ദുരൂഹ സാഹചര്യത്തിൽ മരിച്ച യുവാവിന്റെ ജഢം നാട്ടിലെത്തിക്കും

സ്വന്തം ലേഖകൻ

ചീമേനി : കോഴിക്കോട് നരിക്കാട്ടേരിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ചീമേനി വലിയപൊയിലിലെ പെയിന്റിംഗ് തൊഴിലാളിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് നാട്ടിലെത്തിക്കും.

വലിയപൊയിൽ പലേരി വീട്ടിൽ കരുണാകരൻ- തമ്പായി ദമ്പതികളുടെ മകൻ ശ്രീജിത്തിനെയാണ് 39, കഴിഞ്ഞ ദിവസം കോഴിക്കോട് നരിക്കാട്ടേരി കാരയിൽ കനാലിന് സമീപം ദേഹമാസകലം മുറിവേറ്റ നിലയിൽ കാറിനുള്ളിൽ കണ്ടെത്തിയത്.

സംഭവം നേരിൽക്കണ്ട നാട്ടുകാർ ശ്രീജിത്തിനെ വടകരയിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടകര അഴിയൂർ കല്ലാമലയിലെ ഭാര്യാഗൃഹത്തിലേക്ക് പുറപ്പെട്ട  ശ്രീജിത്തിനെ 20 കിലോമീറ്റർ അകലെയുള്ള നരിക്കാട്ടേരിയിലാണ് കാറിനുള്ളിൽ ദേഹമാസകലം മുറിവേറ്റ നിലയിൽ കണ്ടെത്തിയത്.

യുവാവിന്റെ കാർ സംഭവ സ്ഥലത്തിന് തൊട്ടടുത്തുള്ള മൈൽക്കുറ്റിയിൽ ഉരസി നിൽക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ശ്രീജിത്തിന്റെ കാറിനുള്ളിൽ വേറൊരാൾ കൂടിയുണ്ടായിരുന്നുവെന്ന്  സൂചനയുണ്ടെങ്കിലും ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭ്യമായിട്ടില്ല. യുവാവിന്റെ ശരീരം പകുതി കാറിനകത്തും പകുതി റോഡിലുമായാണ് സ്ഥിതിചെയ്തിരുന്നതെന്ന് നാട്ടുകാർ സാഷ്യപ്പെടുത്തുന്നു. ഇദ്ദേഹത്തിന്റെ കൈ ഒടിഞ്ഞ നിലയിലായിരുന്നു. ശ്രീജിത്തിന്റെ ശരീരത്തിലെ പരിക്കുകൾ കാറപകടം മൂലം ഉണ്ടായതല്ലെന്ന് പോലീസ് സ്ഥിരികരിച്ചിട്ടുണ്ട്.

ശബരിമല തീർത്ഥാടനത്തിന് ശേഷം തിരിച്ചെത്തിയ ശ്രീജിത്ത് ഭാര്യയെ നാട്ടിലേക്ക് കൊണ്ടുവരാനാണ് വടകരയ്ക്ക് പുറപ്പെട്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടർന്ന് ഫോറൻസിക് വിദഗ്ദർ സംഭവ സ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു.ശ്രീജിത്ത് സംഭവ സ്ഥലത്തിന് സമീപം കാറിൽ കറങ്ങി നടക്കുന്നത് നാട്ടുകാർ കണ്ടിരുന്നു.  യുവാവിനൊപ്പം കാറിലുണ്ടായ അജ്ഞാതന് വേണ്ടി പോലീസ് അന്വേഷണമാരംഭിച്ചു.

LatestDaily

Read Previous

യുവാവിനെതട്ടിക്കൊണ്ടു പോയവർക്കെതിരെ കേസ്

Read Next

ലാപ്ടോപ്പ് കൊണ്ട് യുവതിയുടെ തലയ്ക്കടിച്ചു