ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരക്കേറിയ സമയങ്ങളിൽ ഫ്ലക്സി യാത്രാനിരക്കിൽ ട്രെയിനുകളോടിച്ചും ഇളവുകൾ വെട്ടിച്ചുരുക്കിയും ഇന്ത്യൻ റെയിൽവേ യാത്രക്കാരിൽ നിന്നും ഉൗറ്റിയെടുത്തത് സഹസ്രകോടികളാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മൂന്ന് വർഷത്തിനിടയിൽ രണ്ടായിരത്തി അഞ്ഞൂറ് കോടിയോളം രൂപയാണ് ഇന്ത്യൻ റെയിൽവേ ഇത്തരത്തിൽ യാത്രക്കാരിൽ നിന്നും പിഴിഞ്ഞെടുത്തത്.
അധിക വരുമാനത്തിന് ആനുപാതികമായ യാത്ര സൗകര്യങ്ങളാകട്ടെ വർധിച്ചിട്ടില്ലതാനും. കോവിഡ് പ്രതിസന്ധി കാലത്തെ മറയാക്കിയാണ് റെയിൽവേ വകുപ്പ് നിലവിലുണ്ടായിരുന്ന പല ഇളവുകളും ആനൂകൂല്യങ്ങളും നിർത്തലാക്കിയത്. തുരുമ്പെടുത്ത് ആക്രിപ്പരുവത്തിലായ പാസഞ്ചർ ട്രെയിനുകൾക്ക് എക്സ്പ്രസ് എന്ന് ഓമനപ്പേരിട്ട് തുടങ്ങിയ കൊള്ള കോവിഡ് പ്രതിസന്ധി കുറഞ്ഞിട്ടും റെയിൽവെ വകുപ്പ് നിർത്തലാക്കിയിട്ടില്ലെന്നതാണ് കൗതുകകരം.
മുതിർന്ന പൗരന്മാർക്കുള്ള യാത്രാ ഇളവുകൾ പൂർണ്ണമായും നിർത്തലാക്കിയ റെയിൽവേ വകുപ്പ് യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഒറ്റയടിക്ക് ഇളവുകൾ ഇല്ലാതാക്കിയത്. തുച്ഛമായ വിലയുണ്ടായിരുന്ന പ്ലാറ്റ് ഫോം ടിക്കറ്റുകളുടെ നിരക്ക് പതിന്മടങ്ങ് വർധിപ്പിച്ച റെയിൽവേ വകുപ്പ് യാത്രക്കോട് പ്രതികാര ബുദ്ധിയോടെയാണ് പെരുമാറുന്നതെന്ന് വേണം കരുതാൻ.
കുറഞ്ഞ ചെലവിലുള്ള യാത്രകൾക്ക് പൊതുജനം ഏറെ ആശ്രയിച്ചിരുന്നത് പാസഞ്ചർ ട്രെയിനുകളെയായിരുന്നു. പുതിയ പരിഷ്ക്കാരത്തോടെ ഇവയുടെ ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികമാകുകയും ചെയ്തു. വരുമാനത്തിൽ വൻവർധനവുണ്ടായിട്ടുണ്ടെങ്കിലും നിലവിലുണ്ടായിരുന്ന യാത്രാ സൗകര്യങ്ങളിൽക്കൂടുതൽ ട്രെയിൻ യാത്രക്കാർക്ക് ലഭിച്ചിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.
മുതിർന്ന പൗരന്മാർക്ക് കാലാകാലങ്ങളായി ലഭിച്ചിരുന്ന യാത്രാ ഇളവുകൾ പിൻവലിച്ച സാഹചര്യത്തിൽ അനതിവിദൂര ഭാവിയിൽ ഇവ പുനഃസ്ഥാപിക്കപ്പെടുമെന്ന് കരുതാനും വയ്യ. കോവിഡ് പ്രതിസന്ധി കാലത്ത് അധിക നിരക്കേർപ്പെടുത്തിയ റെയിൽവേ മന്ത്രാലയത്തിന്റെ നിലപാട് കത്തുന്ന പുരയിൽ നിന്നും കഴുക്കോൽ ഉൗരിയെടുക്കുന്നതിന് സമാനമാണ്.
ഇതര സംസ്ഥാനങ്ങൾക്ക് റെയിൽവേ വികസന മേഖലയിൽ വാരിക്കോരി കൊടുക്കുന്ന കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്നത് പക പോക്കൽ സമീപനമാണെന്ന് ട്രെയിൻ യാത്രക്കാർ സംശയിച്ചാൽ അവരെ കുറ്റം പറയാനാകില്ല. ഇന്ത്യൻ റെയിൽവേ തുടങ്ങിയ കാലത്തെ ട്രെയിനുകളുമായാണ് കേരളത്തിൽ റെയിൽവേ സേവനം മുട്ടിലിഴയുന്നത്.
കേരളത്തിലെ റെയിൽവേ വികസന രംഗത്തെ ബാലാരിഷ്ടതകൾ നീക്കാൻ രാഷ്ട്രീയ നേതൃത്വം ഇതുവരെ ശ്രമിച്ചിട്ടുമില്ല. പ്രാണവായു ലഭിക്കാത്ത വിധത്തിൽ ആളുകളെ കുത്തിനിറച്ച ജനറൽ കമ്പാർട്ടുമെന്റുകളിലാണ് കേരളത്തിൽ റെയിൽ ഗതാഗതം പാളങ്ങളിൽ ഒച്ചിനെപ്പോലെ ഇഴയുന്നത്.
നിലവിലെ ഇൗ സാഹചര്യത്തിന് അടുത്ത കാലത്തൊന്നും മാറ്റമുണ്ടാകില്ലെന്ന് കേരളം അനുഭവത്തിലൂടെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. ഡിജിറ്റൽ ഇന്ത്യയെക്കുറിച്ച് വാ തോരാതെ തൊണ്ട കീറി പ്രസംഗിക്കുന്ന രാഷ്ട്രീയ നേതാക്കളുള്ള നാട്ടിൽ പ്രസംഗവും അനുഭവവും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ലെന്ന് പൊതുജനം തിരിച്ചറിഞ്ഞിട്ടുമുണ്ട്.
സർക്കാർ സ്പോൺസർ ചെയ്യുന്ന കൊള്ളയാണ് റെയിൽവേ നിരക്ക് വർധനയുടെ പേരിൽ നടന്നുകൊണ്ടിരിക്കുന്നത്. പരിസരത്ത് കൂടി പോയാൽ തന്നെ ബോധരഹിതരാകുന്ന ശൗചാലയങ്ങളും തുരുമ്പിച്ച കമ്പാർട്ട്മെന്റുകളുമായി പാളത്തിലോടുന്ന ദുരന്തത്തിന് അധിക യാത്രാ നിരക്കീടാക്കുന്ന കേന്ദ്ര സർക്കാർ നടപടി ലജ്ജാകരമാണ്.