സിപിഎം കുതിക്കുന്നു ; കോൺഗ്രസ് കിതയ്ക്കുന്നു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സിപിഎം ഗൃഹ സന്ദർശനമാരംഭിക്കുകയും, ബിജെപി ബഹുജന സമ്പർക്ക പരിപാടികൾ ആരംഭിക്കുകയും ചെയ്തിട്ടും,  കോൺഗ്രസ് നിസ്സംഗത പുലർത്തുന്നതിനെതിരെ കോൺഗ്രസ്സ്  പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തമായി.

കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കെ. മുരളീധരൻ എം.പി. രംഗത്തുവന്നതോടെയാണ് നേതൃത്വത്തിന്റെ ഉദാസീന നിലപാടിനെതിരെ കോൺഗ്രസിൽ ഉയർന്നുവരുന്ന പ്രതിഷേധം മറനീക്കി പുറത്തുവന്നത്.

കെപിസിസി പുനഃസംഘടനാ വിഷയത്തിൽ കെപിസിസി പ്രസിഡണ്ട് കെ. സുധാകരനും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇരുതട്ടിലായ സാഹചര്യത്തിൽ കോൺഗ്രസിലെ സംഘടനാ വീഴ്ചയ്ക്കെതിരെയാണ് കെ. മുരളീധരൻ കഴിഞ്ഞ ദിവസം പരസ്യമായി രംഗത്തുവന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കുന്ന സാഹചര്യത്തിലാണ് സിപിഎം ഒരുമുഴം നീട്ടിയെറിഞ്ഞ് ഗൃഹസന്ദർശന പരിപാടികൾ ആരംഭിച്ചത്. സിപിഎം സംസ്ഥാന സിക്രട്ടറി എം.വി. ഗോവിന്ദൻ തന്നെ നേരിട്ടിറങ്ങി ഗൃഹസന്ദർശന പരിപാടികളിൽ സംബന്ധിക്കുന്നത്സിപിഎം അണികളിൽ ആവേശമുണ്ടാക്കിയിട്ടുണ്ട്.  ക്രിസ്തുമസിനോടനുബന്ധിച്ച് ബിജെപി സംസ്ഥാനാധ്യക്ഷന്റെ നേതൃത്വത്തിൽ ക്രിസ്തീയ ഭവനങ്ങളിലും സന്ദർശനം നടന്നിരുന്നു.

സിപിഎമ്മും ബിജെപിയും വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ആരംഭിച്ചുവെങ്കിലും കോൺഗ്രസ് മാത്രം ഇതുവരെ ഉണർന്നിട്ടില്ല. ഇതിന്റെ പ്രതിഷേധമെന്ന നിലയിലാണ് കെ. മുരളീധരൻ പാർട്ടി നേതൃത്വത്തിനെതിരെ ഇന്നലെ പരസ്യമായി പ്രതികരിച്ചത്. കെ.പി.സി.സി. പുനഃസംഘടന നീളുന്നതിനനുസരിച്ച് കോൺഗ്രസിലെ ആഭ്യന്തര പ്രതിസന്ധിയും രൂക്ഷമായിട്ടുണ്ട്.

ജയരാജന്മാർ തമ്മിലുള്ള തർക്കത്തെച്ചൊല്ലി സിപിഎമ്മിലുണ്ടായ ആശയ ഭിന്നതകൾ സംസ്ഥാന സിക്രട്ടറിയുടെ  ഗൃഹസന്ദർശന പരിപാടികൾക്ക് തുടക്കം കുറിച്ചതോടെ താൽക്കാലികമായി കെട്ടടങ്ങിയിട്ടുണ്ട്. ഔപചാരികമായ ഗൃഹ സന്ദർശന പരിപാടി എന്നതിലപ്പുറം പൊതുജനങ്ങളുടെ മനസ്സ് കീഴടക്കിയാണ് സിപിഎം സംസ്ഥാന സിക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഗൃഹസന്ദർശന പരിപാടികൾ മുന്നേറുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പുകളിലുണ്ടായ തുടർച്ചയായ പരാജയങ്ങൾ കോൺഗ്രസിനെ പാഠം പഠിപ്പിച്ചിട്ടില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. നിലവിലുള്ള സ്ഥിതി തുടർന്നാൽ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഗതി ദയനീയമായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. നേതാക്കൾ തമ്മിൽ നടക്കുന്ന തമ്മിലടി നിർത്താതെ കോൺഗ്രസ് ഗതി പിടിക്കില്ലെന്നും, രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ സമുദായങ്ങളെ ഒപ്പം നിർത്താനുള്ള തയ്യാറെടുപ്പിലാണ് സിപിഎം. മുജാഹിദ് സമ്മേളനത്തിൽ മുഖ്യമന്ത്രി തന്നെ പങ്കെടുത്തത്. സിപിഎം ഗൃഹസന്ദർശനം നടത്തി രാഷ്ട്രീയ അടിത്തറ ഉറപ്പിക്കുമ്പോൾ ഗ്രൂപ്പ് യുദ്ധം നടത്തി സ്വന്തം അടിത്തറ തോണ്ടുന്ന തിരക്കിലാണ് സംസ്ഥാന  കോൺഗ്രസ് നേതൃത്വം.

LatestDaily

Read Previous

ശ്രദ്ധ വോൾക്കർ കൊലപാതകം; ഡിഎൻഎ ഫലം പുറത്ത്, മൃതദേഹാവശിഷ്ടങ്ങൾ ശ്രദ്ധയുടേത്

Read Next

യു. കെ. വിസ വാഗ്ദാനം ചെയ്ത് 13 ലക്ഷം തട്ടിയെടുത്തു മുങ്ങി