ഉദുമ പീഡനക്കേസിൽ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ന്യൂദല്‍ഹി : കാസര്‍കോട് ഉദുമ പടിഞ്ഞാർ ലൈംഗിക പീഡനക്കേസില്‍ പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. കേസിൽ ചില വസ്തുതകള്‍ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

കേസ്സന്വേഷിച്ച ഉദ്യോഗസ്ഥന്‍ കോടതിയില്‍ സമര്‍പ്പിച്ച കേസ് ഡയറിയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ ദിവസങ്ങളില്‍ പ്രതികള്‍ വിദേശത്തായിരുന്നവെന്നാണ് രേഖപ്പെടുത്തിയിരുന്നതെന്ന് പ്രതികള്‍ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന്‍ ആര്‍. ബസന്തും അഭിഭാഷകന്‍ മുകുന്ദ് പി. ഉണ്ണിയും വാദിച്ചു. എന്നാല്‍, പീഡനത്തിനിരയായ തീയ്യതികള്‍ പെണ്‍കുട്ടി രഹസ്യ മൊഴിയില്‍ പറഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിദേശത്തിരുന്ന് പ്രതികള്‍ പെണ്‍കുട്ടിയെ ബ്ലാക്മെയില്‍ ചെയ്തത് ഗൗരവ്വമേറിയ സംഭവമാണെന്നും ബെഞ്ച് നിരീക്ഷിച്ചു.

കേസ് ഞെട്ടിപ്പിക്കുന്നതാണെന്നും അതിനാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും, സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിങ് കോണ്‍സല്‍ നിഷ രാജന്‍ ഷൊങ്കര്‍ കോടതിയില്‍ വാദിച്ചു. ഉദുമ പടിഞ്ഞാർ സ്വദേശികളും  പ്രവാസികളുമായ ഹക്കീം, ഷഹബാസ്, മുനീർ, കെ.വി. ഷക്കീൽ, നൗഫൽ, എച്ച്. എം. സർഫറാസ്, ഇജാസ് എന്നിവരാണ് പ്രമാദമായ ബലാത്സംഗക്കേസ്സിൽ മുൻകൂർ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചത്. ഇന്നാണ് പ്രതികളുടെ  ജാമ്യാപേക്ഷ പരിഗണനയ്ക്ക് വന്നത്.

ലൈംഗിക പീഡനത്തിനിരയായ യുവതി ആദ്യം ബേക്കൽ പോലീസിലാണ് പരാതി നൽകിയത്. മാസങ്ങൾ നീണ്ടുനിന്ന ലൈംഗിക പീഡനത്തിനിരയായ യുവതിയുടെ ഭർത്താവ് വിദേശത്തും എറണാകുളത്തുമായി ജോലി ചെയ്തു വരുമ്പോഴാണ് യുവതിയെ രാത്രി ഏറെ വൈകി ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി ഓരോ പ്രതികളും യുവതിയുടെ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിച്ചത്. യുവതിക്ക് ഒരു കുട്ടിയുണ്ട്. ഭർത്താവ് ഇപ്പോൾ നാട്ടിലുണ്ട്.

കേസ്സിൽ മൊത്തം  21 പ്രതികളുണ്ട്. ഇവരെല്ലാം കാസർകോട് ജില്ലക്കാരാണ്.  6 പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഒടുവിൽ അറസ്റ്റിലായ പ്രതി നൗഷാദാണ്. 2020 ആഗസ്റ്റ് 31-നാണ് യുവതി ആദ്യ ലൈംഗിക പീഡന പരാതി ബേക്കൽ പോലീസിൽ നൽകിയത്. അന്ന് 5 പ്രതികളുടെ പേരിലാണ് പോലീസ് കേസ്സ് റജിസ്റ്റർ ചെയ്തത്.

കേസ്സ് റജിസ്റ്റർ ചെയ്ത് കെട്ടിവെച്ചതല്ലാതെ ബേക്കൽ പോലീസ് ഒരു പ്രതിയെപ്പോലും അറസ്റ്റി ചെയ്തിരുന്നില്ല. 5 പ്രതികൾക്ക് പിന്നീട് ജില്ലാ കോടതി മുൻകൂർ ജാമ്യം നൽകി. അതിജീവിത കേരള ഹൈക്കോടതിയിൽ നൽകിയ ഹരജിയെത്തുടർന്ന് കേസ്സ് ക്രൈം ബ്രാഞ്ചിന് കൈമാറുകയും മുൻകൂർ ജാമ്യം റദ്ദാക്കുകയും ചെയ്തു. ഇപ്പോൾ ക്രൈംബ്രാഞ്ച് കണ്ടെത്തിയ പ്രതികളാണ് അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ സുപ്രീംകോടതിയെ സമീപിച്ച് പരാജയപ്പെട്ടത്.

LatestDaily

Read Previous

അഞ്ജുശ്രീ ജീവൻ ത്യജിച്ചത്  കൂട്ടുകാരന്റെ വേർപാടിൽ

Read Next

ഭക്ഷ്യവിഷബാധ: കാസർകോട്  സ്വദേശി ഉൾപ്പെടെ അറസ്റ്റിലായവരുടെ എണ്ണം രണ്ട്