പോക്സോ പ്രതി രണ്ടുപേരെ വാക്കത്തി കൊണ്ട് വെട്ടി

സ്വന്തം ലേഖകൻ

നീലേശ്വരം : പോക്സോ കേസ്സിൽ പ്രതിയായ യുവാവിന്റെ വെട്ടേറ്റ്  രണ്ടുപേർക്ക് പരിക്കേറ്റ സംഭവത്തിൽ നീലേശ്വരം പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു. ഇന്നലെ രാത്രി 10 മണിക്ക് ചോയ്യങ്കോട് കൊല്ലമ്പാറയിലാണ് പോക്സോ കേസ്സിൽ പ്രതിയായ യുവാവ് മദ്യലഹരിയിൽ രണ്ടുപേരെ വാക്കത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചത്.

പാറക്കോൽ കുന്നുമ്മൽ ഹൗസിൽ പി.വി. രാജന്റെ മകൻ എം.വി. രഞ്ജിരാജ് 25, ചോയ്യങ്കോട് പാത്തടുക്കം ഇ.വി. ബാലകൃഷ്ണന്റെ മകൻ പി. സുകേഷ് 30, എന്നിവരെയാണ് ചോയ്യങ്കോട് കക്കോലിലെ  ബിജു 40, മദ്യലഹരിയിൽ വാക്കത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചത്.

ഇന്നലെ രാത്രി ബിജുവിന്റെ വീടിന് മുൻവശത്ത് ബൈക്കിലെത്തിയ എം.വി. രഞ്ജിരാജ് ബൈക്കിന് തകരാർ പറ്റിയതിനെത്തുടർന്ന് പരിശോധന നടത്തുന്നതിനിടെയാണ് ബിജു യാതൊരു പ്രകോപനവുമില്ലാതെ അപ്രതീക്ഷിതമായി രഞ്ജിരാജിനെ വാക്കത്തി കൊണ്ട് വെട്ടിയത്. പരിക്കേറ്റ യുവാവ് സുഹൃത്ത് സുകേഷിനെ സംഭവ സ്ഥലത്തേക്ക് ഫോണിൽ വിളിച്ച് വരുത്തുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ സുകേഷിനെയും ബിജു വാക്കത്തി കൊണ്ട് കഴുത്തിന് വെട്ടി.

ഇരുവരുടെയും വാഹനങ്ങൾ ബിജു അടിച്ച് തകർത്തു. വാഹനങ്ങൾ നശിപ്പിച്ചതിൽ 30,000 രൂപയുടെ നഷ്ടം സംഭവിച്ചതായി രഞ്ജിരാജ് നീലേശ്വരം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരിക്കേറ്റ യുവാക്കൾ നീലേശ്വരം താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ നീലേശ്വരം പോലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസ്സിൽ പ്രതിയാണ് ബിജു. ഇദ്ദേഹത്തിനെതിരെ നരഹത്യാശ്രമമടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.

Read Previous

കൽക്കരി കുംഭകോണ കേസ്; അദാനി എന്റർപ്രൈസസിന്റെ പങ്ക് അന്വേഷിക്കാൻ കോടതി ഉത്തരവ്

Read Next

ഫേസ്ബുക്കിൽ വ്യാജ പ്രചാരണം നടത്തിയതിന് കേസ്