന്ന് കണ്ടതിനാലാണ് കേസ്സ് ഒത്തുതീർക്കാൻ പരാതിക്കാരിയിൽ സമ്മർദ്ദമുണ്ടായത്. കേസ്സ് ഒത്തുതീർക്കാൻ 25 ലക്ഷം രൂപയാണ് പരാതിക്കാരി ആദ്യം ആവശ്യപ്പെട്ടത്. ബാങ്ക് ചെയർമാൻ വി. കൃഷ്ണൻ, കെ. ദിലീപ്കുമാർ എന്നിവരുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് യുവതി പിന്നീട് 7,80,000 രൂപ വാങ്ങി കേസ്സ് ഒത്തുതീർത്തത്.

പരാതിക്കാരിയുടെ ഭർത്താവായ സിഐടിയു നേതാവിന്റെ പേരിൽ കാലിക്കടവ് കേരള ബാങ്ക് ശാഖയിലുള്ള 7,50,000 രൂപയുെട വായ്പ അടച്ചുതീർക്കാൻ കേസ്സിലെ പ്രതി പി.കെ. വിനയകുമാർ സമ്മതിക്കുകയും, ഇതിന് പുറമെ 30,000 രൂപ ചെലവിനത്തിൽ അതിജീവിതയ്ക്ക് കൈമാറുകയുമായിരുന്നു.

പണം കൈമാറിയതിന് പിന്നാലെയാണ് പയ്യന്നൂരിലെ അഭിഭാഷകൻ മുഖേന ഹൈക്കോടതിയിൽ കേസ്സ് പിൻവലിക്കാൻ പരാതിക്കാരി ഹരജി നൽകിയത്. ചെറുവത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അറിയാതെയാണ് ബാങ്ക് പീഡനക്കേസ്സ് ഒത്തുതീർത്തതെന്ന് ആരോപണമുയർന്നു. മാധ്യസ്ഥ ചർച്ചകൾക്ക് ഇടനില നിന്ന ദളിത് കോൺഗ്രസ് മണ്ഡലം നേതാവ് പരാതിക്കാരിയിൽ നിന്നും 10,000 രൂപ കമ്മീഷൻ വാങ്ങിയതായി കോൺഗ്രസിലെ ഒരുവിഭാഗം ആക്ഷേപമുയർത്തിയിട്ടുണ്ട്.

LatestDaily

Read Previous

നഗ്നതാ പ്രദർശനം; ഡ്രൈവർക്കെതിരെ കേസ്

Read Next

കുണ്ടംകുഴി നിക്ഷേപത്തട്ടിപ്പിൽ 17 കേസുകൾ രജിസ്റ്റർ ചെയ്തു