കുണ്ടങ്കുഴി നിക്ഷേപത്തട്ടിപ്പ് ക്രൈംബ്രാഞ്ചിന് കൈമാറുന്നു

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: ആയിരം കോടി രൂപ നിക്ഷേപകരിൽ നിന്ന് പിരിച്ചെടുത്ത കുണ്ടങ്കുഴി ജിബിജി തട്ടിപ്പുകേസ്സ്  ക്രൈംബ്രാഞ്ചിന് കൈമാറുന്നു. കേസ്സിലെ മുഖ്യപ്രതി കുണ്ടംങ്കുഴി സ്വദേശി വിനോദ്കുമാർ പോലീസിന്  പിടികൊടുക്കാതെ ഇപ്പോഴും ഒളിവിലാണ്. കുണ്ടങ്കുഴി സ്വദേശിയായ വിനോദ്കുമാർ ചെയർമാനായി രൂപീകരിച്ച ജിബിജി തട്ടിപ്പു കമ്പനിയുടെ കുണ്ടങ്കുഴി ഓഫീസിലും, തൊട്ടു തന്നെയുള്ള വിനോദ് കുമാറിന്റെ വീട്ടിലും, കഴിഞ്ഞാഴ്ച ബേഡകം പോലീസ് റെയ്ഡ് നടത്തിയിരുന്നു.

വിനോദ്കുമാറിനെ ഒന്നാം പ്രതി ചേർത്ത് ബേഡകം പോലീസ് രജിസ്റ്റർ ചെയ്ത വിശ്വാസ വഞ്ചന, പണം തട്ടിപ്പ് കേസ്സിൽ അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ  വിനോദ്കുമാർ കേരള ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹരജി ഫയൽ ചെയ്തിട്ടുണ്ടെങ്കിലും, പ്രതിക്ക് ഇതുവരെ മുൻകൂർ ജാമ്യം ലഭിച്ചിട്ടില്ല.

ജാമ്യം നൽകിയാൽ പ്രതി വിനോദ്കുമാർ വിദേശത്ത് കടക്കാനുള്ള സാധ്യത ഏറെയാണെന്ന് പോലീസ് ഹൈക്കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. തൽസമയം, ജിബിജി കമ്പനിയിൽ ലക്ഷങ്ങൾ നിക്ഷേപിച്ചവർ ആർക്കും  കഴിഞ്ഞ രണ്ടുമാസക്കാലമായി നിക്ഷേപത്തുകയുടെ പലിശ ലഭിക്കുന്നില്ല. ജിബിജിയിൽ നിക്ഷേപിച്ച പണം തിരിച്ചു പിടിക്കാൻ ഇതുവരെ ആരും പരാതിയുമായി ജില്ലയിലെ ഒരു പോലീസ് സ്റ്റേഷനിലും എത്തിയിട്ടുമില്ല.

ആയിരം കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പായതിനാൽ വിനോദ്കുമാർ അറസ്റ്റിലായാൽ നിരവധി നിക്ഷേപകരുടെ പരാതിയിൽ കേസ്സുകൾ റജിസ്റ്റർ ചെയ്യേണ്ടി വന്നാൽ ലോക്കൽ പോലീസിന് ആ കേസ്സുകളിൽ മൊത്തം അന്വേഷണം നടത്താൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്ന് മുൻകൂട്ടി കണ്ടുകൊണ്ടാണ് ഈ കേസ്സ് ക്രൈം ബ്രാഞ്ചിന് കൈമാറണമെന്ന നിർദ്ദേശം ബേഡകം പോലീസ് ഉന്നതങ്ങൾക്ക് സമർപ്പിച്ചിട്ടുള്ളത്.

LatestDaily

Read Previous

കൊല്ലമ്പാറ അപകടം: ലോറി ഡ്രൈവർക്കെതിരെ കേസ്

Read Next

ശ്രീജിത്ത് മരണത്തിൽ കേളകം സ്വദേശി അറസ്റ്റിൽ