ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മരണം ദേഹത്ത് കാർ കയറിയത് മൂലം
സ്വന്തം ലേഖകൻ
ചെറുവത്തൂർ: ചീമേനി വലിയപൊയിൽ സ്വദേശി ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നാദാപുരം പോലീസ് അറസ്റ്റ് ചെയ്ത കേളകം സ്വദേശിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ശ്രീജിത്തിന്റെ മരണം കാർ ദേഹത്ത് കയറിയത് മൂലമാണെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു.
ഒരാഴ്ച മുമ്പാണ് ചീമേനി വലിയപൊയിലിലെ ശ്രീജിത്തിനെ കോഴിക്കോട് നരിക്കാട്ടേരി കാരയിൽ കനാലിന് സമീപം കാറിനുള്ളിൽ മരണാസന്നനായി കണ്ടെത്തിയത്. അത്യാസന്ന നിലയിലായിരുന്ന ശ്രീജിത്തിനെ നാട്ടുകാർ വടകരയിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. വടകര ഭാര്യാ ഗൃഹത്തിലേക്ക് പുറപ്പെട്ട ശ്രീജിത്തിനെ ഭാര്യാ ഗൃഹത്തിൽ നിന്നും 20 കിലോമീറ്ററകലെ ആളൊഴിഞ്ഞ പ്രദേശത്താണ് കാറിനുള്ളിൽ കണ്ടെത്തിയത്.
ശ്രീജിത്തിനൊപ്പം കാറിലുണ്ടായിരുന്ന ഇരിട്ടി കേളകത്തെ സഹദേവന്റെ മകൻ സമീഷിനെയാണ് 27, മരണവുമായി ബന്ധപ്പെട്ട് നാദാപുരം പോലീസ് ഇൻസ്പെക്ടറും സംഘവും കോഴിക്കോട് കല്ലാച്ചിയിൽ പിടികൂടിയത്. യുവാവിനെ പോലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് ശ്രീജിത്തിന്റെ മരണകാരണം വ്യക്തമായത്.
ശ്രീജിത്തിനെ തല്ലിക്കൊന്നതാണെന്ന് സംശയമുണ്ടായിരുന്നുവെങ്കിലും, പോലീസ് നിഷേധിച്ചു. മദ്യലഹരിയിൽ അബോധാവസ്ഥയിൽ റോഡിൽ കിടക്കുകയായിരുന്ന ശ്രീജിത്തിന്റെ ദേഹത്ത് സമീഷ് ഓടിച്ചിരുന്ന കാർ അബദ്ധത്തിൽ കയറുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
മോട്ടോർ മെക്കാനിക്കായ സമീഷും, വലിയപൊയിൽ സ്വദേശി ശ്രീജിത്തും ബാറിലാണ് പരസ്പരം പരിചയപ്പെട്ടത്. ബാറിൽ മദ്യപാനവും കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം സമീഷായിരുന്നു ശ്രീജിത്തിന്റെ കാറോടിച്ചിരുന്നത്. സമീഷ് ഓടിച്ച കാറിൽതന്നെയാണ് ശ്രീജിത്ത് രണ്ടാം തവണ ഭാര്യാഗൃഹത്തിലെത്തിയത്.
രാവിലെ ഭാര്യാഗൃഹത്തിലെത്തുമ്പോൾ ശ്രീജിത്താണ് കാറോടിച്ചിരുന്നത്. ശ്രീജിത്തിന്റെ ഭാര്യാഗൃഹത്തിൽ നിന്നും കാറിൽ പുറപ്പെട്ട സമീഷ് തന്റെ കാമുകിയുടെ അടുത്തേക്കാണ് കാറിൽ പുറപ്പെട്ടത്. വഴിയരികിൽ കാർ നിർത്തി മദ്യപിക്കാനിറങ്ങിയ ശ്രീജിത്തിന്റെ ദേഹത്ത് സമീഷ് ഓടിച്ച കാർ കയറുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്.
ശ്രീജിത്തിന്റെ ദേഹത്ത് അബദ്ധത്തിൽ കാർ കയറിയതായി സമീഷ് കാമുകിയെ അറിയിച്ചിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിൽ യുവതി ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. കാർ ദേഹത്ത് കയറി വാരിയെല്ലുകൾ തകർന്നതാണ് ശ്രീജിത്തിന്റെ മരണകാരണമായതെന്നാണ് പോലീസ് നൽകുന്ന സൂചന. ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സമീഷിനെതിരെ ഐപിസി 304 വകുപ്പ് പ്രകാരം നാദാപുരം പോലീസ് കേസെടുത്തു.