17 ലക്ഷത്തിന്റെ ബാധ്യത : പച്ചക്കറിക്കട  മൂന്നംഗ സംഘം ബലമായി പൂട്ടിച്ചു

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട് : ബസ് സ്റ്റാൻഡിൽ നീണ്ട മുപ്പത്തിയഞ്ചുവർഷം പരേതനായ ഏ.കെ. ദാമോദരൻ നടത്തിയിരുന്ന പച്ചക്കറിക്കട ഉടമയുടെ മരണം മൂലം പൂട്ടിയിരുന്നുവെങ്കിലും ഇൗ കട ദാമോദരന്റെ മകൻ വീണ്ടും തുറന്നപ്പോൾ, മൂന്നംഗ സംഘം ഇടപെട്ട് ബലമായി പൂട്ടിച്ചു. ഏ.കെ. ദാമോധരൻ സുഖമില്ലാതെ ആശുപത്രിയിലായിരുന്നപ്പോൾ പച്ചക്കറി കടയിൽ മാനേജരായിരുന്ന പിലിക്കോട് രാജീവനാണ് ദീർഘ കാലം കട നടത്തിയിരുന്നത്.

രാജീവൻ കട നടത്തിയ കാലത്ത് ബ്ലേഡിൽ കുടുങ്ങി 17 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്ന് പറയുന്നു . ഇൗ പണത്തിന് വേണ്ടി ബ്ലേഡുകാരായ മൂന്നംഗ സംഘം കഴിഞ്ഞ ദിവസം കടയിലെത്തി ദാമോദരന്റെ മകൻ സുമേഷിനെ ഭീഷണിപ്പെടുത്തി പച്ചക്കറിക്കട അടപ്പിക്കുകയായിരുന്നു.

ബസ് സ്റ്റാന്റിനകത്ത് ബസ്സുകൾ കയറുന്ന റോഡിന് തൊട്ട് തെക്കുഭാഗത്ത് കണ്ണായ സ്ഥലത്താണ് ഏ.കെ. ദാമോദരൻ 35 വർഷക്കാലം പച്ചക്കറി വ്യാപാരം നടത്തിയത്. പച്ചക്കറിക്കടയിൽ ജോലിക്ക് നിന്ന പിലിക്കോട് രാജീവൻ പിന്നീട് കടയുടെ മാനേജർ എന്ന നിലയിൽ 3 വർഷക്കാലം കട നടത്തിയപ്പോഴാണ് ബ്ലേഡിൽ കുടുങ്ങിയത്. കടയിൽ പച്ചക്കറി മൊത്തമായി നൽകിയ ഇനത്തിൽ കോട്ടച്ചേരിയിലെ പച്ചക്കറി മൊത്ത വ്യാപാരി സഞ്ജുവിന് പിലിക്കോട് രാജീവൻ പത്തുലക്ഷം രൂപയോളം വേറെയും നൽകാനുണ്ട്.

കിട്ടാനുള്ള പണത്തിന് വേണ്ടി സഞ്ജുവും കഴിഞ്ഞ ദിവസം ഇൗ കടയിലെത്തി മകൻ സുമേഷിനോട് പണമാവശ്യപ്പെട്ടിരുന്നു. പണം ആവശ്യപ്പെട്ട് പച്ചക്കറി കടയിലെത്തിയവരുടെ സമ്മർദ്ദവും ഭീഷണിയും ശക്തമായപ്പോഴാണ് തുറന്ന പച്ചക്കറിക്കട വീണ്ടും പൂട്ടിയിടേണ്ടി വന്നത്. ഇതു സംബന്ധിച്ച് ഒരു പരാതി പോലീസിലുമെത്തിയിട്ടുണ്ട്.

LatestDaily

Read Previous

വിജിലൻസ് വാഹനം ദുരുപയോഗം ചെയ്യുന്നു

Read Next

ശ്രീജിത്തിനെ തല്ലിക്കൊന്നതാണെന്ന് ഉറപ്പായി