അധ്യാപകന്റെ തിരോധാനം; കർമ്മ സമിതി രൂപീകരിച്ചു

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ : പടന്ന കടപ്പുറം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ  തൃക്കരിപ്പൂർ പൊറോപ്പാട്ടെ എം. ബാബുവിന്റെ 42, തിരോധാനത്തിൽ അന്വേഷണമാവശ്യപ്പെട്ട് നാട്ടുകാർ കർമ്മ സമിതി രൂപീകരിച്ചു. പൊറോപ്പാട് കണ്ണങ്കൈ ഗ്രാമീണ വായനശാലയിൽ ഇന്നലെ സംഘടിപ്പിച്ച യോഗത്തിലാണ് കർമ്മ സമിതി രൂപീകരിച്ചത്. വാർഡംഗം വി.പി. സുനീറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.വി. ജയൻ, അബ്ദുൾ ലത്തീഫ്, കെ.വി. അമ്പു, എൻ.കെ. കുഞ്ഞികൃഷ്ണൻ, പി.ഏ. റഹ്മാൻ, യു.കെ. പത്മനാഭൻ. ടി.വി. വിനോദ്കുമാർ, ടി. അബ്ദുള്ള എന്നിവർ സംസാരിച്ചു.

വി.പി. സുനീറ ചെയർപേഴ്സണും. എം.കെ. പവിത്രൻ കൺവീനറുമായുള്ള കർമ്മ സമിതി അധ്യാപകന്റെ തിരോധാനത്തിൽ അന്വേഷണം ഉൗർജ്ജിതമാക്കണമെന്നാവശ്യപ്പെട്ടു. പടന്ന കടപ്പുറം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.ഏ കമ്മിറ്റിയും അധ്യാപകന്റെ തിരോധാനത്തിൽ അന്വേഷണമാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. കാണാതായ അധ്യാപകനെ  അന്വേഷിച്ച് അദ്ദേഹം ഒരുവർഷത്തോളം ജോലി ചെയ്ത ഹൈദരാബാദിലെ സ്ഥാപനത്തിൽ ചന്തേര പോലീസ് അന്വേഷണം നടത്തിയിരുന്നു.

കർണ്ണാടകയുടെ വിവിധ ഭാഗങ്ങളിലും കാണാതായ അധ്യാപകന് വേണ്ടി ചന്തേര പോലീസ് അന്വേഷണം നടത്തി. തെക്കൻ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് അധ്യാപകന്റെ ഫോട്ടോ കൈമാറിയിട്ടുണ്ട്. ഡിസംബർ 11-നാണ് അധ്യാപകനായ എം. ബാബുവിനെ പടന്ന കടപ്പുറത്തെ സ്കൂളിൽ നിന്നും കാണാതായത്. പത്താംതരം വിദ്യാർത്ഥിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന  പരാതിയിൽ ചന്തേര പോലീസ് അധ്യാപകനെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇദ്ദേഹത്തെ കാണാതായത്.

LatestDaily

Read Previous

നീലേശ്വരം പള്ളി ഓഡിറ്റ് റിപ്പോർട്ടിൽ കള്ളക്കളി, പള്ളിക്ക് പിരിച്ച പണം ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചില്ല

Read Next

നീതീകരണമില്ലാത്ത  കൊള്ള