ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം പ്രതിനിധി
കാഞ്ഞങ്ങാട്: ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജനെതിരെ ഇപ്പോൾ ഉയർന്നു വന്നിട്ടുള്ള റിസോർട്ട് വിവാദത്തിൽ പുതുമയില്ല. കണ്ണൂർ പാർട്ടിയിൽ പത്തു വർഷത്തോളമായി പുകഞ്ഞു കൊണ്ടിരിക്കുന്ന വിഷയമാണ്. പാർട്ടിതലപ്പത്തെ സമവാക്യങ്ങളിൽ ഇപ്പോഴുണ്ടായ മാറ്റങ്ങളെ തുടർന്നുള്ള അനൈക്യമാണ് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ഇപ്പോൾ ചർച്ചയാവാനിടയായത്.
ഈയിടെയായി നേതൃത്വവുമായി ഇ.പി. ജയരാജൻ കടുത്ത അസ്വാരസ്യത്തിലാണ്. പാർട്ടി പരിപാടികളിൽ നിന്നടക്കം ഇ.പി. ജയരാജൻ അവധിയെടുത്തതും, ഈയൊരു പശ്ചാത്തലത്തിലാണ്. തന്റെ സീനിയോറിറ്റി മറികടന്ന് പാർട്ടിയിലെ ഏറ്റവും ഉയർന്ന തലമായ പൊളിറ്റ്ബ്യൂറോയിൽ സംസ്ഥാന സിക്രട്ടറി എം.വി. ഗോവിന്ദനെ ഉൾപ്പെടുത്തിയതുൾപ്പെടെയുള്ള വിഷയത്തിൽ ഇ.പി. നീരസം പരസ്യമാക്കിയിരുന്നു.
ഒരു മാസത്തോളം സ്വയം അവധിയെടുത്ത ഇ.പി പാർട്ടിയുടെ പ്രധാന പരിപാടികളിൽ നിന്നുൾപ്പെടെ വിട്ടുനിൽക്കുകയായിരുന്നു. ഗവർണ്ണർക്കെതിരെ ഇടതുമുന്നണി തിരുവനന്തപുരത്ത് സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിൽ നിന്ന് ഇടതുമുന്നണി കൺവീനറായ ഇ.പി. ജയരാജൻ വിട്ടു നിന്നത് പാർട്ടി നേതൃതലത്തിലും പൊതുവെയും വലിയ ചർച്ചയായിരുന്നു.
സ്ഥലത്തുണ്ടായിരുന്നിട്ടും കണ്ണൂരിൽ നടന്ന പ്രതിഷേധ പരിപാടിയിലും ഇ.പി. പങ്കെടുത്തിരുന്നില്ല. രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന പ്രചാരണം ഉണ്ടായപ്പോഴും വാർത്ത നിഷേധിക്കാനോ പ്രതികരിക്കാനോ ഇ.പി. സന്നദ്ധനാവാത്തത് നേതൃത്വത്തിൽ ഒരു വിഭാഗത്തെ ചൊടിപ്പിച്ചു.
കോടിയേരി ബാലകൃഷ്ണൻ നിര്യാതനായപ്പോൾ പകരക്കാരനായി എം.വി. ഗോവിന്ദനെ പരിഗണിച്ചതോടെ താൻ അവഗണിക്കപ്പെട്ടുവെന്ന തോന്നൽ ഇ.പിക്കുണ്ടായി. എം.വി. ഗോവിന്ദനെ സിക്രട്ടറിയാക്കുന്നതിനെതിരെ പാർട്ടിയിലെ യുവനേതാക്കന്മാരടക്കമുള്ള ഒരു വിഭാഗത്തെ അണി നിരത്താനുള്ള ശ്രമം ഇ.പി. നടത്തിയതായുള്ള ആരോപണവും ഇ.പിക്കെതിരെ ഉന്നയിക്കപ്പെടുന്നുണ്ട്.
ഇപ്പോൾ റിസോർട്ട് വിവാദം വീണ്ടും ഉയർത്തിയത് ഇ.പിയെ പ്രതിരോധത്തിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ഇതിനായി കണ്ണൂരിലെ പ്രമുഖ നേതാവിനെത്തന്നെ നിയോഗിച്ചതും യാദൃശ്ചികമല്ല. നേതൃത്വത്തെ അനുനയിപ്പിച്ച് മുന്നോട്ട് പോവുകയേ വഴിയുള്ളൂവെന്ന സന്ദേശം ഇ.പി. നൽകുകയാണ്.
ഇ.പിയുടെ വിമത നീക്കങ്ങൾക്കെതിരെ പാർട്ടിയുടെ താക്കീതാണ് റിസോർട്ട് വിഷയം പി.ജയരാജനെക്കൊണ്ട് സംസ്ഥാന സമിതിയിൽ ഉന്നയിപ്പിച്ചതിന് പിന്നിൽ പറയപ്പെടുന്നുണ്ട്. എം.വി. ഗോവിന്ദൻ ഉൾപ്പെട്ട നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണ് ഇ.പി. ജയരാജനെതിരായ ആരോപണം സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടായിരിക്കും ഇപ്പോഴത്തെ നിലയിൽ പാർട്ടിയിൽ അന്തിമം. പി.ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സിക്രട്ടറിയായിരിക്കുമ്പോഴാണ് പത്തേക്കർ കുന്നിടിച്ചുള്ള റിസോർട്ട് നിർമ്മാണം നടന്നത്. അന്ന് പി.ജയരാജൻ വിഷയത്തിൽ ഇടപെട്ടിരുന്നില്ല.
പരിസ്ഥിതി പ്രശ്നംഅന്നുന്നയിച്ച ശാസ്ത്ര സാഹിത്യ പരിഷത്തടക്കം പരാതിയുമായി രംഗത്തുവന്നപ്പോഴും, ജില്ലാ സിക്രട്ടറിയായ പി.ജയരാജൻ വിഷയത്തിൽ ഇടപെട്ടിരുന്നില്ല. ഇ.പിയെ പ്രതിരോധത്തിലാക്കാൻ ആസൂത്രിത നീക്കം തന്നെയായാണ് ഇപ്പോൾ പി.ജയരാജനെക്കൊണ്ട് ഇ.പിക്കെതിരെ റിസോർട്ട് വിവാദം ഉന്നയിപ്പിച്ചതിന് പിന്നിലെന്നത് തന്ത്രപരമായ നീക്കത്തിന്റെ ഭാഗമാണ്.