കിടപ്പുരോഗിക്ക് ലീഗ് നിർബ്ബന്ധ മെമ്പർഷിപ്പ്

സ്റ്റാഫ് ലേഖകൻ

നീലേശ്വരം : കിടപ്പുരോഗിയായ എസ്ഡിപിഐ പ്രവർത്തകന് ഇന്ത്യൻ യൂണിയൻ മുസ്്ലീം ലീഗിന്റെ മെമ്പർഷിപ്പ് വീട്ടിലെത്തി നിർബ്ബന്ധിച്ച് കൈകളിൽ പിടിപ്പിച്ചു. രോഗാതുരനായ തൈക്കടപ്പുറത്തെ വീട്ടിൽ വിശ്രമിക്കുകയായിരുന്ന എസ്ഡിപിഐ പ്രവർത്തകൻ എൻ.പി. അബ്ദുൾ ഖാദർ ഹാജിയുടെ വീട്ടിൽ  കിടപ്പുമറിയിൽ കയറിയാണ് ലീഗ് മെമ്പർഷിപ്പ് റസീത് കൈകളിൽപ്പിടിപ്പിച്ച് പടമെടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.

മുസ്്ലീം ലീഗ് 28-ാം വാർഡ് കൗൺസിലർ സാദിഖ്, ടി.കെ. നൂറുദ്ദീൻഹാജി, അഡ്വക്കറ്റ് നസീർ, മുൻ ലീഗ് കൗൺസിലർ റഷീദ കൊട്രച്ചാൽ, സെമീറ എന്നിവരടങ്ങിയ അഞ്ചംഗ  ലീഗ് പ്രവർത്തകർ അബ്ദുൾ ഖാദർ ഹാജിയുടെ വീട്ടിൽ കയറി ഭാര്യപോലുമറിയാതെയാണ് കിടപ്പുമുറിയിൽ വിശ്രമിക്കുകയായിരുന്ന എസ്ഡിപിഐ പ്രവർത്തകൻ എൻ.പി. അബ്ദുൾ ഖാദർ ഹാജിയെ താങ്ങിയെഴുന്നേൽപ്പിച്ച് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് മുസ്്ലീം ലീഗ് മെമ്പർഷിപ്പ് കൈയ്യിൽ പിടിപ്പിച്ച് പടമെടുത്ത് രക്ഷപ്പെട്ടത്.

മെമ്പർഷിപ്പുമായി ലീഗ് പ്രാദേശിക നേതാവ് ടി.കെ. നൂറുദ്ദീൻ ഹാജിയും മറ്റും എസ്ഡിപിഐ പ്രവർത്തകന്റെ വീട്ടിൽക്കയറിയ വിവരമറിഞ്ഞ്  എസ്ഡിപിഐ പ്രവർത്തകർ, തൈക്കടപ്പുറത്തുള്ള അബ്ദുൾ ഖാദർ ഹാജിയുടെ വീട്ടിലെത്തുമ്പോഴേയ്ക്കും ലീഗ് സംഘം അബ്ദുൾ ഖാദർ ഹാജിക്ക് മെമ്പർഷിപ്പ് നൽകി വീട്ടിൽ നിന്ന് സ്ഥലം വിട്ടിരുന്നു.

തത്സമയം അബ്ദുൾ ഖാദർ ഹാജിയുടെ ഭാര്യ അടുക്കളയിലുണ്ടായിരുന്നുവെങ്കിലും, മെമ്പർഷിപ്പുമായി വീട്ടിലെത്തിയവർ വീട്ടിൽകയറും മുമ്പ് കോളിംഗ് ബെല്ലടിക്കുകയോ, ഭാര്യയെ ഒന്ന്  കാണുക പോലും ചെയ്യാതെയാണ് വീട്ടിനകത്ത് ഗൃഹനാഥൻ വേദനയ്ക്കുള്ള ഗുളിക കഴിച്ച് കിടക്കുകയായിരുന്ന മുറിയിൽക്കയറി രോഗിയുടെ കൈകളിൽ ലീഗ് മെമ്പർഷിപ്പ് പിടിപ്പിച്ച് പടമെടുത്ത് സ്ഥലം വിട്ടത്.

സംഭവം തൈക്കടപ്പുറത്തെ എസ്ഡിപിഐ പ്രവർത്തകരിൽ പുകഞ്ഞു തുടങ്ങിയിട്ടുണ്ട്. സംഭവം എന്താണെന്നറിയാതെ  ലീഗ് മെമ്പർഷിപ്പ് ശിരസ്സാ വഹിക്കേണ്ടി വന്ന എസ്ഡിപിഐ തൃക്കരിപ്പൂർ മണ്ഡലം ട്രഷറർ കൂടിയായ എൻ.പി. അബ്ദുൾ ഖാദർ ഹാജിയുടെ ഭാര്യ ഇതുസംബന്ധിച്ച് അനുവാദമില്ലാതെ വീട്ടിൽ കയറിയവർക്കെതിരെ പോലീസിൽ പരാതി നൽകാനുള്ള നീക്കത്തിലാണ്.

LatestDaily

Read Previous

മാപ്പെഴുതിക്കൊടുത്തിട്ടില്ലെന്ന് ഡിസിസി സിക്രട്ടറി

Read Next

യുനെസ്കോയുടെ പൈതൃകപട്ടികയിൽ ഇടം നേടി ഒമാനി ഖഞ്ചർ