യുവാവിനെതട്ടിക്കൊണ്ടു പോയവർക്കെതിരെ കേസ്

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : കടം വാങ്ങിയ തുക തിരികെ നൽകാത്തതിന് യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും വഴിയിലുപേക്ഷിച്ച് ഇരുചക്രവാഹനം കൊണ്ടുപോകുകയും ചെയ്ത എട്ടംഗ സംഘത്തിനെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു.

പുഞ്ചാവി ചിമ്മാനത്ത് ഹൗസിൽ കുഞ്ഞിപ്പയുടെ മകൻ അബൂബക്കർ സിദ്ധിഖിനെയാണ് 45, നവമ്പർ 26-ന് രാത്രി 8-30 മണിക്ക് പുതിയകോട്ട ടി.ബി. റോഡിന് സമീപത്തെ പള്ളിക്ക് മുന്നിൽ നിന്നും എട്ടംഗസംഘം കാറിൽ തട്ടിക്കൊണ്ടുപോയത്. കാറിനുള്ളിൽ കയറ്റിയ അബൂബക്കർ സിദ്ദിഖിനെ സംഘം ക്രൂരമായി മർദ്ദിച്ച േശഷം കൊവ്വൽ സ്റ്റോറിലെത്തിച്ച് വഴിയിലുപേക്ഷിക്കുകയായിരുന്നു.

ഇതിനിടയിൽ യുവാവിന്റെ ബാഗിനകത്തുണ്ടായിരുന്ന പതിനേഴായിരം രൂപയും സംഘം തട്ടിയെടുത്തു. കുശാൽ നഗറിലെ അഷ്റഫ്, ആവിക്കരയിലെ അൻവർ, പാണത്തൂരിലെ ഹാഷിം, കണ്ടാലറിയാവുന്ന 5 പേർ എന്നിവരടങ്ങിയ സംഘമാണ് അബൂബക്കർ സിദ്ദിഖിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്.

അബൂബക്കർ സിദ്ദിഖ് കുശാൽനഗറിലെ അഷ്റഫിൽ നിന്ന് കടം വാങ്ങിയ ഒരുലക്ഷം രൂപ തിരികെ കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചത്. അബൂബക്കർ സിദ്ദിഖിന്റെ സുഹൃത്തിന്റെ ഉടമസ്ഥതിലുള്ളതും ഇദ്ദേഹത്തിന് ഉപയോഗിക്കാൻ കൊടുത്തതുമായ കെ.എൽ. 60. ടി. 2313 നമ്പർ സ്കൂട്ടറും  എട്ടംഗസംഘം ബലാത്ക്കാരമായി തട്ടിയെടുത്തു.

LatestDaily

Read Previous

യുവാവിനെ മയക്കുമരുന്ന് കേസിൽ കുടുക്കിയെന്ന്

Read Next

ദുരൂഹ സാഹചര്യത്തിൽ മരിച്ച യുവാവിന്റെ ജഢം നാട്ടിലെത്തിക്കും