പള്ളി അഴിമതി; ഓഡിറ്റർക്കെതിരെ പരാതിക്ക് നീക്കം

സ്റ്റാഫ് ലേഖകൻ

നീലേശ്വരം: രണ്ടേകാൽക്കോടി രൂപയുടെ അഴിമതി  മറനീക്കി പുറത്തുവന്ന നീലേശ്വരം തർബിയത്തുൽ ജുമാ മസ്ജിദ് പുനർ നിർമ്മാണത്തിന്റെ രേഖകൾ ഓഡിറ്റ്  ചെയ്ത് പള്ളിക്കമ്മിറ്റിക്ക് കളവായ ഓഡിറ്റ് റിപ്പോർട്ട് നൽകിയ ചെറുവത്തൂരിലെ ടാക്സ് പ്രാക്ടീഷണർ പി.വിനോദ്കുമാറിനെതിരെ അധികൃതർക്ക് പരാതി നൽകാൻ നീക്കം.

2.38 കോടി രൂപയാണ് തർബിയത്തുൽ മുസ്ലിം  ആരാധനാലയം പുനരുദ്ധരിക്കാൻ ഗൾഫിലും നാട്ടിലുമുള്ള മഹല്ല് നിവാസികളിൽ നിന്ന് പള്ളി കമ്മിറ്റി ഭാരവാഹികൾ പിരിച്ചെടുത്തത്. പള്ളി പുനഃരുദ്ധാരണത്തിന് ശേഷം വരവു ചിലവു കണക്കുകൾ തയ്യാറാക്കാൻ ടാക്സ് പ്രാക്ടീഷണർ പി.വി. വിനോദ്കുമാറിനെ അധികാരപ്പെടുത്തിയത് തർബിയത്തുൽ ഇസ്ലാം ജമാ അത്ത് കമ്മിറ്റിയുടെ പ്രസിഡണ്ടും, സിക്രട്ടറിയും, ഖജാൻജിയുമാണ്.

പള്ളി പുനഃരുദ്ധാരണത്തിന് ചിലവഴിച്ച പണത്തിന്റെ കണക്കുകൾ ഓഡിറ്റർ പരിശോധിച്ചപ്പോൾ, ഓഡിറ്റർക്ക് ലഭിച്ച പള്ളി കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടിൽ വെറും 8 ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്. ശേഷിച്ച 2.30 കോടി രൂപ ചിലവഴിച്ചതിന് യാതൊരു രേഖകളും ഓഡിറ്റർക്ക് ലഭിക്കാതിരുന്നിട്ടും, പള്ളി പുനരുദ്ധാരണ നിർമ്മാണത്തിന് നേതൃത്വം കൊടുത്ത അഴിമതിക്കാരായ ജമാ അത്ത് കമ്മിറ്റി ഭാരവാഹികളെ രക്ഷപ്പെടുത്താൻ തീർത്തും വ്യാജമായ കണക്കുകൾ എഴുതിയുണ്ടാക്കി ഒരു ക്ലീൻ ചീട്ട് ഓഡിറ്റ് റിപ്പോർട്ടാണ് ഓഡിറ്റർ പള്ളിക്കമ്മിറ്റിക്ക് നൽകിയത്.

ഏതുതരം സ്ഥാപനത്തിന്റേതായാലും സത്യസന്ധനായ ഒരു ചാർട്ടേർഡ് അക്കൗണ്ടന്റ് കം ഓഡിറ്റർ സ്ഥാപനത്തിന്റെ കണക്കുകൾ ഓഡിറ്റ് ചെയ്താൽ കണക്കുകളിൽ നടന്ന കൃത്രിമവും ഫണ്ട് തട്ടിയെടുക്കലും കണ്ടെത്തിയാൽ, ആ വിവരങ്ങൾ നിർബന്ധമായും രേഖപ്പെടുത്തിക്കൊണ്ടുള്ള ഓഡിറ്റ് റിപ്പോർട്ടാണ് തയ്യാറാക്കി സമർപ്പിക്കേണ്ടത് എന്നിരിക്കെ, പി.വിനോദ്കുമാർ ചെയ്തത് 2.38 കോടി രൂപ യുടെ പൊതുമുതൽ അപഹരിച്ച ഒരു പള്ളിക്കമ്മിറ്റിയെ ക്ലീൻ ചീട്ടിലൂടെ രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് വഖഫ് ബോർഡിൽ നിന്ന് വിവരാവകാശം വഴി ലേറ്റസ്റ്റ് ശേഖരിച്ച തർബിയത്തുൽ പള്ളിയുടെ രേഖകൾ തെളിയിക്കുന്നു.

LatestDaily

Read Previous

വാഹനാപകടത്തിൽ പരിക്ക്; ഋഷഭ് പന്ത് പ്ലാസ്റ്റിക്ക് സര്‍ജറിക്ക് വിധേയനായി

Read Next

നിരീക്ഷണ ക്യാമറകൾ നശിപ്പിച്ചു