മഹാലാഭമേള കൗൺസിലിൽ  ഉൾപ്പെടുത്തുന്നത് അഴിമതി

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട് : ആറുമാസക്കാലമായി നോർത്ത് കോട്ടച്ചേരിയിൽ കച്ചവടം പൊടിപൊടിക്കുന്ന മഹാലാഭമേള അനധികൃത വ്യാപാരം നിലനിർത്തുന്നതിന് പിന്നിൽ അഴിമതി. ഇൗ അനധികൃത വ്യാപാരം പൊളിച്ചുനീക്കാൻ നോട്ടീസു കൊടുത്ത നഗരസഭ സിക്രട്ടറി തന്നെ ഇപ്പോൾ വ്യാപാരത്തോട് മൃദു സമീപനം സ്വീകരിച്ച് ലൈസൻസ് നൽകാനുള്ള നീക്കത്തിലാണ്.

നഗരസഭ അധ്യക്ഷയുടെ നിർദ്ദേശ പ്രകാരം മഹാലാഭമേളയ്ക്ക് അനുമതി പത്രം നൽകാനുള്ള വിഷയം കൗൺസിൽ അനുമതിക്ക് ഉൾപ്പെടുത്തിയെന്ന് കഴിഞ്ഞ ദിവസം നഗരസഭ സിക്രട്ടറി േലറ്റസ്റ്റിനോട് പറഞ്ഞിരുന്നുവെങ്കിലും, മഹാലാഭമേള ലൈസൻസ് വിഷയം കൗൺസിലിൽ വെക്കാൻ അധ്യക്ഷ നിർദ്ദേശം നൽകിയിട്ടില്ലെന്ന് അധ്യക്ഷയുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.

ഇതിൽ നിന്ന് വ്യക്തമാകുന്നത് മഹാലാഭ മേള അനധികൃത വ്യാപാരം നിലനിർത്താനുള്ള സിക്രട്ടറിയുടെ വഴിവിട്ട താൽപ്പര്യം തന്നെയാണ്. സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് സർക്കാർ നിർദ്ദേശമുണ്ടെന്ന് പറഞ്ഞാണ് മഹാലാഭ മേളയോട് നഗരസഭ സിക്രട്ടറി മൃദുസമീപനം സ്വീകരിച്ചിരിക്കുന്നത്. ആറുമാസക്കാലമായി നഗര ഹൃദയത്തിൽ ഷെഡ് പണിത് അനധികൃത  വ്യാപാരം നടത്തുന്ന കള്ളക്കച്ചവടത്തിന് നഗരസഭ സിക്രട്ടറി കൂട്ടുനിൽക്കുകയാണ്.

നഗരത്തിൽ സ്വകാര്യ സ്ഥലത്ത് ഷെഡ്ഡ് കെട്ടി നഗരസഭയെ 6 മാസക്കാലമായി കബളിപ്പിച്ചുവരുന്ന കള്ളക്കച്ചവടം ഒരിക്കലും ഒരു സംരംഭമല്ലെന്ന് കണ്ണുപൊട്ടന്മാർക്കുപോലും അറിയാമെന്നിരിക്കെയാണ്, അനധികൃത മഹാലാഭ മേളയ്ക്ക് ലൈസൻസ് നൽകാൻ വിഷയം കൗൺസിലിൽ വെക്കാനുള്ള ഗൃഢനീക്കം നഗരസഭാ സിക്രട്ടറി നടത്തി വരുന്നത്.

അതല്ലെങ്കിലും, അനധികൃതമെന്ന് ബോധ്യപ്പെട്ടതിനാൽ പൊളിച്ചുമാറ്റാൻ ഉത്തരവിട്ട കള്ളക്കച്ചവടം  തുടർന്നുകൊണ്ടു പോകാൻ സിക്രട്ടറി സംരംഭകത്വ വിഷയം ചാർത്തിക്കൊടുത്ത് വീണ്ടും കൗൺസിലിന്റെ അനുമതിക്ക് നൽകിയതിന് പിന്നിൽ അഴിമതി പകൽപോലെ വ്യക്തമാണ്. മഹാലാഭമേള ഉടമ ഇൗ അനധികൃത വ്യാപാരം നിലനിർത്താൻ സിപിഎം ഏരിയാ നേതൃത്വത്തെ പോലും സ്വാധീനിച്ചിട്ടുണ്ട്.

LatestDaily

Read Previous

നിയമസഭാ സമ്മേളനം ഡിസംബർ 5ന് തുടങ്ങും; സമ്മേളനം പൂര്‍ണമായും നിയമനിര്‍മ്മാണത്തിനായി

Read Next

ശ്രീജിത്തിനെ കണ്ടെത്തിയ സ്ഥലം ഫോറൻസിക് സംഘം പരിശോധിച്ചു