ലോകം തണുത്ത് വിറങ്ങലിക്കുന്നു; കേരളം ചൂടിൽ

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: ലോക രാഷ്ട്രങ്ങൾ മഞ്ഞു വീഴ്ചയിലും മരം കൊച്ചുന്ന തണുപ്പിലും വിറങ്ങലിക്കുമ്പോൾ കേരളത്തിൽ ചൂട് കാലാവസ്ഥ. സംസ്ഥാനത്തെ വിവിധ താപമാപിനികളിൽ 30 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ ചൂട്. മലയോര മേഖലകളായ ഇടുക്കിയിലും വയനാട്ടിലും ഉൾപ്പടെ കടുത്ത ചൂടാണ് ഇപ്പോൾ അനുഭവപ്പെട്ട് വരുന്നത്. ഇൗർപ്പം കൂടിയ അന്തരീക്ഷമായതിനാൽ അനുഭവപ്പെടുന്ന ചൂട് വേനൽ ചൂടിന് സമാനമണ്.

സാധാരണ നിലയിൽ ഡിസമ്പർ മുതൽ ഫെബ്രുവരി വരെ വരണ്ട കാലാവസ്ഥയാണ് കേരളത്തിൽ അനുഭവപ്പെടാറുള്ളത്. മൻദോസ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ ഡിസമ്പർ ആദ്യം കേരളത്തിൽ കുറച്ചധികം മഴ ലഭിക്കുകയുണ്ടായി. നിലവിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കാ തീരത്ത് രൂപപ്പെട്ട ന്യൂന മർദ്ദത്താൽ വിവിധ ഇടങ്ങളിൽ നേരിയ മഴ ലഭിക്കുന്നുണ്ട്.

ഇപ്രകാരം ഇൗർപ്പമേറിയ സാഹചര്യമാണ് കേരളത്തിൽ നിലവിലുള്ളത്. 60 ശതമാനത്തിന് മുകളിൽ മുകളിൽ ഇൗർപ്പ സാന്നിധ്യം അന്തരീക്ഷത്തിലുണ്ട്. ഇൗർപ്പം കൂടിയ സാഹചര്യത്തിൽ ശരീരത്തിൽ ബാഷ്പീകരണം നടക്കാത്തതിനാൽ അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്.  ഒപ്പം ഭൗമ വികിരണങ്ങൾ തിരിച്ച് ബഹിരാകാശത്തിലേക്ക് പോകുന്നത് മേഘങ്ങളാൽ തടയപ്പെടുന്നതാണ് രാത്രികാലത്ത് ചൂട് കൂടുന്നതിനിടയാക്കുന്നതെന്നാണ് കാലാവസ്ഥ വ്യതിയാന ഗവേഷകൻ ഡോ: ചോലയിൽ ഗോപാലകുമാർ വ്യക്തമാക്കുന്നത്.

ഒപ്പം മേഘാവൃതമായ ആകാശം മഞ്ഞിന്റെ സാന്നിധ്യം കുറക്കുകയും ചെയ്യുന്നുണ്ട്. ഇത് കൊണ്ടാണ് ഡിസമ്പറിൽ സാധാരണമായുണ്ടാവാറുള്ള തണുപ്പ് കുറഞ്ഞ് ചൂട് കൂടാൻ കാരണമാവുന്നതെന്ന് കാലാവസ്ഥ വിദഗ്ദർ പറയുന്നു. ചൂടുളള ഭാഗത്ത് നിന്നുള്ള അന്തരീക്ഷ ഘടകങ്ങൾ തിരശ്ചീനമായി വീശുന്നതും ചൂട് കൂടുന്നതിന് അനുകൂലമായ ഘടകമാണ്.

കാറ്റ് അനുകൂലമായതിനാലാണ് കേരളത്തിന്റെ തീര മേഖലകളിൽ ചൂട് കൂടുന്ന സാഹചര്യമുണ്ടാവുന്നത്. തെളിഞ്ഞ ആകാശത്തിൽ മാത്രമെ ഭൗമ വികിരണങ്ങളുടെ തിരിച്ച് പോക്ക് സാധ്യമാവുകയുള്ളു. ഇപ്രകാരം നിലവിലുള്ള ന്യൂന മർദ്ദം ഇല്ലാതാവുന്നതോടെ ജനുവരിയിൽ മഞ്ഞ് പ്രതീക്ഷിക്കാവുന്നതാണെന്നും കാലാവസ്ഥ നിരീക്ഷകർ പറയുന്നു.

LatestDaily

Read Previous

ഹർത്താൽ അക്രമം: പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ

Read Next

കോണ്‍ഗ്രസിലേക്ക് തിരികെയെത്താനുറച്ച് ഗുലാം നബി ആസാദ്