നീലേശ്വരം പള്ളി ഓഡിറ്റ് റിപ്പോർട്ടിൽ കള്ളക്കളി, പള്ളിക്ക് പിരിച്ച പണം ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചില്ല

സ്റ്റാഫ് ലേഖകൻ

നീലേശ്വരം : മാർക്കറ്റിലെ  തർബിയത്തുൽ ഇസ്്ലാം ജുമാ മസ്ജിദിന്റെ പുനർനിർമ്മാണത്തിന് മഹല്ല് നിവാസികളിൽ നിന്നും, പ്രവാസികളിൽ നിന്നും പിരിച്ചെടുത്ത 2.38 കോടി രൂപ നിർമ്മാണ കമ്മിറ്റി ഭാരവാഹികൾ ബാങ്കിൽ നിക്ഷേപിക്കാതെ മൂന്ന് ഭാരവാഹികളുടെ കയ്യിൽ സൂക്ഷിച്ച് സ്വന്തം ആവശ്യങ്ങൾക്ക് തിരിമറിച്ചതായി വഖഫ് പ്രതിനിധികളുടെ അന്വേഷണത്തിൽ കണ്ടെത്തി.

2.38 കോടി രൂപ പള്ളി നിർമ്മാണത്തിന് പിരിഞ്ഞുകിട്ടിയതായി ചെറുവത്തൂരിലെ ഓഡിറ്റർ പി. വിനോദ്കുമാർ നടത്തിയ ഓഡിറ്റിംഗിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ഇൗ രണ്ടരക്കോടി രൂപ പള്ളി നിർമ്മാണത്തിന് ചിലവഴിച്ചതിനുള്ള  യാതൊരു രേഖകളും പള്ളി നിർമ്മാണ കമ്മിറ്റി ഹാജരാക്കിയില്ലെന്ന് വിനോദ്കുമാർ പുറത്തുവിട്ട വെറും രണ്ടുപേജുള്ള ഓഡിറ്റിംഗ് റിപ്പോർട്ടിൽ പറയുന്നു. രണ്ടരക്കോടി രൂപ ചിലവഴിച്ച് പള്ളി പുനർ നിർമ്മിച്ചതിന് വെറും രണ്ടുപേജിലുള്ള ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കിയതു തന്നെ ഇൗ പള്ളി പുനർ നിർമ്മാണത്തിൽ അഴിമതി നടന്നതിനുള്ള പ്രകടമായ തെളിവാണ്.

ചെറുവത്തൂരിലെ അക്കൗണ്ടന്റും ടാക്സ് പ്രാക്ടീഷണറുമായ പി. വിനോദ്കുമാറിന്റെ ഓഡിറ്റ് റിപ്പോർട്ട് താഴെ ശ്രദ്ധിക്കുക : പള്ളിക്കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടുകളും, റസീറ്റ് ബുക്കുകളും, വരവു ചിലവു കണക്കുകളും, വൗച്ചറുകളും മിനുട്ട്സ് ബുക്കുകളും, കമ്മിറ്റി തന്റെ മുന്നിൽ ഹാജരാക്കിയെന്നും, 2.37 കോടി രൂപ വരവും (സ്പോൺസർ ഉൾപ്പെടെ) 2.38 കോടി ചിലവായതായും കണ്ടെത്തിയിട്ടുണ്ട്.

പള്ളിക്കമ്മിറ്റിക്ക് ലഭിച്ച 2.37 കോടി രൂപ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതിന്റെ യാതൊരു തെളിവുകളും ലഭിക്കാതെ ഓഡിറ്റർ പി. വിനോദ് കുമാർ തർബിയത്തുൽ ഇസ്ലാം സഭ ചെയർമാൻ സി.കെ. അബ്ദുൾ ഖാദർ ഹാജിയും, ജനറൽ കൺവീനർ ഇ. മുഹമ്മദ് ഷാഫി ഹാജിയും ഖജാൻജി എം. കുഞ്ഞാമദ് ഹാജിയും ചേർന്ന് നടത്തിയ അഴിമതിക്ക് വളം വെച്ചു കൊടുത്തതായാണ് ഇപ്പോൾ രേഖാമൂലം കണ്ടെത്തിയിട്ടുള്ളത്. യഥാർത്ഥത്തിൽ ഒരു വ്യാജ ഓഡിറ്റിംഗ് റിപ്പോർട്ടാണ് ഓഡിറ്റർ പള്ളിക്കമ്മിറ്റിക്ക് സ്വന്തം ഒപ്പും പേരും സീലും പതിച്ച് നൽകിയിട്ടുള്ളത്.

പള്ളിക്കമ്മിറ്റി ഹാജരാക്കിയ കണക്കുകൾ പരിശോധിച്ചപ്പോൾ, ചിലവാക്കിയ പണത്തിന് രസീതുകൾ കൃത്യമായി മുറിച്ചില്ലെന്ന ഒറ്റക്കാരണം മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളതെന്ന് പി. വിനോദ്കുമാറിന്റെ ഓഡിറ്റ് റിപ്പോർട്ടിൽ പറയുമ്പോഴും, തൊട്ടുമുകളിൽ പള്ളിക്കമ്മിറ്റി സത്യസന്ധമായും കൃത്യമായും കണക്കുകൾ എഴുതി  സൂക്ഷിക്കുവാൻ ശ്രമിച്ചിട്ടുണ്ടെന്നും, രേഖപ്പെടുത്തിയത്  ഓഡിറ്ററുടെ സത്യസന്ധതയെ തന്നെ ചോദ്യം ചെയ്യുന്നു.

മേൽ റിപ്പോർട്ടുകളെല്ലാം വഖഫ് ബോർഡ് പ്രതിനിധികൾ പള്ളിക്കമ്മിറ്റി ഓഫീസിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. മഹല്ല് നിവാസികളിൽ നിന്ന് പിരിച്ചെടുത്ത പൊതുപണം ദുർവ്യയം ചെയ്തതായി വഖഫ് ബോർഡിന് തെളിവുകളുടെ ബലത്തിൽ ബോധ്യപ്പെട്ടതിനാൽ കമ്മിറ്റി ഭാരവാഹികളുടെ പേരിൽ ഒരു ക്രിമിനൽ കേസ്സിനുള്ള സാധ്യത തെളിഞ്ഞുവന്നിട്ടുണ്ട്.

Read Previous

മണൽ ബന്ധം ; മൂന്ന് പോലീസുദ്യോഗസ്ഥരെ മാറ്റി

Read Next

അധ്യാപകന്റെ തിരോധാനം; കർമ്മ സമിതി രൂപീകരിച്ചു