അധ്യാപകന്റെ തിരോധാനത്തിന് ഒരുമാസം

സ്വന്തം ലേഖകൻ

പടന്ന : പടന്നയിൽ നിന്നും അധ്യാപകനെ കാണാതായിട്ട് ഇന്നേക്ക് ഒരുമാസം കഴിഞ്ഞിട്ടും അധ്യാപകനെ തേടിയുള്ള പോലീസിന്റെ അന്വേഷണം എങ്ങുമെത്തിയില്ല. പടന്നക്കടപ്പുറം ഗവൺമെന്റ് സ്കൂൾ അധ്യാപകനായ തൃക്കരിപ്പൂർ പൊറോപ്പാട്ടെ എം. ബാബുവിനെയാണ് 43, കഴിഞ്ഞമാസം 11 മുതൽ സ്കൂളിൽ നിന്നും കാണാതായത്.

ഡിസംബർ 11-ന് സ്കൂളിൽ സ്പെഷ്യൽ ക്ലാസ്സെടുക്കാനെത്തിയ അധ്യാപകനെ ഉച്ചയോടെയാണ് സ്കൂളിൽ നിന്നും കാണാതായത്. ഇദ്ദേഹത്തിന്റെ ഇരുചക്രവാഹനം സ്കൂൾ പരിസരത്ത് നിർത്തിയിട്ട നിലയിലായിരുന്നു. എം. ബാബുവിന്റെ ഫോണിലേക്ക് വന്ന ഫോൺവിളി സന്ദേശത്തിന് പിന്നാലെയാണ് ഇദ്ദേഹത്തെ സ്കൂളിൽ നിന്നും കാണാതായത്.

അധ്യാപകൻ ഫോണിൽ സംസാരിച്ചുകൊണ്ട് കടപ്പുറത്ത് കൂടി നടന്നുപോകുന്നതിന്റെ നിരീക്ഷണ ക്യാമറാ  ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നുവെങ്കിലും പിന്നീട് ഇദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവുമില്ല. ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 15കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ എം. ബാബുവിനെതിരെ ചന്തേര പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെയാണ് ഇദ്ദേഹത്തെ കാണാതായത്.

കാണാതായ അധ്യാപകന് വേണ്ടി തീരദേശ പോലീസിന്റെ നേതൃത്വത്തിൽ കടലിലും പരിശോധന നടത്തിയിരുന്നു. ബാബുവിനെ കാണാതായതിന് പിന്നാലെ വടകര കടപ്പുറത്ത് അജ്ഞാത മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ചന്തേര പോലീസ് അധ്യാപകന്റെ ബന്ധുക്കളോടൊപ്പം വടകരയിലെത്തി മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ പരിശോധിച്ച ശേഷം മൃതദേഹം ബാബുവിന്റേതല്ലെന്ന് സ്ഥിരീകരിച്ചിരുന്നു.

വടകരയിൽ നിന്നും ലഭിച്ച അജ്ഞാത മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ ഡി.എൻ.ഏ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കാണാതായ അധ്യാപകന് വേണ്ടി ചന്തേര പോലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കിയിരുന്നുവെങ്കിലും, ഫലമുണ്ടായില്ല. കാണാതായി ഒരു മാസത്തിന് ശേഷവും ഇദ്ദേഹം എവിടെയെന്നതിനെക്കുറിച്ച് ചന്തേര പോലീസിന് സൂചനയൊന്നും ലഭിച്ചിട്ടില്ല.

LatestDaily

Read Previous

വഖഫ് കമ്മീഷണർ നീലേശ്വരം പള്ളി സന്ദർശിക്കും

Read Next

യുവതിയുടെ വയറ്റിൽ നിന്ന് 12 കിലോ മുഴ നീക്കി