ഭക്ഷ്യവിഷബാധ; പെരുമ്പള വിദ്യാർത്ഥിനി മരിച്ചു

സ്വന്തം ലേഖകൻ

മേൽപ്പറമ്പ്: കുഴിമന്തി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളുണ്ടായതിനെ  തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. പെരുമ്പള  ബേണൂരിലെ പരേതനായ കുമാരന്റെ മകൾ  അഞ്ജുശ്രീ പാര്‍വ്വതിയാണ്   20 മരിച്ചത്. കാസർകോട്ടെ റൊമാൻസിയ റസ്റ്റോറന്റിൽ നിന്നും  ഓണ്‍ലൈനായി വരുത്തിയ കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥിനിക്ക്  ശാരീരികാസ്വാസ്ഥ്യമുണ്ടായത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന യുവതി ഇന്ന് പുലർച്ചെ 5.15നാണ് മരിച്ചത്.

മംഗളൂരു  സ്വകാര്യ സ്ഥാപനത്തിൽ വിദ്യാര്‍ഥിനിയാണ് അഞ്ജുശ്രീ പാര്‍വ്വതി. ക്രിസ്മസ്- പുതുവത്സര അവധിക്ക് നാട്ടിലെത്തിയ അഞ്ജുശ്രീ ഡിസംബർ 31-നാണ് ഓണ്‍ലൈനായി കുഴിമന്തി വാങ്ങിയത്. വീട്ടിൽ കുടുംബത്തിനൊപ്പം ഭക്ഷണം കഴിച്ചവര്‍ക്കെല്ലാം ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു. അഞ്ജുശ്രീ പാര്‍വ്വതിയുടെ നില മോശമായിരുന്നു. തുടര്‍ന്ന്‌ കാസര്‍കോട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ആരോഗ്യസ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.  മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുവന്ന ശേഷം  ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പരിയാരം മെഡിക്കല്‍ കോളേജിൽ പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോകും. കുടുംബം മേല്‍പ്പറമ്പ് പോലീസിന് നല്‍കിയ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ഭക്ഷ്യ വിഷബാധയേത്തുടര്‍ന്ന് സംസ്ഥാനത്ത് ആറുദിവസത്തിനിടെ ജീവന്‍ നഷ്ടപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. കോട്ടയം സംക്രാന്തിയില്‍ ‘മലപ്പുറം കുഴിമന്തി’ ഹോട്ടലില്‍ നിന്ന് വരുത്തിച്ച അല്‍ഫാം കഴിച്ച് നഴ്‌സായ രശ്മി മരണപ്പെട്ടത് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി. ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.

അതേസമയം, ഭക്ഷ്യവിഷബാധ പരിശോധിക്കാന്‍ രണ്ടുസംഘങ്ങളെ ചുമതലപ്പെടുത്തി. കാസര്‍കോടും കണ്ണൂരുമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തും. ഹോട്ടലിലെ വെള്ളവും ഭക്ഷണവും പരിശോധിക്കും. അഞ്ജുവിനെ പരിചരിച്ച ഡോക്ടറുടെ  മൊഴിയെടുക്കും. കാസർകോട് ഭക്ഷ്യ വിഷബാധ മൂലമുണ്ടായ മരണത്തിൽ കുറ്റക്കാർക്കെതിരെ കർശ്ശന നടപടി ഉണ്ടാകുമെന്ന് ഭക്ഷ്യ സുരക്ഷ കമ്മീഷണർ വി. ആർ. വിനോദ് പറഞ്ഞു.

പ്രാഥമിക അന്വേഷണം നടക്കുകയാണ്. ഫുഡ് സാമ്പിളുകൾ ശേഖരിക്കും. അന്വേഷണ റിപ്പോർട്ട്   ഉച്ചയോടെ ലഭിക്കുമെന്നാണ്   പ്രതീക്ഷിക്കുന്നതെന്നും ഹോട്ടൽ ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ പാലിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്നും  അദ്ദേഹം   വ്യക്തമാക്കി.

LatestDaily

Read Previous

സംവിധായകന്റെ മികച്ച തുടക്കം; ‘മാളികപ്പുറ’ത്തെ പ്രശംസിച്ച് ജൂഡ് ആന്റണി ജോസഫ്

Read Next

അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു