കാസർകോട് പെൺവാണിഭം: ഇടനിലക്കാരി റിമാന്റിൽ ഇരയെ ഉന്നതർ പലർക്കും കാഴ്ച വെച്ചു

കാസർകോട്: കാസർകോട് കൂട്ടബലാത്സംഗക്കേസ്സിലെ ഇരയെ മയക്കുമരുന്ന് പെൺവാണിഭ റാക്കറ്റ് ഇടനിലക്കാരിയായ ജാസ്മിൻ ഉന്നതർക്ക് കാഴ്ച വെച്ചതായി സംശയം. കൂട്ടബലാത്സംഗക്കേസ് പ്രതികളുടെ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകാതെ ഒളിച്ചുവെക്കാനുള്ള വനിതാ പോലീസിന്റെ നീക്കങ്ങളാണ് സംശയത്തിനിടയാക്കുന്നത്.

കാസർകോട്ട്   ജാസ്മിൻ എന്ന ഇടനിലക്കാരിയുടെ നേതൃത്വത്തിൽ നടന്നത് പെൺവാണിഭം തന്നെയായിരുന്നു. ഇരയുടെ ദാരിദ്ര്യം മുതലെടുത്താണ് കേസ്സിൽ ഒന്നാം പ്രതിയായ മോക്ഷിത്ത് ഷെട്ടി പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. തന്റെ ആവശ്യത്തിന് ശേഷം മോക്ഷിത്ത് പെൺകുട്ടിയെ സുഹൃത്തായ ജെ. ഷൈനിത്ത് കുമാറിന് കൈമാറുകയായിരുന്നു.

ഷൈനിത്താണ് പത്തൊമ്പതുകാരിയെ നെക്രാജെ നാരമ്പാടിയിലെ ഹസൈനാറുടെ ഭാര്യയും ഉളിയത്തടുക്കയിൽ താമസക്കാരിയുമായ ജാസ്മിന് കൈമാറിയത്. മയക്കുമരുന്ന് പെൺവാണിഭ റാക്കറ്റിലെ ഇടനിലക്കാരിയും കാസർകോട് കൂട്ടബലാത്സംഗക്കേസ്സിലെ പ്രതിയുമായ ജാസ്മിനെക്കുറിച്ചുള്ള വിവരങ്ങളന്വേഷിച്ച് കാസർകോട് വനിതാ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച ലേറ്റസ്റ്റ് അന്വേഷണ സംഘത്തിന് പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ വനിതാ പോലീസ് ഐപി തയ്യാറായില്ല.

ജാസ്മിനെക്കുറിച്ചുള്ള വിവരങ്ങൾ പത്രത്തിൽ പ്രസിദ്ധീകരിക്കരുതെന്ന  ഉപദേശമാണ് വനിതാ പോലീസ് ഐപിയിൽ നിന്ന് ലേറ്റസ്റ്റിന് ലഭിച്ചത്. ജില്ലയെ ഞെട്ടിച്ച കൊടുംകുറ്റകൃത്യത്തിലെ പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ഒളിപ്പിച്ചുവെക്കാൻ വനിതാ പോലീസ് ഐപി, നടത്തിയ നീക്കത്തിന് പിന്നിൽ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്ന് സംശയമുയർന്നിട്ടുണ്ട്.

ജാസ്മിന്റെ വലയിൽ അകപ്പെട്ടതിന് ശേഷമാണ് പെൺകുട്ടി പൂർണ്ണമായും മയക്കുമരുന്നിന് അടിമയായത്. ചെർക്കള, മംഗളൂരു, കാഞ്ഞങ്ങാട്, കണ്ണൂർ, തൃശ്ശൂർ എന്നിവിടങ്ങളിലെ ലോഡ്ജുകളിൽ പെൺകുട്ടി പീഡനത്തിനിരയായിട്ടുണ്ട്. തുടർ പീഡന പരമ്പരകളെത്തുടർന്ന് മാനസിക നില തെറ്റിയ പെൺകുട്ടിയെ ചികിത്സയ്ക്കെത്തിച്ചതിനാൽ മാത്രമാണ് ജില്ലയെ നടുക്കിയ കൂട്ടബലാത്സംഗത്തിന്റെ കഥ പുറംലോകമറിഞ്ഞത്.

ജാസ്മിൻ ജില്ലയിലെ സെക്സ് മയക്കുമരുന്ന് റാക്കറ്റിന്റെ ഇടനിലക്കാരിയാണെന്ന് ഉറപ്പായിട്ടുണ്ട്. നിലവിൽ 9 പേരാണ് കാസർകോട് കൂട്ടബലാത്സംഗക്കേസ്സിൽ പ്രതികളെങ്കിലും, കേസ്സിൽ കൂടുതൽ പേർ പ്രതികളാകാൻ സാധ്യതയുണ്ട്. ജില്ലാ ആസ്ഥാനത്ത് നടന്ന പെൺവാണിഭത്തിൽ ജാസ്മിൻ 24, അബ്ദുൾ സത്താർ 31 എന്നിവരെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതി റിമാന്റ് ചെയ്തു. ഇതോടെ കേസ്സിലെ 5 പ്രതികളും റിമാന്റിലായി.  6 പരാതികളിലായി 9 പ്രതികൾക്കെതിരെയാണ് കാസർകോട് വനിതാ പോലീസ് കേസ്സെടുത്തത്.

LatestDaily

Read Previous

വിഴിഞ്ഞം സമരം; പള്ളികളില്‍ നാളെയും ബിഷപ്പിന്‍റെ സര്‍ക്കുലര്‍ വായിക്കും

Read Next

യമനിലേക്ക് പോയ കുടുംബത്തിന്റെ  വിവരങ്ങൾ തേടി എൻ.ഐ.ഏ തൃക്കരിപ്പൂരിൽ