ഹർത്താൽ അക്രമം: പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ

പയ്യന്നൂര്‍: ഹർത്താലിന് ശേഷംഒളിവിൽ കഴിയുകയായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡണ്ടായ രാമന്തളി സ്വദേശിയെ മലപ്പുറം കാടാമ്പുഴയിൽ  പയ്യന്നൂർ പോലീസ്  പിടികൂടി. പോപ്പുലർ ഫ്രണ്ട് പഴയങ്ങാടി ഏരിയാ പ്രസിഡണ്ട് രാമന്തളി വടക്കുമ്പാട്ടെ അറുമാടി ഹൗസിൽ മുഹമ്മദ് അബ്ദുള്ളയെയാണ്  31, പയ്യന്നൂർ ഡിവൈ.എസ്.പി, കെ. ഇ. പ്രേമചന്ദ്രന്റെ നിർദേശപ്രകാരം എസ്.ഐ, പി.വിജേഷും സംഘവും പിടികൂടിയത്.

കേന്ദ്ര സർക്കാർ നിരോധനത്തെ തുടർന്ന് സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് കഴിഞ്ഞ സെപ്തംബര്‍ 23 ന്  ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറില്‍ ബൈക്കുകളിലായി എത്തിയ ആറു പേരുള്‍പ്പെടെയുള്ള ഒന്‍പതോളം പേര്‍ തുറന്ന് പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ അടപ്പിക്കാനെത്തിയിരുന്നു.

ഇതിന് തയ്യാറാവാത്തവരെ ഭീഷണിപ്പെടുത്തിയതോടെ നാട്ടുകാര്‍ വിഷയത്തില്‍ ഇടപെടുകയും പിന്നീട് വാക്കേറ്റം കയ്യാങ്കളിയായി മാറുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് നാലുപേരെ പിടികൂടിയപ്പോഴേക്കും മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു.റിമാന്റിലായ പ്രതികളെ കസ്റ്റഡിയിൽ ‍വാങ്ങി ചോദ്യം ചെയ്തതില്‍നിന്നാണ് ഹർത്താൽ പ്രേരണക്കും ഗൂഢാലോചനക്കും പിന്നിൽ പ്രവർത്തിച്ചവരെ പറ്റി പോലീസിന് വിവരം ലഭിച്ചത്.

ഇവരുടെ വീടുകളില്‍ മുമ്പ് റെയ്ഡ് നടത്തിയെങ്കിലും ഇവരെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. മലപ്പുറം കാടാമ്പുഴയിലെ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് മുഹമ്മദ് അബ്ദുള്ളയെ ഇന്ന് പുലർച്ചെയോടെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഹർത്താൽ പ്രേരണയ്ക്കും ഗുഢാലോചന കുറ്റവും ചുമത്തി   പ്രതിയെ അറസ്റ്റ് ചെയ്തു.

LatestDaily

Read Previous

ഓണ്‍ലൈന്‍ മയക്കുമരുന്ന് വില്‍പ്പന, ഒരാൾ കൂടി അറസ്റ്റിൽ

Read Next

ലോകം തണുത്ത് വിറങ്ങലിക്കുന്നു; കേരളം ചൂടിൽ