ജില്ലയിൽ കൂട്ടബലാത്സംഗക്കേസ്സുകൾ പെരുകി ഡിസംബറിൽ മാത്രം ജയിലിലായത് 26 പേർ

സ്വന്തം ലേഖകൻ

കാസർകോട്: വീട്ടിലെ ദാരിദ്ര്യം മുതലെടുത്ത് പത്തൊമ്പതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസ്സിൽ പ്രതികളുടെ എണ്ണം പതിനാല്. കേസ്സിലെ 10 പ്രതികളെ അന്വേഷണോദ്യോഗസ്ഥനായ കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി, ഏ. സതീഷ്കുമാർ ഇതിനോടകം അറസ്റ്റ് ചെയ്തു.

ജില്ലയെ നടുക്കിയ തുടർ ബലാത്സംഗ പരമ്പരകളിൽ ഏറ്റവും ഒടുവിലത്തേതാണ് കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്നത്. ഭക്ഷണ സാധനങ്ങൾ വാങ്ങാൻ ഗതിയില്ലാതെ സഹായമഭ്യർത്ഥിച്ചെത്തിയ പത്തൊമ്പതുകാരിക്ക് സഹായങ്ങൾ നൽകി വശത്താക്കി പ്രണയം നടിച്ച് പീഡിപ്പിക്കുകയും, മറ്റുള്ളവർക്ക് കാഴ്ച വെക്കുകയും ചെയ്ത സംഭവത്തിൽ ഇടനിലക്കാരായ 2 യുവതികളടക്കം പത്തു പേരാണ് അറസ്റ്റിലായി റിമാന്റിൽ കഴിയുന്നത്.

മോക്ഷിത്ത് ഷെട്ടിയെന്ന യുവാവാണ് പത്തൊമ്പതുകാരിയെ പ്രേമം നടിച്ച് വശീകരിച്ച് ബലാത്സംഗത്തിനിരയാക്കിയത്.   സ്വന്തം ആവശ്യത്തിന് ശേഷം പെൺകുട്ടിയെ കരിമ്പിൻചണ്ടി പോലെ വലിച്ചെറിഞ്ഞ മോക്ഷിത്ത് പെൺകുട്ടിയെ സുഹൃത്ത്  ഷൈനിത്തിന് കൈമാറുകയായിരുന്നു.

ഷൈനിത്തിന്റെ കൈയ്യിൽ നിന്ന് സെക്സ് റാക്കറ്റ് ഇടനിലക്കാരിയായ ജാസ്മിന്റെ കയ്യിലെത്തിയ പെൺകുട്ടിയെ സ്ത്രീ പലർക്കും കാഴ്ചവെച്ചു. പ്രസ്തുത സംഭവത്തിൽ കാസർകോട് വനിതാ പോലീസ് റജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസ്സുകളുടെ തുടരന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

കേസ്സിൽ മോക്ഷിത്ത്, ഷൈനിത്ത്, പ്രശാന്ത്, കൃഷ്ണൻ, ജാസ്മിൻ, ബീഫാത്തിമ, മുനവ്വിർ, ഫയാസ്, ഹമീദ്, സത്താർ എന്നിങ്ങനെ പത്തു പ്രതികളാണ് റിമാന്റിലുള്ളത്. കേസ്സിലുൾപ്പെട്ട 4 പേരെ പിടികൂടാനുണ്ട്. സെപ്തംബർ 1 മുതൽ നവംബർ മാസം വരെയാണ് പീഡന പരമ്പരകൾ അരങ്ങേറിയത്.

ബദിയഡുക്ക പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തി നിരയാക്കിയ സംഭവത്തിൽ 9 പോക്സോ കേസ്സുകളിലായി 14 പേരെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി, ഏ. സതീഷ്കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തതും ഡിസംബറിലാണ്.

ലൈംഗിക വ്യാപാരത്തിന് ഇടനില നിന്ന കർണ്ണാടക സാഗറിലെ ഫാത്തിമത്ത് സമീറയെ കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ബദിയഡുക്കയിലെ കോഴിഫാം ജീവനക്കാരിയായ യുവതി ഫാമിന് സമീപത്തെ വീട്ടിൽ പെൺകുട്ടിയെ എത്തിച്ച് പലർക്കും കാഴ്ചവെക്കുകയായിരുന്നു.

ബദിയഡുക്ക പോലീസ് സ്റ്റേഷൻ പരിധിയിൽ മാതാവിന്റെ ഒത്താശയോടെ 2 പെൺമക്കൾ പീഡനത്തിനിരയായ സംഭവം പുറത്തുവന്നതും ഡിസംബറിലാണ്. നാല് മക്കളുടെ മാതാവായ യുവതിയുടെ ദാരിദ്ര്യം മുതലെടുത്ത് അടുത്ത് കൂടിയ ചട്ടഞ്ചാൽ സ്വദേശിയായ അബ്ദുൾ ലത്തീഫാണ് മാതാവിന്റെ ഒത്താശയോടെ പെൺകുട്ടികളെ പീഡിപ്പിച്ചത്.

ബലാത്സംഗത്തെ എതിർത്തപ്പോൾ മാതാവ് സ്വന്തം മക്കളെ മുറിയിലിട്ട് പൂട്ടി കാമുകന് ബലാത്സംഗത്തിന് ഒത്താശ നൽകുകയായിരുന്നു. പ്രസ്തുത സംഭവത്തിൽ മാതാവും കാമുകനും റിമാന്റിലാണ്.ജില്ലയിൽ നടന്ന ബലാത്സംഗ പരമ്പരകളിൽ പ്രതി ചേർക്കപ്പെട്ട 26 പേരാണ് ജയിലിൽ റിമാന്റിലുള്ളത്. നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനത്തിലെ 8 വിദ്യാർത്ഥിനികൾ ലൈംഗിക ചൂഷണത്തിനിരയായ സംഭവം പുറത്തുവന്നതും അടുത്ത കാലത്താണ്.

LatestDaily

Read Previous

ഓട്ടോ യാത്രക്കാരിയുടെ മാല കവർന്നു

Read Next

അസമില്‍ പുതുതായി രൂപീകരിച്ച 4 ജില്ലകളെ നിലവിലുള്ളവയുമായി ലയിപ്പിക്കും