ടൂറിസം മേഖലയിലെ സാധ്യതകൾ

ടൂറിസം മേഖലയിൽ മികച്ച പ്രകടനം കാഴ്ച വെച്ച് ഇന്ത്യയിൽ ഒന്നാംസ്ഥാനത്തെത്തി നിൽക്കുകയാണ് കേരളം. ടൂറിസം മേഖലയിലെ ഇൗ നേട്ടം കേരളത്തിന് ഏറെ അഭിമാനമേകുന്നതാണ്. ടൂറിസം വകുപ്പിന്റെ കാരവൻ ടൂറിസം പദ്ധതി അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ച പദ്ധതികളിലൊന്നാണ്. ടൂറിസം രംഗത്ത് പുത്തനുണർവ്വുണ്ടാകാൻ കഴിഞ്ഞ വർഷത്തിൽ കേരളത്തിന് സാധിച്ചിട്ടുമുണ്ട്.

കേരളീയരുടെ ആതിഥ്യമര്യാദയും പെരുമാറ്റ രീതികളും വിദേശ വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുന്നുണ്ടെന്നത് യാഥാർത്ഥ്യമാണെങ്കിലും ഒറ്റപ്പെട്ട ചില സംഭവങ്ങൾ ടൂറിസം മേഖലയുടെ വളർച്ചയിൽ കരിനിഴൽ വീഴ്ത്തുന്നുണ്ടെന്ന യാഥാർത്ഥ്യം ഒളിപ്പിക്കാനാവില്ല.

അടുത്ത കാലത്ത് കോഴിക്കോട് വിദേശ വനിത പീഡനത്തിനിരയായ സംഭവമടക്കം വിദേശ വിനോദ സഞ്ചാരികളെ കേരളം സന്ദർശിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയിൽ വിദേശ വനിതയെ  കൊലപ്പെടുത്തിയവരെ കോടതി ശിക്ഷിച്ചതും അടുത്ത കാലത്താണ്.

വ്യത്യസ്ത സംസ്ക്കാരങ്ങളും കലാരൂപങ്ങളും അനുഷ്ഠാന കലകളും കൊണ്ട് വൈവിധ്യ സമ്പൂർണ്ണമായ േകരളം ടൂറിസം വികസന രംഗത്ത് അനന്തമായ ഭാവിയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിലൊന്നാണ്. പുഴകളും കായലുകളും ഹരിത ഭൂമികളും തെയ്യവും കഥകളിയും കൊണ്ട് ദൃശ്യസമ്പന്നമായ കേരളം വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിൽ അതിശയിക്കാനില്ലതാനും.

സംസ്ഥാനത്ത് ചില ജില്ലകളിൽ മാത്രം ഒതുങ്ങിയിരുന്ന ടൂറിസം പദ്ധതികൾ സംസ്ഥാനത്തുനീളം വ്യാപിപ്പിക്കാനായെന്നതാണ് ടൂറിസം മേഖലയിലെ വികസനത്തിന്റെ അടിസ്ഥാന കാരണങ്ങളിലൊന്ന്. സംസ്ഥാനത്തെ പതിനാല് ജില്ലകളെയും ബന്ധിപ്പിച്ചുള്ള സമഗ്രമായ ടൂറിസം പദ്ധതിയാണ് കേരളത്തെ ടൂറിസം മേഖലയിൽ ഒന്നാം സ്ഥാനത്തെത്തിച്ചതിന് കാരണമെന്ന് സംശയ ലേശമന്യേ പറയാം.

യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തതയാണ് കേരളത്തിലെ ടൂറിസം മേഖലയിലെ വിലങ്ങുതടികളിലൊന്ന്. വിദേശ വിനോദ സഞ്ചാരികൾക്ക് എളുപ്പത്തിൽ സഞ്ചരിക്കാവുന്ന യാത്രാ സംവിധാനങ്ങളൊന്നും കേരളത്തിലില്ലെന്ന യാഥാർത്ഥ്യത്തെ വിസ്മരിക്കാനാവില്ല. കേരളത്തിലെത്തുന്ന വിദേശ വിനോദ സഞ്ചാരികൾ കേരളത്തിലോടുന്ന ട്രെയിനുകൾ കണ്ടാൽ മൂക്കത്ത് വിരൽ വെയ്ക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

കേരളത്തിലെ റോഡുകളിലുണ്ടാകുന്ന ട്രാഫിക് കുരുക്കുകൾ ലോകത്ത് മറ്റൊരിടത്തും കാണാനാകാത്തതാണ്. ഏറെ അപര്യാപ്തതകളുണ്ടെങ്കിലും ടൂറിസം വരുമാനത്തിൽ കേരളം മുൻപന്തിയിലാണെന്നത് ആഹ്ലാദകരമാണ്. ടൂറിസം മേഖലയിൽ കേരളത്തിന് ഇനിയും ഏറെ മുന്നേറാൻ കഴിയും. ടൂറിസം വികസനത്തിനായി അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയെന്നതാണ് സർക്കാരിന്റെ ബാധ്യത. ഇതിനായി ലോക നിലവാരത്തിലുള്ള റോഡുകളും യാത്രാ സൗകര്യങ്ങളും ഉണ്ടാകേണ്ടതുണ്ട്.

LatestDaily

Read Previous

ദലൈലാമയെ പിന്തുടർന്ന ചൈനീസ് ചാര വനിത ബിഹാറില്‍ അറസ്റ്റിൽ

Read Next

ഭാരവാഹികളോട് ചെലവ് വെട്ടിക്കുറയ്ക്കണമെന്ന നിര്‍ദ്ദേശവുമായി കോൺഗ്രസ്