പോലീസിനെതിരെ ഷബീറിന്റെ കുടുംബം 

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ: ഗൾഫിൽ നിന്നും യമനിലേക്ക് പോയ ഉദിനൂർ തെക്കുപുറത്തെ മുഹമ്മദ് ഷബീറിന്റെ ബന്ധുക്കൾ പോലീസിനെതിര മനുഷ്യാവകാശ കമ്മീഷന് പരാതി നൽകാനൊരുങ്ങുന്നു. മുഹമ്മദ് ഷബീർ തുടർ പഠനത്തിനായാണ് യമനിൽ പോയതെന്നും, യുവാവിനെയും കുടുംബത്തെയും കാണാനില്ലെന്ന പേരിൽ ചന്തേര പോലീസ് റജിസ്റ്റർ ചെയ്ത കേസ്സിൽ പോലീസ് നിർബന്ധപൂർവ്വം പരാതി എഴുതിവാങ്ങിക്കുകയായിരുന്നുവെന്നുമാണ് കുടുംബത്തിന്റെ ആരോപണം.

പ്രസ്തുത കേസ് കുടുംബത്തിന് അപകീർത്തിയുണ്ടാക്കിയെന്നാണ് മുഹമ്മദ് ഷബീറിന്റെ കുടുംബത്തിന്റെ അവകാശവാദം. മുഹമ്മദ് ഷബീർ കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. 6 മാസം മുമ്പ് കുടുംബത്തിന്റെ സമ്മത പ്രകാരമാണ് മുഹമ്മദ് ഷബീർ മതപഠനത്തിനായി യമനിലേക്ക് പോയത്. ഇദ്ദേഹത്തിന്റെ തുടർപഠന രേഖകൾ തങ്ങളുടെ കൈവശമുണ്ടെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. കുടുംബത്തിന് അപകീർത്തിയുണ്ടാക്കിയെന്നാരോപിച്ചാണ് മുഹമ്മദ് ഷബീറിന്റെ കുടുംബം മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനൊരുങ്ങുന്നത്.

ഉദിനൂർ തെക്കുപുറം സ്വദേശി യമനിലേക്ക് പോയ സംഭവത്തെക്കുറിച്ചന്വേഷിക്കാൻ എൻഐഏ സംഘം ഉദിനൂർ തെക്കുപുറത്തെത്തിയിരുന്നു. മുഹമ്മദ് ഷബീറിന്റെ കുടുംബാംഗങ്ങളുമായി എൻഐഏ ഉദ്യോഗസ്ഥർ സംസാരിച്ചിരുന്നു. എൻഐഏ ഉദിനൂരിലെത്തിയതിനെത്തുടർന്നാണ് ചന്തേര പോലീസ് മുഹമ്മദ് ഷെബീറിന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചത്.

ഇതിന് പിന്നാലെ മുഹമ്മദ് ഷബീറിന്റെ സഹോദരീ ഭർത്താവ് ഷബീറടങ്ങുന്ന ആറംഗ കുടുംബത്തെ കാണാനില്ലെന്ന് ചന്തേര പോലീസിൽ പരാതി നൽകി. ഈ പരാതി പോലീസ് നിർബന്ധപൂർവ്വം വാങ്ങിയതാണെന്നാണ് ഷബീറിന്റെ ബന്ധുക്കൾ ആരോപിക്കുന്നത്.

Read Previous

മുഹമ്മദ് ഷബീറിനെ കാണാതായിട്ടില്ല

Read Next

എം.ഡി.എം.എ കേസിൽ മാത്രം 13 പ്രതികൾ ജയിലിൽ