പെൺകുട്ടികളെ കയറിപ്പിടിക്കൽ റിയാസിന് ഹോബി, അരമണിക്കൂർ ഇടവിട്ട് കയറിപ്പിടിച്ചത് രണ്ട് പെൺകുട്ടികളെ

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട് : ഒറ്റയ്ക്ക് റോഡിലൂടെ നടന്നുപോകുന്ന പെൺകുട്ടികളെ ബൈക്കിലെത്തി കയറിപ്പിടിക്കുന്ന യുവാവ് പ്രാപ്പൊയിൽ റിയാസ് 30, താമസം അജാനൂർ ഇഖ്ബാൽ റോഡിൽ. പെൺകുട്ടികളെ കടന്നുപിടിക്കൽ റിയാസിന് ഒരുതരം ഹോബിയാണ്. റിയാസിനെ സിസിടിവി ദൃശ്യങ്ങളിൽ തിരിച്ചറിഞ്ഞാണ് കഴിഞ്ഞ ദിവസം ചിറ്റാരിക്കാൽ പോലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ അറസ്റ്റ് ചെയ്തത്.

പതിമൂന്നും, പതിനഞ്ചും പ്രായമുള്ള സ്കൂൾ വിദ്യാർത്ഥിനകളെ കമ്പല്ലൂർ റോഡിലാണ് റിയാസ് അരമണിക്കൂർ ഇടവിട്ട സമയങ്ങളിൽ ആൾ സഞ്ചാരം കുറഞ്ഞ റോഡിൽ കഴിഞ്ഞ ദിവസം കയറിപ്പിടിച്ചത്. ആദ്യത്തെ പെൺകുട്ടിയെ കമ്പല്ലൂർ തപസ്യ ക്ലബ്ബിന് മുന്നിൽ ബൈക്ക് നിർത്തി റോഡിൽ കാത്തുനിന്നാണ് റിയാസ് കയറിപ്പിടിച്ചത്. വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലേക്ക് നടന്നുപോവുകയായിരുന്നു ഇൗ പെൺകുട്ടി.

അരമണിക്കൂറിനകം കാട്ടിപ്പൊയിൽ റോഡിലാണ് പതിനാലുകാരി പെൺകുട്ടിയെ റിയാസ് കടന്നുപിടിച്ചത്. ഇൗ പെൺകുട്ടി ഭയന്നു വിറച്ച് പുസ്തകക്കെട്ട് നിലത്തിട്ട് റിയാസിന്റെ പിടിയിൽ നിന്ന് കുതറി ഓടി രക്ഷപ്പെടുകയായിരുന്നു. പെരിങ്ങോം പോലീസ് അതിർത്തിയിൽ മറ്റൊരു യുവതിയെ കയറിപ്പിടിച്ചതിന് റിയാസിന്റെ പേരിൽ നേരത്തെ ഒരു കേസ്സ് നിലവിലുണ്ട്.

രണ്ട് പെൺകുട്ടികളെ  കമ്പല്ലൂർ റോഡിൽ കടന്നുപിടിച്ചതിന് രണ്ട് കേസ്സുകളാണ് ചിറ്റാരിക്കാൽ പോലീസ് റിയാസിന്റെ  പേരിൽ റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇരു കേസ്സുകളിലും പോക്സോ വകുപ്പ് ചുമത്തി കാസർകോട് അഡീഷണൽ സെഷൻസ് കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. പ്രതി റിമാന്റിലാണ്.

അജാനൂർ ഇഖ്്ബാൽ റോഡിൽ ഇട്ടമ്മലിലുള്ള ഹാജ്്റ ക്വാർട്ടേഴ്സിലാണ് റിയാസ് താമസിച്ചുവരുന്നത്. ഭാര്യയും രണ്ടു വയസ്സ് പ്രായമുള്ള കുട്ടിയുമുണ്ട്. ഭാര്യ ഷമീറ കൊളവയൽ സ്വദേശിനിയാണ്. റിയാസിന്റെ സ്വന്തം വീട് കമ്പല്ലൂരിലാണ്. ഭാര്യയുമായി അത്ര നല്ല ബന്ധത്തിലല്ലാത്തതിനാൽ, ആഴ്ചയിലൊരിക്കൽ ക്വാർട്ടേഴ്സിലെത്തി താമസിച്ച ശേഷം പിറ്റേന്ന് തന്നെ സ്ഥലം വിടും. കാര്യമായ ജോലിയൊന്നുമില്ല.

റിയാസ് പെൺകുട്ടികളെ കയറിപ്പിടിക്കാൻ ഉപയോഗിച്ച കെ.എൽ. 59 എച്ച്. 4819 പൾസർ  മോട്ടോർ സൈക്കിൾ അജാനൂർ ഇട്ടമ്മലിലുള്ള ഹാജ്റ ക്വാർട്ടേഴ്സിൽ ഒളിപ്പിച്ചുവെച്ച നിലയിലാണ്. ബൈക്കിന്റെ  താക്കോൽ ചിറ്റാരിക്കാൽ പോലീസിന്റെ കൈയ്യിലാണ്. റിയാസിനെ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കോടതിക്ക് അപേക്ഷ നൽകിയിട്ടുണ്ട്.

LatestDaily

Read Previous

ഇടപെട്ട് ഹൈക്കോടതി; റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ ഡിസംബർ 23നകം നൽകണം

Read Next

വാഹന മോഷ്ടാവ് പെരിയാട്ടടുക്കം റിയാസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു