സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കാസർകോടിന്റെ യശസ്സ് ഉയർത്തി കാഞ്ഞങ്ങാട് ദുർഗ്ഗ

കാഞ്ഞങ്ങാട് : സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കാസർകോടിന്റെ യശസ്സ് ഉയർത്തി ദുർഗ ഹയർ സെക്കണ്ടറി സ്കൂൾ. ഹയർസെക്കൻഡറി വിഭാഗത്തിൽ ഓവറോൾ കിരീടമാണ് കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്‌കൂൾ നേടിയത്. ഹൈസ്‌കൂൾ-ഹയർസെക്കൻഡറി വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി.

114 പോയിന്റ് നേടിയാണ് ദുർഗ മൂന്നാം സ്ഥാനത്തെത്തിയത്. 156 പോയിന്റ് നേടിയ പാലക്കാട് ആലത്തൂർ ഗുരുകുലം ഹയർസെക്കൻഡറി സ്‌കൂൾ ഒന്നാം സ്ഥാനവും 142 പോയിന്റോടെ തിരുവനന്തപുരം വഴുതക്കാട് കാർമൽ സ്‌കൂൾ രണ്ടാം സ്ഥാനവും നേടി. ഹയർസെക്കൻഡറി വിഭാഗത്തിൽ പാലക്കാട് ഗുരുകുലം സ്‌കൂളിനെ പിന്നിലാക്കിയാണ് ദുർഗ ഓവറോൾ കിരീടം സ്വന്തമാക്കിയത്. 71 പോയിന്റ് ലഭിച്ചു.

സംസ്‌കൃതോത്സവത്തിൽ 40 പോയിന്റ് നേടി ദുർഗ രണ്ടാം സ്ഥാനം സ്വന്തമാക്കി. ഹൈസ്‌കൂൾ വിഭാഗത്തിൽ ആറാം സ്ഥാനവും ദുർഗയ്ക്കു ലഭിച്ചു. കലോത്സവത്തിൽ പങ്കെടുത്ത 631 സ്‌കൂളുകളുടെ പട്ടികയിൽ തിളക്കമാർന്ന പ്രകടനത്തോടെ മുൻനിരയിലെത്തിയ ദുർഗ ഹയർസെക്കൻഡറി സ്‌കൂളിനെ കാസർകോട് വിദ്യാഭ്യാസ ഉപഡയറക്ടർ സി.കെ. വാസു അഭിനന്ദിച്ചു.

പ്രിൻസിപ്പൽ വി.വി. അനിത, പ്രഥമാധ്യാപകൻ വിനോദ്കുമാർ മേലത്ത്, ജനറൽ കൺവീനർ വിനോദ് പുറവങ്കര, ജോയിന്റ് കൺവീനർ കെ.പി. ഹരികൃഷ്ണൻ, ഹയർസെക്കൻഡറി വിഭാഗം കൺവീനർ രൂപ രാജൻ എന്നിവരുടെ നേതൃത്വത്തിൽ ‘ദുർഗ’യുടെ 150 ലേറെ പ്രതിഭകളാണ് ഏഷ്യയിലെ ഏറ്റവും വലിയ കൗമാരമേളയിൽ പങ്കെടുത്ത് കോഴിക്കോട്ടെ തട്ടകത്തിൽ മാറ്റുരച്ചത്.

പങ്കെടുത്ത എട്ട് ഗ്രൂപ്പിനങ്ങളിലും എ ഗ്രേഡ് നേടി ദുർഗ്ഗയുടെ ഹയർസെക്കൻഡറി വിഭാഗം മത്സരാർഥികൾ വിജയത്തിളക്കം പെരുപ്പിച്ചു. ഒപ്പന, തിരുവാതിര, കൂടിയാട്ടം, നാടകം, ചെണ്ടമേളം, പരിചമുട്ട്, കോൽക്കളി, സംഘഗാനം എന്നിവയിലാണ് എ ഗ്രേഡ് നേടിയത്. വ്യക്തിഗത ഇനങ്ങളിൽ മത്സരിച്ച എട്ടെണ്ണത്തിൽ  മോണോ ആക്ട് (പെൺ), ഓട്ടൻതുള്ളൽ, കഥകളിസംഗീതം, കവിതാരചന (ഇംഗ്ലീഷ്), ഉപന്യാസം (ഹിന്ദി), കവിതാരചന (സംസ്‌കൃതം) എന്നീ ആറു ഇനങ്ങളിലും എ ഗ്രേഡ് നേടി.

LatestDaily

Read Previous

ഭക്ഷ്യവിഷബാധ: കാസർകോട്  സ്വദേശി ഉൾപ്പെടെ അറസ്റ്റിലായവരുടെ എണ്ണം രണ്ട്

Read Next

ലഹരി വഴക്കിൽ തലശ്ശേരിയിൽ ഒന്നര മാസത്തിനിടെ മൂന്ന് കൊലപാതകങ്ങൾ